റെൻ
ചില പച്ചയായ സത്യങ്ങൾ പറഞ്ഞുകൊണ്ടു തുടങ്ങാം…കഞ്ഞിപശ മുക്കി ചുളിയാത്ത ഷർട്ടും മുണ്ടും പോക്കറ്റിൽ ഒരു പഴ്സുമാണ് ഇഷ്ടന്റെ ട്രേഡ് മാർക്ക്. പഴ്സിന് അല്പം നീളം കൂടുതൽ ആണ്.
പഴ്സിന് മാത്രമല്ല നാക്കിനും…മാധ്യമങ്ങൾക്ക് പറയാൻ പറ്റാത്ത കാര്യങ്ങൾ പറഞ്ഞ് പറഞ്ഞ് ഇഷ്ടൻ അങ്ങ് ഹിറ്റായി മാറുകയായിരുന്നു…മാധ്യമങ്ങൾക്ക് പറയാൻ പറ്റാത്തത് എന്നു പറയുന്പോൾ തെറ്റിധരിക്കണ്ട.
തെളിവുകൾ, യാഥാർഥ്യങ്ങൾ, സഭ്യമായ കാര്യങ്ങൾ, നിയമവശങ്ങൾ..ഇതൊക്കെ അറിഞ്ഞുകൊണ്ടു വേണം വാർത്തകൾ മാധ്യമങ്ങൾക്ക് റിപ്പോർട്ട് ചെയ്യാൻ..
അല്ലാതെ, എല്ലാം അങ്ങ് പച്ചയ്ക്ക് പറയാൻ പറ്റില്ല. മാധ്യമങ്ങൾക്ക് പറ്റിയില്ലെങ്കിലും ഇഷ്ടനു പറ്റും…ഇങ്ങനെയുള്ള പറ്റലുകൾ വേണമെങ്കിൽ ഒരു പുസ്തകമാക്കാൻ പറ്റും.
ഒന്നു കുനിഞ്ഞു പോണം
ഇനിയാണ് കാര്യങ്ങൾ..അങ്ങ് മധ്യകേരളത്തിൽ ഒരു പാലം പണിതതാണ് ഇഷ്ടൻ ബല്യ സംഭവം ആക്കി മാറ്റിയത്. പാലം പണി ഒക്കെ അങ്ങ് പൂർത്തിയായപ്പോൾ..ഒരു ടേപ്പ് ഒക്കെ പിടിച്ച് ഇഷ്ടൻ വന്ന് അളവെടുത്ത് വീഡിയോ ചെയ്യുവാൻ തുടങ്ങി. കുറച്ചു കൂടി ഉയരത്തിൽ പാലം പണിയണമായിരുന്നെന്നും.
കണ്ടെയ്നർ ലോറികൾ ഇവിടെ വരുന്പോൾ കുനിയണമെന്നുമായിരുന്നു ഇഷ്ടന്റെ കണ്ടെത്തൽ. അളവുകൾ ഒക്കെ വച്ച് ബല്ലാത്ത പറച്ചിലാണ് തന്റെ ചാനലിലൂടെ ഇഷ്ടൻ നടത്തിയത്. ഇതിനിടയിൽ പാലം പണിതവരെ ചീത്ത… പണിയാൻ ഏല്പിച്ച സർക്കാരിനെ ചീത്ത.
എന്തായാലും ഇതൊക്കെ കേട്ടും കണ്ടും ഷെയർ ചെയ്തും ഇഷ്ടന്റെ ചാനലിന് റീച്ചും കൂടി.. കീശയിൽ കാശും കിട്ടി. ഈ പാലം തുറന്നു കൊടുക്കുന്പോൾ ചാനലിന്റെ പ്രേക്ഷകർ ആകാംക്ഷയിലായിരുന്നു…
കണ്ടെയ്നർ ലോറി കുനിയന്നതു കാണുവാൻ….എന്തായാലും കണ്ടെയ്നർ ലോറികൾ ഒന്നെല്ല, ആയിരകണക്കിന് ഈ പാലത്തിലൂടെ പോയതല്ലാതെ ഒന്നിനും കുനിയേണ്ടി വന്നിട്ടില്ല എന്നതാണ് യാഥാർഥ്യം…
ട്രോളി കൊല്ലല്ലേ
പിന്നെ, നടന്നത് ഇഷ്ടനെ ട്രോളി കൊല്ലലായിരുന്നു. ഇഷ്ടനെ പച്ചയ്ക്ക് രണ്ടു തെറി വിളിക്കണമെന്നായിരുന്നു സമൂഹ മാധ്യമങ്ങളിലൂടെ ചിലരുടെ ആഹ്വാനം. തെറ്റിദ്ധരിപ്പിച്ച ഈ ചാനലിനെതിരേ മന്ത്രിയും രംഗത്തു വന്നിരുന്നു.
ഇങ്ങനെ ഒരു പാലം പണിയാന് ലോകത്ത് ഒരു വര്ഷം മതിയെന്നും പാലം പണി തീരുന്നതിന് മുന്പ് തന്നെ ടോള് പിരിച്ചെന്ന തെറ്റായ ആരോപണവുമായി ഇഷ്ടൻ രംഗത്തു വന്നതും വിവാദമായിരുന്നു.
എന്തായാലും സംഭവത്തിനു ശേഷം ഇഷ്ടൻ കുറച്ചു നാൾ ചാനൽ ഒക്കെ പൂട്ടി നാട്ടിലിരുന്നു.
കാമറ ഇല്ലാതെ കാര്യമില്ല
ഇതിനിടയിൽ വീണ്ടും അടുത്ത പാലവുമായി ഇഷ്ടൻ എത്തി. ഇത് പൊളിച്ച പാലത്തെക്കുറിച്ചാണ്. തകരാൻ പോകുന്ന പാലം പൊളിച്ചത് തെറ്റായി എന്നാണ് പറയുന്നത്. ഭയങ്കരമായി ദേഷ്യപ്പെട്ട്, ആക്രോശിച്ച്, അസഭ്യം പറഞ്ഞ് അവസാനം സ്വന്തം അടിവസ്ത്രവും വീഡിയോയിൽ ഉയർത്തിക്കാട്ടുന്നുണ്ട്.
എന്തായാലും ഈ അസഭ്യവർഷത്തിൽ ഇഷ്ടന്റെ ചാനലിന്റെ റീച്ച് നന്നായി കൂടിയിട്ടുണ്ട്. ഇതിനിടയിൽ, കുറച്ച് ന്യൂ ജെൻ പിള്ളേരെ കൂട്ടി ഇഷ്ടൻ വിപ്ലവത്തിന് ഇറങ്ങി തിരിച്ചിട്ടുണ്ട്.
കാമറയുമായി എത്തി വെല്ലുവിളി നടത്തും… പിന്നെ, ചീത്തവിളി, അത്യാവശം വേണമെങ്കിൽ ഗുണ്ടായിസം.. ഇതിനൊക്കെ കാമറ സാക്ഷി വേണം…ഇല്ലെങ്കിൽ വിവരം അറിയും.
(അവസാനിച്ചു)