തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർ യുട്യൂബ് ചാനൽ തുടങ്ങാനോ യുട്യൂബിലേക്ക് വീഡിയോകൾ അപ്ലോഡ് ചെയ്യാനോ പാടില്ലെന്നു നിർദേശം.
യുട്യൂബ് ചാനൽ തുടങ്ങുന്നതും വീഡിയോകൾ അപ് ലോഡ് ചെയ്യുന്നതും സബ്സ്ക്രൈബേഴ്സിന്റെ അടിസ്ഥാനത്തിൽ സാന്പത്തിക നേട്ടമുണ്ടാക്കുന്ന പ്രവൃത്തികളായതിനാൽ ഇതു ചട്ട വിരുദ്ധമാണ്.
കേരള സർക്കാർ ജീവനക്കാരുടെ 1960ലെ പെരുമാറ്റച്ചട്ടത്തിന്റെ അടിസ്ഥാനത്തിൽ ശന്പളത്തിനു പുറമേ മറ്റു വരുമാനങ്ങൾ സ്വീകരിക്കാൻ പാടില്ല.
ഇന്റർനെറ്റിലോ സോഷ്യൽ മീഡിയയിലോ വീഡിയോയോ ലേഖനമോ പോസ്റ്റ് ചെയ്യുന്നതു വ്യക്തിഗത പ്രവർത്തനമായും ക്രിയാത്മക സ്വാതന്ത്ര്യമായും കണക്കാക്കാമെങ്കിലും യു ട്യൂബ് ചാനൽ തുടങ്ങുന്നതും ഇതിൽ വീഡിയോകൾ അപ് ലോഡ് ചെയ്യുന്നതും വരുമാനം ലഭിക്കുന്ന പ്രവൃത്തിയാണ്.
ഇതിനാൽ ചാനൽ തുടങ്ങാൻ അനുമതി നൽകാൻ കഴിയില്ലെന്നും ആഭ്യന്തര വകുപ്പിന്റെ ഉത്തരവിൽ പറയുന്നു.
യുട്യൂബ് ചാനൽ തുടങ്ങാൻ അനുമതി തേടി ഫയർഫോഴ്സ് ജീവനക്കാരൻ നൽകിയ അപേക്ഷ തള്ളിയാണ് സർക്കാർ പൊതു ഉത്തരവിറക്കിയത്.