സ്വന്തം ലേഖിക
കൊച്ചി: കുട്ടികളുടെ വാശി മാറ്റാനും മറ്റ് ആവശ്യങ്ങള്‍ സാധിച്ചെടുക്കാനും വേണ്ടിയും യുട്യൂബ് വീഡിയോ പ്ലേ ചെയ്തു കൊടുക്കുന്ന രക്ഷിതാക്കള്‍ കരുതിയിരിക്കണമെന്ന മുന്നറിയിപ്പുമായി കേരള പോലീസ്. കുട്ടികളുടെ യുട്യൂബ് കാഴ്ച അത്ര സേഫ് അല്ലെന്ന മുന്നറിയിപ്പാണ് പോലീസ് നല്‍കുന്നത്.
യുട്യൂബില്‍ കുട്ടികള്‍ എന്തുകാണുന്നുവെന്നതിനെക്കുറിച്ച് പല രക്ഷിതാക്കള്‍ക്കും അറിയില്ല. മൊബൈല്‍ കിട്ടിയില്ലെങ്കില്‍ അക്രമാസക്തരാകുന്ന കുട്ടികളുമുണ്ട്. നിയമവിരുദ്ധമായ ഉള്ളടക്കങ്ങളെ നിയന്ത്രിക്കാന്‍ യൂട്യൂബ് അവരുടേതായ പോളിസികള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതുകൊണ്ട് രക്ഷിതാക്കള്‍ കരുതുന്നത് ഈ ഇടം കുട്ടികള്‍ക്ക് സ്വതന്ത്രമായി ഉപയോഗിക്കാനുള്ളതാണെന്നാണ്.
യുട്യൂബില്‍ ഒരു വീഡിയോ അപ്ലോഡ് ചെയ്യുമ്പോള്‍ കുട്ടികളുടെ സുരക്ഷ, ലൈംഗിക ഉള്ളടക്കം, നഗ്നത തുടങ്ങിയവയൊക്കെ ഒരു അല്‍ഗോരിതം മുഖേന പരിശോധിച്ച ശേഷം മാത്രമായിരിക്കും വീഡിയോ അപ്ലോഡ് ആവുക. എന്നാല്‍ അവയെ കബളിപ്പിക്കുന്ന തരത്തില്‍ വീഡിയോകള്‍ അപ്ലോഡ് ചെയ്യപ്പെടാനുള്ള സാധ്യതകളും ഏറെയാണ്.
വീഡിയോയിലെ കണ്ടന്റ് യുട്യൂബ് നിയമങ്ങള്‍ ലംഘിച്ചിട്ടുണ്ടെന്ന് ആരെങ്കിലും റിപ്പോര്‍ട്ട് ചെയ്താല്‍ മാത്രം എവിടെയാണ് തെറ്റു പറ്റിയതെന്ന് കണ്ടെത്തി അല്‍ഗോരിതത്തില്‍ മാറ്റം വരുത്തുകയാണ് യൂട്യൂബ് ചെയ്യാറുള്ളതെന്നാണ് സാങ്കേതിക വിദഗ്ധര്‍ പറയുന്നത്.
എന്നാല്‍ നിയമാവലികളൊക്കെ മറികടന്ന് പോണോഗ്രഫിക് ഇമേജുകള്‍, ലൈംഗികത, ലൈംഗിക ഉപകരണങ്ങള്‍, നഗ്നത, അസ്വസ്ഥപ്പെടുത്തുന്ന ഉള്ളടക്കങ്ങള്‍, മോശം ഭാഷ, രക്തം അല്ലെങ്കില്‍ അത്തരത്തില്‍ അസ്വസ്ഥതപ്പെടുത്തുന്ന ചിത്രങ്ങള്‍, പ്രേക്ഷകരെ തെറ്റിധരിപ്പിക്കും വിധത്തിലുള്ള ഇമേജുകള്‍, ആക്ഷേപ വാക്കുകള്‍, അപകീര്‍ത്തിപ്പെടുത്തല്‍ തുടങ്ങിയ പല വീഡിയോകളും ഇപ്പോഴും യുട്യൂബില്‍ ലഭ്യമാണ്.