മനസ്സുണ്ടെങ്കില്‍ മാര്‍ഗ്ഗവുമുണ്ടെന്നാണല്ലോ പറയപ്പെടുന്നത്. ഇങ്ങനെ നോക്കുമ്പോള്‍ പ്രായം എന്നത് ഒന്നിനും ഒരു തടസമേയല്ല. ഇത്തരത്തില്‍ മനസ്സുണ്ടെങ്കില്‍ പ്രായം ഒന്നിനും ഒരു തടസ്സമാവുകയില്ല എന്നു തെളിയിക്കുകയാണ് ആന്ധ്രാപ്രദേശ് സ്വദേശിനിയായ മസ്തനാമ്മ എന്ന അമ്മൂമ്മ. 106 വയസുള്ള ഈ മുത്തശ്ശിയുടെ പ്രധാന ഹോബി പാചകമാണ്. ഈ പ്രായത്തിലും യൂട്യൂബില്‍ സ്വന്തമായി ഒരു ചാനലുണ്ടെന്ന് പറയുമ്പോള്‍ മനസിലാക്കാമല്ലോ ഈ അമ്മൂമ്മ അത്ര ചില്ലറക്കാരിയല്ലെന്ന്. എന്തിനാണ് ഈ ചാനലെന്നല്ലേ. ഈ അമ്മൂമ്മയുടെ പാചക ക്ലാസുകള്‍ ഇപ്പോള്‍ സൈബര്‍ ലോകത്ത് തരംഗമാണ്. പാചകം എന്നു പറഞ്ഞാല്‍ വെറും പാചകമല്ല. നല്ല രുചിയുള്ള വിഭവങ്ങള്‍ ഉണ്ടാക്കിയുള്ള പരീക്ഷണം. ആ പരീക്ഷണം ഒരിക്കലും പാളിപ്പോകാറില്ല എന്നത് ഈ പാചക മുത്തശിയുടെ കുടുംബം തന്നെ സമ്മതിക്കുന്നു. വയസ്സ് 106 ആയെങ്കിലും പാചകത്തില്‍ മറ്റൊരാളുടെയും സഹായം മസ്താനമ്മയ്ക്ക് ആവശ്യമില്ല. മുത്തശ്ശിയുടെ കൈപ്പുണ്യത്തിന്റെ നിറവില്‍ വളര്‍ന്ന കൊച്ചുമകനാണ് മുത്തശ്ശിക്കായി യൂട്യൂബ് ചാനല്‍ ആരംഭിച്ചത്.
കണ്‍ട്രി ഫുഡ്‌സ് എന്ന് പേരിട്ടിരിക്കുന്ന യൂട്യൂബ് ചാനല്‍ ഇതുവരെ 2,50,000 ആളുകള്‍ സബ്‌സ്‌ക്രൈബ് ചെയ്തു കഴിഞ്ഞു. പാചകത്തിലെ വ്യത്യസ്തയാണ് മസ്തനാമ്മയെയും വ്യത്യസ്തയാക്കുന്നത്. ചാനലിലൂടെ മുറതെറ്റാതെ മുത്തശ്ശിയുടെ നാടന്‍ വിഭവങ്ങളുടെ റെസിപ്പി കാഴ്ചക്കാരെ തേടിയെത്തുന്നു. ആളുകള്‍ അത് പരീക്ഷിക്കാനും താത്പര്യപ്പെടുന്നുണ്ട്. ഏറ്റവും പുതുതായി യൂട്യൂബില്‍ തരംഗം സൃഷ്ടിക്കുന്നത് മസ്തനാമ്മയുടെ എഗ്ഗ് ദോശയാണ്. നാടന്‍ മുട്ടകള്‍ അരിമാവില്‍ ചേര്‍ത്തുണ്ടാക്കുന്ന ഈ രുചികരമായ ദോശയുടെ നിര്‍മാണ രീതി തന്നെ ആരെയും ആകര്‍ഷിക്കും. അതിനാല്‍ പാചക മുത്തശ്ശിക്ക് ആരാധകര്‍ ഏറെയാണ്. പാചകത്തോടുള്ള താല്‍പര്യം മാറ്റി നിര്‍ത്തിയാലും മസ്തനാമ്മയെ സ്‌നേഹിക്കാന്‍ കാര്യങ്ങള്‍ ഏറെ. പൊതുവെ മടിയന്മാര്‍ എന്ന് മുദ്രകുത്തപ്പെട്ട ഇന്നത്തെ തലമുറയില്‍പ്പെട്ടവര്‍ കണ്ടിരിക്കണം മുത്തശ്ശിയുടെ ചുറുചുറുക്ക്. മസ്തനാമ്മയുടെ ഓര്‍മ്മ ശരിയാണെങ്കില്‍ ഏകദേശം 95 വര്‍ഷമായി ഇവര്‍ പാചകം തുടങ്ങിയിട്ട്. ഈ പ്രായത്തിലും ഒരു കാര്യത്തിനും ഒരാളെയും മസ്തനാമ്മ ആശ്രയിക്കില്ല. ഭക്ഷണം പാചകം ചെയ്തു തരാന്‍ പറഞ്ഞാല്‍ അതിലും വലിയ സന്തോഷം കക്ഷിക്ക് വേറെയില്ല. യൂട്യൂബിലെ ആരാധകരാകട്ടെ, ഇവരെ അഭിനന്ദനങ്ങള്‍ കൊണ്ട് പൊതിയുകയാണ്.