ലോകത്ത് ഏറ്റവും ജനപ്രീതിയുള്ള വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോമാണ് യൂട്യൂബ്. ഇന്ന് യൂട്യൂബ് ഉപജീവനമാര്ഗമാക്കിയ നിരവളി ആളുകളും ലോകത്തെമ്പാടുമുണ്ട്്.
പണത്തിനൊപ്പം പ്രശസ്തിയും കൈവരുമെന്നതാണ് യൂട്യൂബില് വ്ളോഗ് ചെയ്യുന്നതിലേക്ക് ആളുകളെ നയിക്കുന്നത്. ഇത്തരത്തില് ലക്ഷക്കണക്കിന് വ്ളോഗര്മാരാണ് ആഗോളതലത്തില് യൂട്യൂബില് നിന്ന് വരുമാനം ഉണ്ടാക്കുന്നത്.
ഇന്സ്റ്റാഗ്രാം, ടിക് ടോക്ക് പോലെ ഇന്ഫ്ളുവന്സര്മാരും കണ്ടന്റ് ക്രിയേറ്റര്മാരും അരങ്ങുവാഴുന്നയിടമാണിന്ന് യൂട്യൂബ്.
വര്ഷങ്ങളായി പരസ്യങ്ങളാണ് യൂട്യൂബിന്റെ പ്രധാന വരുമാന മാര്ഗം. ഈ വരുമാനത്തിന്റെ ഒരു പങ്ക് കണ്ടന്റ് ക്രിയേറ്റര്മാര്ക്കും നല്കിവരുന്നു.
യൂട്യൂബ് പ്രീമിയം വരിക്കാര് അല്ലാത്തവര്ക്ക് പരസ്യങ്ങള് കാണാതെ വീഡിയോകള് ആസ്വദിക്കാന് സാധിക്കില്ല.
ചില പരസ്യങ്ങള് നിശ്ചിത സമയത്തിന് ശേഷം സ്കിപ്പ് ചെയ്യാന് സാധിക്കുമെങ്കിലും മറ്റ് ചില പരസ്യങ്ങള് മുഴുവന് കാണാതെ വീഡിയോ കാണാന് സാധിക്കില്ല.
സ്കിപ്പ് ചെയ്യാന് സാധിക്കാത്ത പരസ്യങ്ങള് പലപ്പോഴും ഉപഭോക്താക്കള്ക്ക് ശല്യമാവാറുണ്ട്. ഇത്തരക്കാര് യൂട്യൂബ് പരസ്യങ്ങളെ തടയാന് ആഡ് ബ്ലോക്കറുകള് ഉപയോഗിക്കാറുണ്ട്.
എന്നാല് ഈ സാധ്യതയും താമസിയാതെ ഇല്ലാതാവുമെന്ന സൂചനയാണ് പുതിയ റിപ്പോര്ട്ടുകള്.
ആഡ് ബ്ലോക്കര് ഉപയോഗിക്കുന്ന ഉപഭോക്താക്കളെ യൂട്യൂബ് വെബ്സൈറ്റില് നിന്ന് തന്നെ ബ്ലോക്ക് ചെയ്യുന്ന പുതിയ ഫീച്ചര് യൂട്യൂബ് പരീക്ഷിക്കുന്നുണ്ടെന്നാണ് പുതിയ റിപ്പോര്ട്ടുകള്.
‘ആഡ് ബ്ലോക്കറുകള് യൂട്യൂബില് അനുവദനീയമല്ല, നിങ്ങള് ആഡ് ബ്ലോക്കര് ഉപയോഗിക്കുന്നുണ്ടെന്നാണ് തോന്നുന്നത്’ എന്ന സന്ദേശമാണ് യൂട്യൂബ് ഉപഭോക്താക്കളെ കാണിക്കുന്നത്.
പരസ്യങ്ങളാണ് ആഗോളതലത്തിലുള്ള കോടിക്കണക്കിന് വരുന്ന ഉപഭോക്താക്കള്ക്ക് യൂട്യൂബിനെ സൗജന്യമായി നിലനിര്ത്തുന്നതെന്നും യൂട്യൂബ് പറയുന്നു.
പരസ്യങ്ങള് താല്പര്യമില്ലാത്തവരോട് പ്രീമിയം സബ്സ്ക്രിപ്ഷന് എടുക്കാനും കമ്പനി നിര്ദേശിക്കുന്നുണ്ട്. ആഗോള തലത്തില് ആഡ്ബ്ലോക്കറുകളെ തടയുന്ന ഫീച്ചര് യൂട്യൂബ് പരീക്ഷിക്കുന്നുണ്ടെന്നാണ് വിവരം.
അതേസമയം വിവിധ വെബ്സൈറ്റുകളും ഇപ്പോള് ആഡ്ബ്ലോക്കറുകളെ തടയുന്ന സംവിധാനങ്ങള് അവരുടെ വെബ്സൈറ്റുകളില് ഒരുക്കിയിട്ടുണ്ട്.