റിയാദ്: കായികലോകത്തിലെ ഗോട്ട് (ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം) എന്ന വിശേഷണം സ്വന്തമാക്കിയ പോർച്ചുഗൽ ഇതിഹാസ ഫുട്ബോളർ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് കളിക്കളത്തിനു പുറത്തു പുതിയൊരു റിക്കാർഡ്.
അതിവേഗം സബ്സ്ക്രിപ്ഷൻ ഉയരുന്ന യുട്യൂബ് ചാനലിന്റെ ഉടമയെന്ന റിക്കാർഡാണ് സിആർ7 സ്വന്തമാക്കിയത്. ബുധനാഴ്ചയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ യുട്യൂബ് ചാനൽ ആരംഭിച്ചത്. ഈ അക്ഷരങ്ങളിൽ മഴിപുരളുന്പോൾ 22 മില്യണിൽ (2.2 കോടി) അധികം സബ്സ്ക്രൈബേഴ്സാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ യുട്യൂബ് ചാനലിനു ലഭിച്ചത്. യുആർ.ക്രിസ്റ്റ്യാനോ എന്നാണ് റൊണാൾഡോയുടെ ചാനലിന്റെ പേര്.
സൗദി പ്രൊ ലീഗ് ക്ലബ്ബായ അൽ നസർ എഫ്സിയുടെ താരമായ ക്രിസ്റ്റ്യാനോ റൊണാൾഡോ യുട്യൂബിൽ അതിവേഗത്തിൽ ഒരു കോടി സബ്സ്ക്രൈബേഴ്സിനെ നേടുന്ന റിക്കാർഡ് കുറിച്ചു. വെറും 12 മണിക്കൂർ കൊണ്ടാണ് ഒരു കോടി ആളുകൾ റൊണാൾഡോയുടെ യുട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്തത്. 24 മണിക്കൂർ പൂർത്തിയായപ്പോഴേക്കും 22 മില്യണ്‍ സബ്സ്ക്രൈബർമാരും കടന്ന് റൊണാൾഡോ കുതിക്കുകയാണ്.
റിക്കാർഡുകൾ പഴങ്കഥ
അമേരിക്കൻ യുട്യൂബറായ മിസ്റ്റർബീസ്റ്റിന്റെ (ജയിംസ് സ്റ്റീഫൻ ഡൊണാൾഡ്സണ്) പേരിലായിരുന്നു യുട്യൂബിൽ അതിവേഗം ഒരു കോടി സബ്സ്ക്രൈബേഴ്സ് എന്ന റിക്കാർഡ് ഉണ്ടായിരുന്നത്. 132 ദിവസം കൊണ്ടായിരുന്നു മിസ്റ്റർബീസ്റ്റ് 10 മില്യണ്‍ സബ്സ്ക്രൈബേഴ്സ് കടന്നത്. എന്നാൽ, മിസ്റ്റർബീസ്റ്റിന്റെ ഈ നേട്ടം വെറും 12 മണിക്കൂറിലാണ് സിആർ7 മറികടന്നതെന്നതാണ് ശ്രദ്ധേയം. ലോകത്തിൽ ഏറ്റവും കൂടുതൽ സബ്സ്ക്രൈബേഴ്സുള്ള യുട്യൂബ് ചാനലിന്റെ ഉടമ മിസ്റ്റർബീസ്റ്റാണ്, 311 മില്യണ്‍ (31.1 കോടി).
സ്പാനിഷ് ലാ ലിഗ ക്ലബ്ബായ എഫ്സി ബാഴ്സലോണയ്ക്കു വെറും 17.9 മില്യണ്‍ (1.79 കോടി) സബ്സ്ക്രൈബേഴ്സാണ് യുട്യൂബിൽ ഉള്ളത്. വെറും 90 മിനിറ്റിൽ ഒരു മില്യണ്‍ (10 ലക്ഷം) സബ്സ്ക്രൈബർമാരാണ് റൊണാൾഡോയ്ക്കുണ്ടായതെന്നതും ഇതിനോടു ചേർത്തുവായിക്കണം. സിആർ7ന്റെ ചിരവൈരിയായ അർജന്റൈൻ സൂപ്പർതാരം ലയണൽ മെസിക്കും യുട്യൂബ് ചാനലുണ്ട്. നിലവിൽ 2.33 മില്ല്യണ്‍ സബ്സ്ക്രൈബേഴ്സാണ് മെസിയുടെ ചാനലിന്. 2006ലാണ് മെസി യുട്യൂബ് ചാനൽ ആരംഭിച്ചത്.
മണിക്കൂറുകൾക്കുള്ളിൽ ഗോൾഡ് പ്ലേ ബട്ടണും ഡയമണ്ട് പ്ലേ ബട്ടണും സ്വന്തമാക്കിയിരിക്കുകയാണ് റൊണാൾഡോ. 10 കോടി സബ്സ്ക്രൈബേഴ്സിനുള്ള റെഡ് ഡയമണ്ട്പ്ലേ ബട്ടണിലേക്കു കുതിക്കുകയാണ് റൊണാൾഡോയുടെ ചാനൽ.
കുടുംബം, ആരോഗ്യം, പോഷകാഹാരം, വിദ്യാഭ്യാസം തുടങ്ങിയ വിവിധ കാര്യങ്ങൾ ചാനലിൽ ഉൾപ്പെടുത്തുമെന്ന് റോണാൾഡോ വ്യക്തമാക്കിയിട്ടുണ്ട്. ഒരുദിവസം ഏറ്റവും കൂടുതൽ യുട്യൂബ് വീഡിയോ (11) എന്ന റിക്കാർഡും റൊണാൾഡോ കുറിച്ചിട്ടുണ്ട്.
സോഷ്യൽ മീഡിയ സൂപ്പർ സ്റ്റാർ
സമൂഹമാധ്യമങ്ങളിൽ ലോകത്തിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള കായിക താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. ഇൻസ്റ്റഗ്രാമിലും ട്വിറ്ററിലും ഫേസ്ബുക്കിലുമെല്ലാം ആരാധകരുടെ പ്രിയപ്പെട്ട റോണാൾഡോ നിറഞ്ഞുനിൽക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി.
ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും ലോകത്തിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള മനുഷ്യനാണ് സിആർ7. ഇൻസ്റ്റഗ്രാമിൽ 636 മില്യണ്‍ (63.6 കോടി) ഫോളോവേഴ്സാണ് റൊണാൾഡോയ്ക്കുള്ളത്. ഇൻസ്റ്റഗ്രാമിന്റെ ഒൗദ്യോഗിക പേജ് മാത്രമേ (67.6 കോടി) റൊണാൾഡോയ്ക്കു മുകളിലുള്ളൂ.
ഫേസ്ബുക്കിലും ഇതുതന്നെ അവസ്ഥ. ഫേസ്ബുക്കിന്റെ ഒൗദ്യോഗിക പേജിനു (18.8 കോടി) പിന്നിൽ രണ്ടാം സ്ഥാനത്താണ് റൊണാൾഡോ (17 കോടി). എക്സിൽ (ട്വിറ്റർ) ഉടമ ഇയോണ്‍ മസ്ക് (19.5 കോടി), അമേരിക്കൻ മുൻ പ്രസിഡന്റ് ബറാക് ഒബാമ (13.18 കോടി) എന്നിവർക്കു പിന്നിൽ മൂന്നാം സ്ഥാനത്താണ് റൊണാൾഡോ (11.25 കോടി).