ന്യൂഡൽഹി: പാക്കിസ്ഥാന്റെ പിടിയിലായ ഇന്ത്യൻ വൈമാനികൻ അഭിനന്ദൻ വർധമാനുമായി ബന്ധപ്പെട്ട വീഡിയോകൾ നീക്കണമെന്ന് കേന്ദ്ര സർക്കാർ യൂട്യൂബിനോട് ആവശ്യപ്പെട്ടു. 11 വീഡിയോകളുടെ ലിങ്കുകളാണ് ഐടി മന്ത്രാലയം കൈമാറിയത്.
തകർന്നുവീണ യുദ്ധവിമാനത്തിൽനിന്നു രക്ഷപ്പെട്ട അഭിനന്ദനെ പാക്കിസ്ഥാൻ പിടികൂടുന്ന ദൃശ്യങ്ങൾ അടങ്ങിയ ലിങ്കുകളാണ് യൂട്യൂബിനു കൈമാറിയിരിക്കുന്നത്. ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശപ്രകാരമാണ് നടപടിയെന്ന് സർക്കാർ വൃത്തങ്ങൾ വിശദീകരിച്ചു.
സർക്കാരിന്റെ നിയമാനുസൃതമായ നിർദേശം ലഭിച്ചെന്നും വീഡിയോകൾ നീക്കം ചെയ്തുവരികയാണെന്നും യൂട്യൂബിന്റെ നിയന്ത്രണം കൈയാളുന്ന ഗൂഗിളിന്റെ വക്താവ് അറിയിച്ചു.