തൊടുപുഴ:വിരസതയില്ലാതെ ലോക്ക്ഡൗണ്‍ കാലയളവ് പ്രിയകൂട്ടുകാർക്ക് ആസ്വാദ്യകരമാക്കുകയാണ് സഹോദരങ്ങളായ മൂവർസംഘം.
യുട്യൂബ് ചാനലുള്ള നിരവധിപ്പേരുണ്ടെങ്കിലും ലോക്ക് ഡൗണ്‍ കാലയളവിൽ കുട്ടികളുടെ വിരസത മാറ്റാനുതകുന്ന പ്രത്യേക പരിപാടികളൊന്നും പലപ്പോഴും ഇവയിൽ ഉണ്ടാകാറില്ല.
ഇതേ തുടർന്നാണ് ലോക്ക് ഡൗണ്‍ കാലയളവ് വിരസതകളില്ലാതെ എങ്ങനെ വ്യത്യസ്തമാക്കാമെന്ന കുരുന്നുമനസുകളുടെ ആലോചനയിലാണ് കുട്ടികൾക്കായി യൂ ട്യൂബ് ചാനൽ എന്ന ആഗ്രഹം ഏപ്രിൽ ഒന്നിനു യാഥാർഥ്യമായത്.
ലോക്ക് ഡൗണ്‍ കാലയളവിൽ വീട്ടിൽ ടിവിയുടെയും മൊബൈൽ ഫോണിന്റെയും കരവലയത്തിൽ കുടുങ്ങിക്കിടക്കുന്ന കൊച്ചുകൂട്ടുകാരെ ഇവയിൽ നിന്നു മോചിപ്പിക്കാനും പുതുമയാർന്ന പരിപാടികളിലൂടെ കുട്ടികളുടെ വിവിധങ്ങളായ കഴിവുകൾ വികസിപ്പിക്കുന്നതിനുള്ള ഒരു വേദി സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് യു ട്യൂബ് ചാനൽ തന്നെ ആരംഭിക്കാനുള്ള ആഗ്രഹം കുട്ടികൾ മാതാപിതാക്കളുമായി പങ്കുവച്ചത്.
രക്ഷിതാക്കളുടെ പൂർണ പിന്തുണ കൂടി ലഭിച്ചതോടെ അന്നൂസ് ആന്‍ഡ് എത്തൂസ് എന്ന പേരിലുള്ള കുട്ടികളുടെ യു ട്യൂബ് ചാനൽ പിറവിയെടുക്കുകയും ചെയ്തു.
കൊടുവേലി സാൻജോ സിഎംഐ പബ്ലിക് സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിനി ഏൻജലിനും ഇവിടെ തന്നെ യുകെജി വിദ്യാർഥിനിയായ എസ്തേറും കലയന്താനി അങ്കണവാടിയിൽ പഠിക്കുന്ന മൂന്നുവയസുകാരനായ ഈഥനും ചേർന്ന് ആരംഭിച്ച യു ട്യൂബ് ചാനൽ ചുരുങ്ങിയ നാളുകൾക്കുള്ളിൽ തന്നെ കുട്ടികളുടെ പ്രിയപ്പെട്ടതായി മാറിക്കഴിഞ്ഞു. പുതുമനിറഞ്ഞതും വ്യത്യസ്തതയാർന്ന പരിപാടികളുമായി നിരവധിപ്പേരുടെ പ്രശംസ നേടുകയും ചെയ്തു.
ചെറിയ ചെറിയ ജോലികളിൽ മാതാപിതാക്കളെ സഹായിക്കുവാനും പാട്ടും കഥകളും മറ്റു കുട്ടികളെ പരിചയപ്പെടുത്തുവാനുമാണ് മൂവർസംഘം തങ്ങളുടെ യു ട്യൂബ് ചാനൽ കൂടുതലായും ഉപയോഗപ്പെടുത്തുന്നത്. കുട്ടിപ്പാട്ടുകൾ,കഥകൾ,ലോക്ക്ഡൗണ്‍ ക്വിസ് തുടങ്ങി കുട്ടികൾക്കും മുതിർന്നവർക്കും ഇഷ്ട്ടപ്പെടുന്ന വിവിധ പരിപാടികളും അവതരിപ്പിച്ചുവരുന്നു.
ചാനൽ സബ് സ്ക്രൈബ് ചെയ്യുന്നവരുടെ എണ്ണം വർധിച്ചതോടെ കൂടുതൽ ആകർഷകമായ പരിപാടികൾ ഒരുക്കുന്നതിനുള്ള ശ്രമത്തിലാണ് ഇവർ.
തൊടുപുഴ നഗരസഭ കുടുംബശ്രീ പ്രൊജക്ട് മാനേജരും ട്രെയ്നറുമായ കലയന്താനി കണ്ടത്തിൽ ജോണി ജോസഫിന്റെയും സാൻജോ സിഎംഐ പബ്ലിക് സ്കൂളിലെ കൗണ്‍സലറും അധ്യാപികയുമായ സിജി മരിയ സേവ്യറിന്റെയും മക്കളാണ് ഈഥനും ഏൻജലിനും എസ്തേറും.