റെനീഷ് മാത്യു
കണ്ണൂർ: യൂട്യൂബ് ചാനലുകളുടെ മറവിൽ കോടികളുടെ സന്പാദ്യം നേടിയവരെക്കുറിച്ചു സംസ്ഥാന രഹസ്യാന്വേഷണ വകുപ്പും എൻഫോഴ്സമെന്റ് വിഭാഗവും അന്വേഷിക്കും.
ഇവർ നടത്തിയ യാത്രകളെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. ചിലർ യൂട്യൂബേഴ്സ് ചാനൽ തുടങ്ങി വർഷങ്ങൾക്കുള്ളിൽ തന്നെ കോടിക്കണക്കിനു രൂപയുടെ വാഹനങ്ങളും വീടുകളും സ്വന്തമാക്കിയിട്ടുണ്ട്.
കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരേ വൈകാരികമായുള്ള പ്രതികരണം ഇവരുടെ ചാനലുകളിലൂടെ നടത്തുന്നതിന്റെയും റിപ്പോർട്ടുകൾ ശേഖരിച്ചുവരികയാണ്.
ഇന്നലെ കണ്ണൂരിൽ ഇ-ബുൾ ജെറ്റ് യൂട്യൂബേഴ്സ് സഹോദരൻമാരായ എബിനും ലിബിനും അറസ്റ്റിലായപ്പോൾ കേരളം കത്തിക്കുമെന്ന് സോഷ്യൽ മീഡിയയിലൂടെ ചാനലിന്റെ ഫോളോവേഴ്സ് എന്നവകാശപ്പെടുന്നവർ ആഹ്വാനം ചെയ്തിരുന്നു.
കലാപമുണ്ടാക്കുന്നതിനു തുല്യമാണ് ഇവരുടെ ആഹ്വാനമെന്നാണ് പോലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട്. സൈബർ സെല്ലിന്റെ സഹായത്തോടെ ഇതു കണ്ടെത്തുവാനുള്ള തയാറെടുപ്പിലാണ് പോലീസ്.
കൂടാതെ, കണ്ണൂർ കേന്ദ്രീകരിച്ചുള്ള ഒരു പ്രമുഖ യൂ ട്യൂബർ കണ്ണൂരിൽ അടിയന്തര സാഹചര്യമാണെന്നും ഉടൻതന്നെ വരുമെന്നും തന്റെ ചാനലിലൂടെ ഫോളോവേഴ്സിനോട് ആഹ്വാനം ചെയ്തിരുന്നു.
വാഹനം പരിശോധിക്കുന്ന പോലീസ് ഉദ്യോഗസ്ഥരെയും മോട്ടോർ വാഹന വകുപ്പിനെയും ചീത്തപറയുകയും അതു ഫോണിലൂടെ ലൈവായി തങ്ങളുടെ യൂട്യൂബ് ചാനലുകളിൽ എത്തിക്കുന്നവരെക്കുറിച്ചും അന്വേഷണം തുടങ്ങിയിട്ടുണ്ട്.
കണ്ണൂരിൽ ഇ-ബുൾ ജെറ്റ് യൂട്യൂബേഴ്സ് അറസ്റ്റിലായപ്പോൾ ആർടിഒയെ പ്രതീകാത്മകമായി തോക്ക് ഉപയോഗിച്ചു ഷൂട്ട് ചെയ്യുന്ന രംഗവും സോഷ്യൽമീഡിയയിൽ സജീവമായിരുന്നു.
വളരെ മികച്ച രീതിയിൽ യൂട്യൂബ് ചാനലുകൾ നടത്തുന്ന നിരവധി പേർ നമുക്കു മാതൃകയായി മുന്നിലുള്ളപ്പോഴാണ് അപൂർവം ചിലർ വിവാദം സൃഷ്ടിച്ച് സാമൂഹിക പ്രശ്നങ്ങൾക്കിടയാക്കുന്നത്.
ഇ-ബുൾ ജെറ്റിനെതിരേ കൂടുതൽ അന്വേഷണം
ഇ-ബുൾ ജെറ്റ് യുട്യൂബേഴ്സിന്റെ കൂടുതൽ ഗതാഗതലംഘനങ്ങളെക്കുറിച്ചു മോട്ടോർ വാഹന വകുപ്പും പോലീസും അന്വേഷണം തുടങ്ങി.
വാഹനത്തിൽ ആംബുലൻസിന്റെ സൈറൺ ഘടിപ്പിക്കുകയും തിരക്കുള്ള റോഡുകളിലൂടെ സൈറണിട്ടു പോകുകയും ചെയ്യുന്ന ഇവരുടെ വീഡിയോ ദൃശ്യങ്ങൾ മോട്ടോർ വാഹന വകുപ്പിനും പോലീസിനും ലഭിച്ചു.
കേരളത്തിനു പുറത്താണ് ഇത്തരം സംഭവങ്ങൾ നടന്നതെന്നാണു സൂചന. ഇതിനെക്കുറിച്ചാണ് അന്വേഷണം. ഈ വാഹനം ഉപയോഗിച്ചു കൂടുതൽ നിയമലംഘനങ്ങൾ നടത്തിയതായും മോട്ടോർ വാഹനവകുപ്പ് പറയുന്നു.