ഇപ്പോള്‍ യൂട്യൂബ് ചാനലുകളുടെ ബഹളമാണ്. സ്വന്തം ചാനലിനായി വ്യത്യസ്ഥമായ കണ്ടന്റുകള്‍ തിരഞ്ഞെടുക്കാന്‍ തലപുകയ്ക്കുകയാണ് യൂട്യൂബര്‍മാര്‍ എല്ലാം.
കൂടുതല്‍ വ്യത്യസ്തത കൊണ്ടുവന്ന് വിഡിയോ വൈറലാക്കാനും ആളുകളെ ആകര്‍ഷിക്കാനുമാണ് ചാനല്‍ ഉടമകളുടെ ശ്രമം. പക്ഷെ ആവേശംമൂത്ത് ചെയ്യുന്ന ഇത്തരം വിഡിയോകള്‍ ചിലപ്പോള്‍ തിരിച്ചടിയാകാറുമുണ്ട്. ഇതുതന്നെയാണ് ഇപ്പോഴൊരു കൊളംബിയന്‍ യൂട്യൂബര്‍ക്കും സംഭവിച്ചിരിക്കുന്നത്.
മില്‍റ്റണ്‍ ഡൊമിങ്കസ് എന്നയാള്‍ക്കാണ് വീഡിയോ കെണിയായത്. ആളുകളെ പറ്റിക്കുന്ന ഒരു വിഡിയോ അടുത്തിടെ ഇയാളുടെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ടിരുന്നു.
കേക്ക് സിക്കിള്‍ ആണെന്ന് പറഞ്ഞ് സോപ്പുകട്ടയില്‍ ചോക്ലേറ്റ് പുരട്ടി ആളുകള്‍ക്ക് നല്‍കിയാണ് പ്രാങ്ക് വിഡിയോ ചിത്രീകരിച്ചത്. ഒടുവില്‍ നിയമക്കുരുക്കില്‍ അകപ്പെടുന്ന അവസ്ഥയില്‍ എത്തിയിരിക്കുകയാണ് ഈ യൂട്യൂബര്‍.
ജെയ് ടോമി എന്നാണ് ഇയാള്‍ സോഷ്യല്‍ മീഡിയയില്‍ അറിയപ്പെടുന്നത്. വിഡിയോയുടെ തുടക്കത്തില്‍ കടയില്‍ നിന്ന് അഞ്ച് സോപ്പുകള്‍ വാങ്ങി വരുന്ന ജെയ്നെ കാണാം.
പിന്നീട് ചോക്ലേറ്റ് ഉരുക്കി സോപ്പില്‍ പുരട്ടുകയും ഇത് ഒരു കോലില്‍ കുത്തി കേക്ക്സിക്കിള്‍ ആണെന്ന് അവകാശപ്പെടുകയുമായിരുന്നു.
ഇയാളെ പരിചയമില്ലാത്ത ആളുകളുടെ അടുത്ത് ചെന്നിട്ട് പുതിയ ബേക്കറി തുടങ്ങിയെന്നു പറഞ്ഞാണ് ഇവ നല്‍കിയത്. പ്രായമായ ഒരാളുടെ അടുത്തേക്കാണ് വിഡിയോ സംഘം ആദ്യം എത്തിയത്.
ഒന്ന് കടിച്ചതിന് ശേഷമാണ് അയാള്‍ക്ക് സംഗതി പറ്റിക്കല്‍ ആണെന്ന് പിടികിട്ടിയത്. ഇതുപോലെ കുട്ടികളെയടക്കം ഇയാള്‍ പ്രാങ്ക് വീഡിയോയ്ക്ക് ഇരകളാക്കി.
വിഡിയോ നിരവധി വിമര്‍ശനങ്ങള്‍ക്ക് വിധേയമായതിന് പിന്നാലെ മാപ്പ് അപേക്ഷയുമായി ജെയ് രംഗത്തെത്തി. ഇയാള്‍ക്കൊപ്പം വിഡിയോയില്‍ പ്രത്യക്ഷപ്പെട്ടവരും സമൂഹമാധ്യമങ്ങളിലൂടെ ക്ഷമാപണം നടത്തിയിട്ടുണ്ട്. എന്നാല്‍ കളി കാര്യമായെന്നും ഇയാള്‍ നിയമനടപടി നേരിടേണ്ടി വരുമെന്നുമാണ് പുതിയ റിപ്പോര്‍ട്ട്.