സോഷ്യല്‍ മീഡിയ ജനങ്ങളിൽ വലിയ സ്വാധീനം ചെലുത്തുന്ന കാലഘട്ടമാണിത്. സോഷ്യല്‍ മീഡിയ അപ്ഡേറ്റുകള് അറിയാനാകട്ടെ ആളുകള്‍ക്ക് ഏറെ കൗതുകവും ആകാംക്ഷയുമാണ്. ജനപ്രിയ വീഡിയോ ഷെയറിംഗ് ആപ്പായ യുട്യൂബിന്റെ ഫീച്ചര്‍ മാറ്റവുമായി ബന്ധപ്പെട്ട വാർത്തകളാണ് ഏറ്റവും പുതിയത്.
നിരവധി മികച്ച ഫീച്ചറുകളാണ് യുട്യൂബിൽ സമീപകാലത്തായി എത്തിയിട്ടുള്ളത്. യുട്യൂബ് തുറന്നുനോക്കുമ്പോൾ ഹോം പേജിൽ ശൂന്യത..! ഒരു വീഡിയോ പോലും കാണാനില്ല. ഇതുപോലെയുള്ള അനുഭവം ആരെങ്കിലും നേരിട്ടിട്ടുണ്ടോ..?
ഉണ്ടെങ്കിൽ, പേടിക്കാനൊന്നുമില്ല, അത് യുട്യൂബിന്റെ പുതിയ അപ്ഡേറ്റിന്റെ ഭാഗമാണ്.
നിങ്ങൾ യുട്യൂബിന്റെ വാച്ച് ഹിസ്റ്ററി (watch history) ഓഫ് ചെയ്തിടുന്ന ആളാണെങ്കിൽ, യുട്യൂബിൽ ഒന്നും സെർച്ച് ചെയ്തിട്ടില്ലെങ്കിൽ ഹോം പേജിൽ വീഡിയോ റെക്കമെന്റെഷനുകളൊന്നും തന്നെ ദൃശ്യമാകില്ല.
പൊതുവെ നിങ്ങൾ കാണുന്ന വീഡിയോകൾ അനുസരിച്ചാണ്, ഹോം പേജിൽ യുട്യൂബ് അതുമായി ബന്ധപ്പെട്ട ഉള്ളടക്കം ദൃശ്യമാക്കുന്നത്. അതായത്, ‘വാച്ച് ഹിസ്റ്ററി’ യുട്യൂബിനും അതുപോലെ യൂസർമാർക്കും ഏറെ പ്രധാനപ്പെട്ടതാണെന്നു ചുരുക്കം.
എന്നാൽ, നിങ്ങൾ കാണുന്ന വീഡിയോകൾ എന്തൊക്കെയാണെന്ന് മറ്റൊരാൾ കാണാതിരിക്കാനായി ‘വാച്ച് ഹിസ്റ്ററി’ ഓഫ് ചെയ്തിട്ടാൽ, ഇനി ഒരു വീഡിയോ പോലും യുട്യൂബ് ഹോംപേജിലുണ്ടാകില്ല. അതാണ് വ്യത്യാസം. വാച്ച് ഹിസ്റ്ററി ഓഫ് ചെയ്താല്‍ സെർച്ച് ബാറും പ്രൊഫൈൽ ചിത്രവും മാത്രമാകും കാണാൻ സാധിക്കുക.
മാറ്റം
കാഴ്ചാനുഭവത്തിന്റെ ഭാഗം
പുതിയ സവിശേഷതയെക്കുറിച്ചുള്ള വിശദീകരണവുമായി യുട്യൂബ് രംഗത്തെത്തിയിട്ടുണ്ട്. ശിപാർശ ചെയ്യപ്പെടുന്ന വീഡിയോകളുടെ ശല്യമില്ലാതെ, ഉപയോക്താക്കൾക്ക് അവർ കാണാൻ ആഗ്രഹിക്കുന്ന ഉള്ളടക്കം തെരയാനും സബ്സ്ക്രൈബ് ചെയ്ത അക്കൗണ്ടുകളിലേക്ക് എളുപ്പത്തിൽ പോകാനും ഉപകാരപ്പെടുമെന്നാണ് അവർ പറയുന്നത്. ഈ ഫീച്ചർ യുട്യൂബിന്റെ പുതിയ കാഴ്ചാനുഭവത്തിന്റെ ഭാഗമാണ്.
ഭാവിയിൽ കൂടുതൽ ഫീച്ചറുകൾ ചേർക്കാം. ഈ ഫീച്ചർ നിലവിൽ ലഭ്യമാക്കിവരികയാണെന്നും വൈകാതെതന്നെ എല്ലാവർക്കും അവരുടെ യുട്യൂബ് ആപ്പിൽ ദൃശ്യമായിത്തുടങ്ങുമെന്നും ഗൂഗിൾ അവരുടെ ബ്ലോഗ് പോസ്റ്റിൽ കുറിച്ചു.
റീല്സുമായുള്ള പോരാട്ടം മുറുകും
യുട്യൂബ് ഷോര്‍ട്സിന്റെ പ്രധാന എതിരാളികളായ ഇന്‍സ്റ്റഗ്രാം റീല്‍സിലുള്ള ഫീച്ചറുകള്‍ക്ക് സമാനമായ ഫീച്ചറാണ് ഇപ്പോള്‍ യുട്യൂബ് ഷോര്‍ട്സ് അവതരിപ്പിച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാം റീല്‍സില്‍ ഉള്ളതുപോലെ ഒരു കൊളാബ് ഫീച്ചര്‍ ഷോര്‍ട്സില്‍ പുതിയതായി ചേര്‍ത്തിട്ടുണ്ട്.
ഇനിമുതല്‍ മറ്റുള്ളവരുടെ ഷോര്‍ട്സ് വീഡിയോയ്ക്ക് പ്രതികരിക്കുകയോ അല്ലെങ്കില്‍ അവരുമായി സഹകരിക്കുന്ന തരത്തിലോ നിങ്ങള്‍ക്ക് ഷോര്‍ട്സിലൂടെ വീഡിയോ നിര്‍മിക്കാന്‍ സാധിക്കും. അതായത് ഒരു സ്ക്രീനില്‍തന്നെ രണ്ട് വീഡിയോകള്‍ കാണാന്‍ സാധിക്കും.
നിലവില്‍ ഈ ഫീച്ചര്‍ ഐഒഎസ് ഉപഭോക്താക്കള്‍ക്കു ലഭ്യമാണ് അധികം വൈകാതെ തന്നെ ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്കും യുട്യൂബ് ലഭ്യമാകും.