പാലക്കാട്: ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തിൽ സർക്കാർ നിലപാട് പ്രഖ്യാപിച്ചതിനു പിന്നാലെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനുനേരെ യുവമോർച്ചയുടെ വ്യാപക പ്രതിഷേധം. ഇന്നലെ ജില്ലയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കാനെത്തിയ മന്ത്രിക്കുനേരെ പട്ടാന്പിയിലും പാലക്കാട് നഗരത്തിൽവച്ചും യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാണിച്ചു.
വാഹനം തടയാനും ശ്രമിച്ചു. അനിഷ്ടസംഭവങ്ങളുണ്ടായേക്കുമെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ വൻ പോലീസ് സന്നാഹം മന്ത്രിക്ക് സുരക്ഷയൊരുക്കിയിട്ടുണ്ടായിരുന്നു. പ്രതിഷേധമുയർത്തിയവരെ പോലീസ് ബലംപ്രയോഗിച്ച് നീക്കംചെയ്തു. അതേസമയം യുവമോർച്ചയുടെ പ്രതിഷേധം സ്വാഭാവികംമാത്രമാണെന്നായിരുന്നു മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രതികരിച്ചത്.