നേപ്പിള്‍സ്: സീരി എയിലെ ചാമ്പ്യന്മാരായ യുവന്റസ് തുടര്‍ച്ചയായ എട്ടാം ലീഗ് കിരീടത്തിലേക്ക് അടുക്കുന്നു. ലീഗിലെ ആദ്യ സ്ഥാനക്കാരുടെ മത്സരത്തിലെ എവേ മത്സരത്തില്‍ രണ്ടാം സ്ഥാനത്തുള്ള നാപ്പോളിയെ 1-2ന് തോല്‍പ്പിച്ച യുവന്റസ് 16 പോയിന്റ് ലീഡുമായി ബഹുദൂരം മുന്നിലെത്തി.
ഇരുടീമും പത്തുപേരുമായാണ് മത്സരം പൂര്‍ത്തിയാക്കിയത്. യുവന്റസിന് 26 കളിയില്‍ 72 പോയിന്റും നാപ്പോളിക്ക് ഇത്രതന്നെ മത്സരത്തില്‍ 56 പോയിന്റുമാണുള്ളത്. നാപ്പോളിയുടെ ലോറന്‍സോ ഇന്സൈന് പെനല്‍റ്റി നഷ്ടമാക്കി സമനിലയ്ക്കുള്ള അവസരം നഷ്ടമാക്കി.
ആദ്യ പകുതിയില്‍തന്നെ യുവന്റസ് 2-0ന് മുന്നിലെത്തി. മിറാലെം പ്യാനിച്ച് (28-ാം മിനിറ്റ്, എമറെ കാന്‍ (39-ാം മിനിറ്റ് എന്നിവരാണ് ഗോള്‍ നേടിയത്.
25-ാം മിനിറ്റില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ഫൗള്‍ ചെയ്തു വീഴ്ത്തിയതിനു നേപ്പിള്‍സ് ഗോള്‍കീപ്പര്‍ അലക്സ് മെറെറ്റിനു നേരിട്ട് ചുവപ്പ് കാര്‍ഡ് നല്കി. വിഎആര്‍ സേവനം ഉപയോഗിക്കാതെയാണ് റഫറി കാര്‍ഡ് നല്‍കിയത്. എന്നാല്‍, റിപ്ലേയില്‍ മെറെറ്റിന്റെ ശരീരം റൊണാള്‍ഡോയുടെ ദേഹത്ത് തട്ടിയില്ലെന്ന് വ്യക്തമായിരുന്നു.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ രണ്ടാം മഞ്ഞകാര്‍ഡ് കണ്ട് പ്യാനിച്ച് പുറത്തായി. ഹാന്‍ഡ് ബോളിനെത്തുടര്ന്നായിരുന്നു കാര്‍ഡ്. 61-ാം മിനിറ്റില്‍ ഹൊസെ കലേഹന് ഒരു ഗോള്‍ മടക്കി യുവന്റസിന്റെ ലീഡ് കുറച്ചു.