വാഴ്സോ: യുവേഫ നേഷൻസ് ലീഗിൽ ഇറ്റലിക്ക് നിറംമങ്ങിയ ജയം. ലീഗ് എയിലെ ഗ്രൂപ്പ് മൂന്നിൽ നടന്ന മത്സരത്തിൽ ഇഞ്ചുറിടൈമിൽ നേടിയ ഏക ഗോളിലാണ് ഇറ്റലി ജയം സ്വന്തമാക്കിയത്. 90+2ാം മിനിറ്റിൽ ക്രിസ്റ്റ്യാനോ ബിരാഗിയാണ് അസൂറികളുടെ ജയം കുറിച്ച ഗോൾ നേടിയത്.
ഇതോടെ ലീഗ് എയിൽനിന്ന് പോളണ്ട് തരം താഴ്ത്തപ്പെട്ടു. അടുത്ത സീസണിൽ പോളണ്ടിന് ബി ലീഗിൽ കളിക്കേണ്ടിവരും. നേഷൻസ് ലീഗിൽ തരംതാഴ്ത്തപ്പെട്ട ആദ്യ ടീമായി ഇതോടെ പോളണ്ട്. ഗ്രൂപ്പിൽ മൂന്ന് കളിയിൽനിന്ന് നാല് പോയിന്റാണ് ഇറ്റലിക്കുള്ളത്. പോളണ്ടിന് ഒരു പോയിന്റും. രണ്ട് മത്സരത്തിൽനിന്ന് ആറ് പോയിന്റുമായി പോർച്ചുഗൽ ആണ് ഗ്രൂപ്പിന്റെ തലപ്പത്ത്.
റോബർട്ടോ മാൻസീനിക്കു കീഴിൽ ഒരു ടൂർണമെന്റിൽ ഇറ്റലി നേരിടുന്ന ആദ്യ ജയമാണിത്. സൗദി അറേബ്യക്ക് എതിരായ സൗഹൃദത്തിൽ മാത്രമാണ് മാൻസീനിക്കു കീഴിൽ ഇറ്റലി ജയിച്ചത്. ആദ്യ പാദത്തിൽ മികച്ച നീക്കങ്ങളുമായി കളംനിറഞ്ഞ ഇറ്റലിയുടെ ഗോൾ ശ്രമം രണ്ട് തവണ ക്രോസ് ബാറിൽ ഇടിച്ച് തെറിച്ചു.
സൗഹൃദ മത്സരത്തിൽ യുക്രെയ്നെതിരേ ഇറങ്ങിയ ആദ്യ ഇലവനെയാണ് ഇറ്റലി ഇന്നലെയും അണിനിരത്തിയത്. മത്സരത്തിൽ 70 ശതമാനം പന്തടക്കവും ഇറ്റലിക്കായിരുന്നു.
ബി ലീഗിലെ ഗ്രൂപ്പ് രണ്ടിൽ രണ്ടാം ജയത്തോടെ റഷ്യ ഒന്നാം സ്ഥാനമുറപ്പിച്ചു. ഇതോടെ അടുത്ത സീസണിൽ എ ലീഗിൽ കളിക്കാനുള്ള യോഗ്യ റഷ്യക്ക് ലഭിക്കും.
ഗ്രൂപ്പിൽ തങ്ങളുടെ മൂന്നാം മത്സരത്തിൽ റഷ്യ 2-0ന് തുർക്കിയെ കീഴടക്കി. റൊമാൻ ന്യൂസ്റ്റെർ (20-ാം മിനിറ്റ്), ഡെന്നിസ് ചെറിഷേവ് (78-ാം മിനിറ്റ്) എന്നിവരാണ് റഷ്യക്കായി ഗോൾ നേടിയത്. മൂന്ന് മത്സരങ്ങളിൽനിന്ന് ഏഴ് പോയിന്റാണ് റഷ്യക്കുള്ളത്.
ഇതര ലീഗുകളിലെ വിവിധ ഗ്രൂപ്പുകളിലായി നടന്ന മത്സരങ്ങളിൽ ഇസ്രയേൽ 2-0ന് അൽബേനിയയെയും മോണ്ടിനെഗ്രോ 4-1ന് ലിത്വാനിയയെയും പരാജയപ്പെടുത്തിയപ്പോൾ ഫറവോ ഐലൻഡും തമ്മിൽ നടന്ന പോരാട്ടം 1-1 സമനിലയിൽ കലാശിച്ചു. സെർബിയ – റൊമാനിയ പോരാട്ടം ഗോൾ രഹിത സമനില ആയി.