ഹരുണി സുരേഷ്
വൈപ്പിൻ: കേരളക്കരയെ നടുക്കിയ വൈപ്പിൻ മദ്യദുരന്തം നടന്നിട്ട് ഇന്നേക്കു മൂന്നര പതിറ്റാണ്ട്. ദുരന്തത്തിൽനിന്നു കഷ്ടിച്ചു രക്ഷപ്പെട്ട അയ്യന്പിള്ളി കർത്തേരി നടേശന്റെ ദുരിതജീവിതത്തിനും ഇന്നു 35 വയസ് തികയുന്നു. 1982 സെപ്റ്റംബർ രണ്ടിലെ തിരുവോണനാളിലായിരുന്നു മദ്യദുരന്തം. വൈപ്പിനിലെ സർക്കാർവക മദ്യശാലകളിൽനിന്നു മദ്യം വാങ്ങിക്കഴിച്ചവർ തെരുവീഥികളിൽ പിടഞ്ഞുവീണു മരിച്ചപ്പോൾ ആയുസിന്റെ ബലംകൊണ്ടുമാത്രം ജീവൻ തിരികെ കിട്ടിയവരിൽ ഒരാളാണ് നടേശൻ.
പക്ഷേ മൂന്നര രൂപയ്ക്കു വാങ്ങി കഴിച്ച ചാരായം നടേശനെ നിത്യമായ അന്ധതയിലേക്ക് തള്ളിവിട്ടു. പെട്ടി ഓട്ടോ ഡ്രൈവറായിരുന്ന നടേശനു അന്നു പ്രായം 35. ദുരന്തത്തിൽ സർക്കാർ കണക്കനുസരിച്ച് 83 പേരാണു മരിച്ചത്. അന്ധതയും മറ്റു വൈകല്യങ്ങളും സംഭവിച്ചു നടേശനെപ്പോലെ ജീവച്ഛമായി മാറിയവർ നിരവധി.
അയ്യന്പിള്ളിയിലെ ബസ് ഡ്രൈവർ നന്ദനനും ഞാറക്കലിലെ പഞ്ചമി നാരായണനും എളങ്കുന്നപ്പുഴയിലെ ആന്റണിയും പുതുവൈപ്പിലെ ശില്പിയായ ചിരട്ട വർഗീസും മാലിപ്പുറത്തെ റെയിൻബോ ഭാസ്കരനും ഓച്ചന്തുരുത്തിലെ കൈപ്പുള്ളി സുകുമാരമേനോനുമെല്ലാം നടേശനൊപ്പം ദുരന്തത്തിന്റെ ശേഷിപ്പായി വിധി ബാക്കിവച്ചവരായിരുന്നു. ഇതിൽ നടേശനൊഴികെയെല്ലാവരും പലപ്പോഴായി കാലയവനികയിൽ മറഞ്ഞു.
കണ്ണുകളുടെ കാഴ്ച നഷ്ടപ്പെട്ടതോടെ ജീവിതമാർഗം ഇരുളടഞ്ഞ നടേശൻ പിന്നീട് പറക്കമുറ്റാത്ത നാലു മക്കളെ പോറ്റാനായി പെട്ടിക്കട സ്ഥാപിച്ചു. വിഷമദ്യദുരന്ത ബാധിതർ വർഷങ്ങളോളം കൂട്ടായി നടത്തിയ നിയമയുദ്ധത്തിൽ നടേശനു ലഭിച്ചത് ആകെ ഒരു ലക്ഷം രൂപയാണ്. ഇതിന്റെ ഇരട്ടിയിലധികം ചികിത്സയ്ക്കായി ചെലവഴിച്ചു.
നാലു മക്കളിൾ ഇളയമകൻ സജീവിനൊപ്പമാണ് നടേശനും ഭാര്യ വിശാലുവും താമസിക്കുന്നത്. കടയിൽനിന്നു കാര്യമായ വരുമാനമില്ല. ഇതിനിടെ വാർധക്യ സഹജമായ അസുഖങ്ങൾ വല്ലാതെ അലട്ടുന്നു. ചൈതന്യം നശിച്ച കണ്ണുകളിൽ മായാത്ത ഓർമകളുടെ ബാക്കി ചിത്രങ്ങളുമായി എഴുപതാം വയസിലും അയ്യന്പിള്ളി കുഴുപ്പിള്ളി പാലത്തിനു വടക്കേ ഇറക്കിലെ പെട്ടിക്കടയിൽ ശിഷ്ടജീവിതം കരുപ്പിടിപ്പിക്കാനുള്ള ബദ്ധപ്പാടിലാണ് നടേശൻ.