നെടുമങ്ങാട്: മഴക്കാല പൂർവ ശുചീകരണത്തിന്റെ ഭാഗമായി റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ ഓടകളിൽ അടിഞ്ഞു കൂടിയ മണ്ണ് നീക്കാനെത്തിയ നഗരസഭ പൊതുമരാമത്ത് റോഡ് വെട്ടിപ്പൊളിച്ചു.
തിരുവനന്തപുരം-നെടുമങ്ങാട് റോഡിൽ വാളിക്കോടിന് സമീപമാണ് അടുത്തിടെ ബിഎം ആൻഡ് ബിസി പ്രകാരം പുതുക്കി പണിത റോഡ്, എസ്കവേറ്റർ ഉപയോഗിച്ച് പൊളിച്ചത്. ടെലിഫോൺ കേബിളുകളും വാട്ടർ അഥോറിറ്റിയുടെ പൈപ്പു ലൈനും തകർന്നു.
പ്രദേശത്ത് കുടിവെള്ളം മുടക്കി ജനങ്ങളെ ദുരിതത്തിലാക്കുകയും ചെയ്തു. സ്വകാര്യ വ്യക്തിയുടെ വീടിനും കടകൾക്കും മുന്നിലുള്ള ഓടയിലെ സ്ലാബുകൾ നീക്കാതിരിക്കാനാണ് ഇത്തരത്തിൽ റോഡ് പൊളിച്ച് വർഷങ്ങൾക്കു മുമ്പ് പൊതുമരാമത്തു വകുപ്പ് അടച്ച കലുങ്ക് കണ്ടെത്താൻ ശ്രമം നടത്തിയതെന്നാണ് ആക്ഷേപം ഉയരുന്നത്.
കഴിഞ്ഞ തവണ റോഡ് പുനർ നിർമിച്ചപ്പോൾ ഇവിടെ നല്ല നിലയിൽ കോൺക്രീറ്റ് ചെയ്ത് ഓട പണിയുകയും വെള്ളം സമീപത്തുള്ള പെട്രോൽ പമ്പിനു ചേർന്നുള്ള കലുങ്കിലൂടെ ഒഴുകി കിള്ളിയാറ്റിൽ പതിക്കാൻ സംവിധാനം ഒരുക്കുകയും ചെയ്തിരുന്നു.
എന്നാൽ ഓടകൾ യഥാസമയം വൃത്തിയാക്കാത്തതിനാൽ മണ്ണും മാലിന്യങ്ങളും നിറഞ്ഞു വെള്ളം ഒഴുകിപോകാനാകാതെ കെട്ടികിടന്നു.
അവിടെയാണ് നഗരസഭ വൃത്തിയാക്കാനെത്തി റോഡ് വെട്ടിപൊളിച്ചത്. പൊളിച്ച ഭാഗത്ത് മറ്റൊരു കലുങ്ക് ഉണ്ടെന്നും പറഞ്ഞായിരുന്നു റോഡ് പൊളിച്ചത്.
ഉദ്ദേശം 75 മീറ്റർ ദൂരം ഓടകൾക്കു മുകളിൽ സ്ലാബ് പാകിയ ഇവിടെ ഇവ നീക്കി മണ്ണ് മാറ്റുന്നത് ഒഴിവാക്കാനാണ് റോഡ് പൊളിച്ചത്.
ഓടയിലെ സ്ലാബുകൾ നീക്കി മണ്ണ് മാറ്റണമെന്നും അടിയന്തരമായി വെട്ടിപൊളിച്ച റോഡ് പുർ നിർമിക്കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാർ നഗരസഭയ്ക്കും പൊതുമരാമത്തു വകുപ്പു മന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.