പലരും പല കാര്യങ്ങളില്‍ റിക്കാര്‍ഡ് തീര്‍ക്കുന്ന വാര്‍ത്തകള്‍ നാം നിത്യേന കേള്‍ക്കാറുണ്ടല്ലൊ. എന്നാല്‍ പഞ്ചാബില്‍ നിന്നുള്ള കുവാര്‍ അമൃത്ബീര്‍ സിംഗ് തീര്‍ത്ത റിക്കാര്‍ഡ് ഏവരെയും ഒന്ന് അമ്പരപ്പിച്ചിരിക്കുകയാണ്.
പഞ്ചാബിലെ ഗുര്‍ദാസ്പൂര്‍ ജില്ലയിലെ ബട്ടാലയിലെ ഉമര്‍വാല ഗ്രാമത്തില്‍ നിന്നുള്ള കുവാര്‍ ഒരു മിനിറ്റിനുള്ളില്‍ 45 പുഷ്അപ്പുകള്‍ (വിരലുകള്‍ കൊണ്ട്) ചെയ്താണ് ഗിന്നസ് ബുക്കില്‍ ഇടം നേടിയത്.
എന്നാല്‍ ഈ നേട്ടം കൈവരിച്ച ഈ ഇരുപതുകാരന്‍ ഇതുവരെ ജിംനേഷ്യത്തില്‍ പോയിട്ടില്ലെന്നതാണ് ഏവരേയും അതിശയിപ്പിക്കുന്നത്. മാത്രമല്ല പ്രോട്ടീന്‍ സപ്ലിമെന്‍റുകളൊന്നും ഇദ്ദേഹം ഉപയോഗിച്ചിരുന്നില്ല.
പകരം വീട്ടില്‍ പാകം ചെയ്യുന്ന ആഹാരമാണ് കഴിക്കുന്നത്. തൈര്, പാല്‍, വെണ്ണ, നെയ്യ് എന്നിവ ഭക്ഷണത്തില്‍ കുവാര്‍ ഉള്‍പ്പെടുത്തിയിരുന്നു.
പുലര്‍ച്ചെ നാലുമണി മുതല്‍ തന്‍റെ ദിനചര്യ ആരംഭിക്കുന്ന കുവാര്‍ രാവിലെ രണ്ട് മണിക്കൂറും വൈകുന്നേരം രണ്ട് മണിക്കൂറും പരിശീലനം ചെയ്യാറുണ്ടായിരുന്നു.
നേട്ടം കൈവരിക്കാന്‍ തുടര്‍ച്ചയായി 21 ദിവസം കുവാര്‍ ഈ പതിവ് പിന്തുടര്‍ന്നു. ഈ വര്‍ഷം ഫെബ്രുവരി എട്ടിനാണ് അദ്ദേഹം ഈ റിക്കാര്‍ഡിനായുള്ള ഉദ്യമം നടത്തിയത്. ജൂലൈ 28നാണ് ഗിന്നസ് റിക്കാര്‍ഡ് ഇത് സ്ഥിരീകരിച്ചത്.
ഏതായാലും ജിമ്മില്‍ പോകാതെ ഈ നേട്ടം കൈവരിച്ച ഇദ്ദേഹം സമൂഹ മാധ്യമങ്ങളിലും താരമായിരിക്കുകയാണ്. നിരവധിപേരാണ് കുവാറിനെ അഭിനന്ദിച്ച് കമന്‍റുകളിടുന്നത്.