അടുത്ത കാലത്തായി വൈറലായിരിക്കുന്ന, പ്രത്യേകിച്ച് കേരളത്തില്‍ വൈറലായിരിക്കുന്ന ഒന്നാണ് ടിക് ടോക് എന്ന ആപ്പ് ഉപയോഗിച്ച് കുടുംകൈ കാട്ടി ഹ്രസ്വ വീഡിയോ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നത്. റോഡിലൂടെ ഓടിക്കൊണ്ടിരുന്ന വാഹനത്തിന് മുന്നില്‍ ചാടി പാട്ടിട്ട് ഡാന്‍സ് കളിക്കുന്നതാണ് അതില്‍ തന്നെ ട്രെന്‍ഡായിരിക്കുന്നത്.
ബസുകളും കാറുകളും തുടങ്ങി പോലീസ് ജീപ്പ് വരെ തടഞ്ഞുനിര്‍ത്തി നൃത്തം ചെയ്യുന്നവര്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ കൂടുതല്‍ യുവാക്കള്‍ ഇത്തരം വിഡിയോകള്‍ക്ക് ഇറങ്ങിത്തിരിക്കുന്നുവെന്നു മനസ്സിലാക്കിയാണ്. ഇതോടെ അപകടകരമായ ഈ കളിയെ കയ്യോടെ പിടികൂടാന്‍ തീരുമാനിച്ചിരിക്കുകയാണിപ്പോള്‍ പോലീസ്.
ഹെല്‍മറ്റ് ധരിച്ച് റോഡിന്റെ വശങ്ങളില് നില്‍ക്കുകയും വാഹനങ്ങള്‍ വരുമ്പോള്‍ റോഡ് മധ്യത്തിലേക്ക് അപകടകരമായവിധം ചാടിവീണു പാട്ടിനൊത്ത് ചുവടുവയ്ക്കുകയും ചെയ്യുന്ന വിഡിയോകള്‍ വ്യാപകമായി പ്രചരിക്കുകയാണ്.
ടിക് ടോക് പാട്ട്, ഡാന്‍സ്, കോമഡി, ഡബ്സ്മാഷ് തുടങ്ങിയവ ചിത്രീകരിച്ചു പ്രചരിപ്പിക്കുന്നതിന് 2014 ല്‍ മ്യൂസിക്കലി എന്ന പേരില്‍ തുടങ്ങിയ ആപ്പ് ആണ് ഇപ്പോള്‍ ടിക് ടോക് എന്ന് അറിയപ്പെടുന്നത്. 15 സെക്കന്‍ഡ് വരെ ദൈര്‍ഘ്യമുള്ള ലഘു വിഡിയോകള്‍ രസകരമായി ചിത്രീകരിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍, തമാശയുടെ പരിധിവിട്ട് സാഹസികതയിലേക്ക് ചിലര്‍ നീങ്ങുന്നതാണ് അപകടകരമാകുന്നത്. പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്നു എന്ന് ആരില്‍ നിന്നെങ്കിലും പരാതി കിട്ടിയാല്‍ ഉടനടി നടപടി ഉണ്ടാവുമെന്നാണ് പോലീസ് അറിയിക്കുന്നത്.