പത്തനാപുരം: ആത്മഹത്യ ചെയ്യാൻ ആറ്റിൽ ചാടിയ യുവതിയെ കടത്തുകാർ ജീവൻ രക്ഷിച്ചു. പത്തനാപുരം പിടവൂരിൽ ഇന്നലെ രാവിലെ എട്ടോടെയാണ് സംഭവം.
കലഞ്ഞൂർ സ്വദേശിയായ യുവതി പിടവൂർ മുട്ടത്ത് കടവ് പാലത്തിന് സമീപത്ത് നിന്നും ആറ്റിലേക്ക് ചാടുകയായിരുന്നു. ഒരു കിലോമീറ്ററോളം ഒഴുകി പുളിവിള ആദംകോട് കടവിലെത്തി.
മുങ്ങിത്താണ് ഒഴുകി പാറയിൽ എത്തിയ യുവതിയെ ആദംകോട് കടവിലെ കടത്തുകാരനായ പ്ലാക്കോട്ട് വടക്കേവീട്ടിൽ ബാബു കണ്ടു.
സമീപത്തായി ഉണ്ടായിരുന്ന താഴത്ത് കുളക്കട മടത്തിനാൽപുഴ കടവിലെ കടത്തുകാരൻ ഷൺമുഖനെയും കൂട്ടി നീന്തി യുവതിയെ രക്ഷപ്പെടുത്തി കരയ്ക്കെത്തിക്കുകയായിരുന്നു.
ബാബുവും ഷൺമുഖനും കാണുമ്പോൾ യുവതി അവശയായി പാറയിൽ പിടിച്ചിരിക്കുകയായിരുന്നു. സാധാരണയിൽ നിന്നും വെള്ളം കുറവായതിനാൽ യുവതിയുടെ ജീവൻ തിരികെ ലഭിച്ചതായി നാട്ടുകാർ പറയുന്നു.
അർബുദ രോഗത്തിന് ചികിത്സയിലാണെന്നും ഭർത്താവ് വിദേശത്താണെന്നും രണ്ട് മക്കൾ ഉണ്ടെന്നും യുവതി പറഞ്ഞു. പത്തനാപുരം പോലീസ് സ്റ്റേഷനിലെത്തിച്ച യുവതിയെ ബന്ധുക്കൾക്ക് കൈമാറി.
രാവിലെ വീട്ടിൽ നിന്നും നടക്കാനിറങ്ങിയ യുവതി അഞ്ച് കിലോമീറ്റർ ദൂരം നടന്ന് പിടവൂരിൽ എത്തി കല്ലട ആറ്റിൽ ചാടുകയായിരുന്നു.
കഴിഞ്ഞ പത്ത് വർഷത്തിനിടെ മുട്ടത്ത് കടവ് പാലത്തിൽ നിന്നും കല്ലട ആറ്റിൽ ചാടി നിരവധി പേർ ആത്മഹത്യ ചെയ്തതിനെ തുടർന്ന് കെ ബി ഗണേഷ് കുമാർ എം എൽ എ യുടെ ശ്രമഫലമായി ലക്ഷങ്ങൾ ചിലവഴിച്ച് പാലത്തിൽ സംരക്ഷണ വേലി നിർമിച്ചിട്ടുണ്ട്.
പാലത്തിന്റെ വശത്തുകൂടിയാണ് ആറ്റിലേക്ക് ഇറങ്ങിയതെന്ന് യുവതി നാട്ടുകാരോട് പറഞ്ഞു. യുവതിയെ രക്ഷിക്കാൻ കഴിഞ്ഞ സന്തോഷത്തിലാണ് കടത്തുകാരായ ബാബുവും ഷൺമുഖവും ഒപ്പം നാട്ടുകാരും.