പാന്പുകളെക്കുറിച്ച് നൂറുകണക്കിനു വീഡിയോകൾ യു ട്യൂബിൽ കാണാം. യു ട്യൂബിലെ പാന്പ് കിടക്കില്ലാത്തതുകൊണ്ട് എത്ര ഭീകരൻ പാന്പിന്റെയും കഥ രസിച്ചു കാണുകയും ചെയ്യാം.
എന്നാൽ, ഈ പാന്പ് വിഡിയോകളിൽ ഉണ്ടാക്കുന്ന കഥ അത്ര രസകരമല്ല എന്നതാണ് സത്യം.
എന്തൊക്കെ കഷ്ടപ്പാട് സഹിച്ചാണ് യു ട്യൂബർമാർ പാന്പ് വീഡിയോകൾ ഇറക്കുന്നതെന്നു കാണുന്നവർ അറിയുന്നില്ലല്ലോ.
പാന്പിനെക്കൊണ്ടു വിഡിയോ ഉണ്ടാക്കാൻ നോക്കിയ ഒരു യു ട്യൂബർക്ക് കിട്ടിയ പണി ഇത്തിരി കടുത്തുപോയി.
ഫ്ളോറിഡ വൈൽഡ് ലൈഫ് പാർക്കിൽ പാന്പുപിടിത്ത വീഡിയോ ചിത്രീകരിക്കുന്നതിനിടെയാണ് യു ട്യൂബറെ പാന്പ് നന്നായി ഒന്നു കൈകാര്യം ചെയ്തത്.
നിക് ബിഷപ് എന്ന മുപ്പത്തിരണ്ടുകാരനാണ് പെരുന്പാന്പിന്റെ കടിയേറ്റത്. കണ്ണിനു സമീപമാണു കടിയേറ്റത്. അതിലേറെ ഞെട്ടിക്കുന്ന വാർത്ത ഒരു കണ്ണിന്റെ കാഴ്ച ഏറെക്കുറെ നഷ്ടമായ മട്ടാണ് എന്നതാണ്.
ബർമീസ് മലന്പാന്പ്
ഫ്ളോറിഡയില എവർഗ്ലാഡ്സ് നാഷണൽ പാർക്കിൽ വൈൽഡ് ലൈഫ് വീഡിയോ ചിത്രീകരിക്കുന്നതിനിടെയാണ് നിക്കിന് മൂന്നടി നീളമുള്ള പെരുന്പാന്പിന്റെ കടിയേറ്റത്.
തെക്കുകിഴക്കൻ ഏഷ്യയിൽ സാധാരണ കാണാറുള്ള ബർമീസ് മലന്പാന്പാണ് നിക്കിനെ ആക്രമിച്ചത്.
മലന്പാന്പിനെ കൈകളിൽ എടുത്തുയർത്തി കാമറയിൽ നോക്കി സംസാരിക്കുന്നതിനിടെയാണ് പാന്പ് നിക്കിന്റെ മുഖത്തു കടിച്ചത്.
കൊച്ചുതെമ്മാടി!
അത്യാർത്തിയൊടെ തന്നെ തിന്നാനുള്ള ഭാവമായിരുന്നു ആ കൊച്ചു തെമ്മാടിക്കെന്നു നിക്ക് തന്റെ വീഡിയോയിൽ പറയുന്നു.
പാന്പിന്റെ കടിയേറ്റു മുഖമാകെ രക്തമൊഴുകി. ഭാഗ്യത്തിനു പാന്പിന്റെ പല്ലുകൾ കൃഷ്ണമണിയിൽ കൊണ്ടില്ല. പുരികത്തിൽ പല്ലുകൾ കൊണ്ടുവെന്നാണു നിക്ക് പറയുന്നത്.
കണ്ണിനു മുകളിൽനിന്നു രക്തം ഒലിച്ചിറങ്ങുന്നതു വീഡിയോയിൽ കാണാനാകും. കടിയേറ്റിട്ടും മനസാന്നിധ്യം കൈവിടാതെ പ്രേക്ഷകരോടു തമാശ പറയുന്ന നിക്കിനെയാണു വീഡിയോയിൽ കാണാനാകുന്നത്.
ഇഷ്ടക്കേട്
ബലംപ്രയോഗിച്ചു കൈയിലെടുത്തതിൽ പാന്പ് പലതവണ ഇഷ്ടക്കേടു പ്രകടിപ്പിച്ചെങ്കിലും അതൊക്കെ അവഗണിച്ചു വീഡിയോ ചെയ്യുന്നതിന്റെ ആവേശത്തിലായിരുന്നു നിക്ക്. പക്ഷേ, പെരുന്പാന്പ് മുഖത്തു കടിക്കാൻ പ്ലാനിടുന്നതിന്റെ സൂചനകളൊന്നും കിട്ടിയില്ലെന്നും നിക്ക് പറയുന്നു.
ബർമീസ് പെരുന്പാന്പുകൾ സാധാരണയായി സസ്തനികൾ, പക്ഷികൾ, ഇഴജന്തുക്കൾ, കറുത്ത എലികൾ എന്നിവയൊണ് ഇരയാക്കാറുള്ളത്. 23 അടി വരെ ഇവയ്ക്കു നീളം വയ്ക്കാറുണ്ട്. 200 പൗണ്ട് വരെ തൂക്കവും.
നീന്തൽ ഇഷ്ടം
നല്ല നീന്തൽക്കാരുമാണ് ബർമീസ് പെരുന്പാന്പുകൾ. 30 മിനിട്ടു വരെ വെള്ളത്തിനടിയിൽ ശ്വാസം പിടിച്ചു കിടക്കാനുള്ള കഴിവുമുണ്ട്.
ബർമീസ് പെരുന്പാന്പുകൾക്കു വിഷമില്ലെന്നും വളർത്തുമൃഗത്തപ്പോലെ മെരുക്കമുള്ളതും ഇണക്കാവുന്നതുമാണെന്നും നിക്ക് പറയുന്നു.
ഫ്ളോറിഡയിൽ ഇത്തരം പെരുന്പാന്പുകളുടെ കടിയേറ്റ് ആളുകൾ മരിച്ചതായി വിവരമില്ലെന്നാണ് നാഷണൽ ജിയോഗ്രഫിക് റിപ്പോർട്ട് ചെയ്യുന്നത്. എന്തായാലും കണ്ണുപോയെങ്കിലും വിഡിയോ വൈറലായതിന്റെ ആശ്വാസത്തിലാണ് യു ട്യൂബർ!