പുനലൂർ: ജലചൂഷണം നടത്തുന്ന മരങ്ങൾ വേണ്ടെന്ന വനം വകുപ്പ് തീരുമാനം അട്ടിമറിച്ച് മന്ത്രിയുടെ മണ്ഡലത്തിൽ വ്യാപകമായി യൂക്കാലിപ്റ്റസ് മരങ്ങൾ നടുന്നതായി ആക്ഷേപം. പ്രതിഷേധവുമായി മലയോരത്തെ ജനങ്ങൾ രംഗത്ത് എത്തി. വനം മന്ത്രിയുടെ മണ്ഡലമായ പുനലൂരിലെ തെന്മല ഡിവിഷനിൽ ആര്യങ്കാവ് റെയിഞ്ചിലാണ് യൂക്കാലിപ്റ്റസ് മരങ്ങൾ നടുന്നത്. പാലരുവി , തലപ്പാറ , പാണ്ട്യൻപാറ സെക്ഷനുകളിലാണ് നടീൽ തുടങ്ങിയത്.
ക്ലീയർ ഫെല്ലിംഗ് നടത്തിയ കൂപ്പുകളാണിവയെല്ലാം. ജലചൂഷണം നടത്തുന്ന യൂക്കാലിപ്റ്റസ് , മാഞ്ചിയം, അക്കേഷ്യാ പ്ലാന്റേഷനിലെ മരങ്ങൾ വെട്ടിമാറ്റുന്ന മുറക്ക് ജനവാസ മേഖലകളിലടക്കം ഘട്ടം ഘട്ടമായി കശുമാവ് കൃഷി വ്യാപിപ്പിക്കുമെന്ന മന്ത്രിയുടെ പ്രഖ്യാപനം ഇതോടെ ഉദ്യോഗസ്ഥർ അട്ടിമറിക്കുകയാണ്.
വനമേഖലയിൽ കശുമാവ് കൃഷി വരുന്നതോടെ പ്രാദേശികമായി കൂടുതൽ പേർക്ക് തൊഴിലും സർക്കാരിന് കൂടുതൽ വരുമാനവും വർധിക്കുമെന്നതാണ് പദ്ധതി ആകർഷകമാക്കിയത്. കശുവണ്ടി വികസന കോർപ്പറേഷൻ പദ്ധതി ഏറ്റെടുത്ത് ജില്ലയിൽ വ്യാപകവുമാക്കിയിരിക്കുകയാണ്.
കൂടാതെ മേഖലയിൽ വന്യമൃഗശല്യങ്ങൾ കുറയുമെന്നതും മലയോര ജനങ്ങൾക്ക് ആശ്വാസകരമാണ്. യൂക്കാലിപ്റ്റസ് , മാഞ്ചിയം, അക്കേഷ്യാ മരങ്ങൾ വ്യാപകമായി ജലചൂഷണം നടത്തുന്നവ ആണെന്നതിനാൽ മേഖലയിലെ കുടിവെള്ള സ്രോതസുകൾ വീണ്ടും വറ്റി വരണ്ട് മേഖലയിൽ വ്യാപക കുടിവെള്ള ക്ഷാമം ഉണ്ടാകുമെന്ന ആശങ്കയിലാണ് ജനങ്ങൾ.
മേഖലയിലെ വനം വകുപ്പ് ഉദ്യോഗസ്ഥർ മന്ത്രിയെ തെറ്റിദ്ധരിപ്പിച്ചാണ് പല പദ്ധതികളും സ്ഥലം മാറ്റമടക്കമുള്ളവ നടപ്പിലാക്കുന്നതെന്ന പരാതിക്കിടെയാണ് ജലചൂഷണം നടത്തുന്ന മരങ്ങളുടെ നടീൽ വ്യാപകമായത്. ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റിന് കരാർ പ്രകാരം 2025 വരെ മരങ്ങൾ നൽകണമെന്ന് ചൂണ്ടിക്കാട്ടിയാണ് ഉദ്യോഗസ്ഥർ മരങ്ങൾ നടുന്നത്. എന്നാൽ കരാർ പ്രകാരം നൽകാനുള്ളതിൽ കൂടുതൽ തടി ഇപ്പോൾ തന്നെ ലഭ്യമാണെന്ന് വനം മന്ത്രി തന്നെ കണക്കുകൾ ചൂണ്ടിക്കാട്ടി വ്യക്തമാക്കിയിരുന്നു.
യൂക്കാലിപ്റ്റസ്, മാഞ്ചിയം, അക്കേഷ്യാ മരങ്ങൾ വച്ച് പിടിപ്പിക്കുന്ന പദ്ധതിയായാൽ നടീൽ, പരിപാലനം, കാട് വെട്ട്, വളമിടീൽ തുടങ്ങിയവക്കായി ലക്ഷങ്ങളുടെ അഴിമതി നടത്തുവാൻ ഉദ്യോഗസ്ഥർക്കാകും. മറിച്ച് കശുവണ്ടിയായാൽ തങ്ങൾക്ക് തട്ടിപ്പ് വരുമാനം കുറയുമെന്നതാണ് പദ്ധതി അട്ടിമറിക്കുന്നതിന് പിന്നിലെന്ന് മലയോര നിവാസികൾ ആരോപിക്കുന്നു.