ഇരിങ്ങാലക്കുട: വിടപറഞ്ഞ വിശ്വസ്തന്റെ കുടുംബത്തിന് ആശ്വാസവും സഹായഹസ്തവുമായി പ്രമുഖ വ്യവസായി എം.എ. യൂസഫലി. കെനിയയിൽ വെച്ച് തിങ്കളാഴ്ച മരണമടഞ്ഞ താണിശേരി തയ്യിൽ വീട്ടിൽ നകുലന്റെ കുടുംബത്തെ ആശ്വസിപ്പിക്കാനാണ് എം.എ. യൂസഫലി താണിശേരിയിലുള്ള നകുലന്റെ വീട്ടിലെത്തിയത്. 62 വയസുള്ള നകുലൻ കഴിഞ്ഞ 26 വർഷമായി ലൂലു ഗ്രൂപ്പിലെ ജീവനക്കാരനാണ്. കെനിയയിലെ ലുലു ഗ്രൂപ്പിലെ സ്റ്റോർ കീപ്പറായി ജോലി നോക്കുന്നതിനിടയിലാണ് കഴിഞ്ഞ തിങ്കളാഴ്ച ഹൃദായാഘാതം മൂലം മരണമടഞ്ഞത്.
ശാന്തിനികേതൻ സ്കൂളിൽ ഹെലികോപ്റ്ററിലെത്തിയ യൂസഫലി തുടർന്ന് കാർ മാർഗമാണ് നകുലന്റെ വീട്ടിലെത്തിയത്. നകുലന്റെ ബന്ധുക്കളെ കണ്ട ശേഷം യൂസഫലി നകുലന്റെ ഭാര്യ രാധയെയും അവിവാഹിതയായ മകൾ നീതുവിനെയും ആശ്വസിപ്പിച്ച് നേരത്തെ നൽകിയ മരണാനന്തര ആനൂകൂല്യങ്ങൾക്കു പുറമെയുള്ള സഹായവും നൽകി. കുടുംബത്തിന് ആവശ്യമായ ഏത് സഹായത്തിനും തന്നെ വിളിക്കാമെന്ന് പറഞ്ഞ യൂസഫലി നകുലന്റെ മകൾ നീതുവിന് ജോലി വാഗ്ദാനവും നൽകിയാണ് മടങ്ങിയത്.
കാൽ നൂറ്റാണ്ടോളം ലുലു ഗ്രൂപ്പിൽ സേവനമനുഷ്ഠിച്ച നകുലൻ വിശ്വസ്തനായിരുന്നുവെന്ന് എം.എ. യൂസഫലി പറഞ്ഞു. വിരമിക്കൽ പ്രായം കഴിഞ്ഞെങ്കിലും നകുലന്റെ ആഗ്രഹപ്രകാരം ആരോഗ്യമുള്ളിടത്തോളം കാലം തുടരാൻ അനുവദിക്കുകയായിരുന്നുവെന്ന് എം.എ. യൂസഫലി പറഞ്ഞു.
പത്തു മിനിറ്റോളം നകുലന്റെ കുടുംബത്തിനൊപ്പം ചെലവഴിച്ച ശേഷമാണ് എം.എ. യൂസഫലി മടങ്ങിയത്. തൃശൂർ മേഖലയിലെ ലുലു ഗ്രൂപ്പിന്റെ പ്രധാന ജീവനക്കാരും യൂസഫലിക്കൊപ്പമുണ്ടായിരുന്നു.