നെടുങ്കണ്ടം: സ്വന്തക്കാരും കുടുംബാംഗങ്ങളും ഉപേക്ഷിച്ച മനോദൗർബല്യമുള്ള യുവാവിനെ വർഷങ്ങളായി സ്വന്തം കുടുംബാംഗത്തെപ്പോലെ പരിചരിക്കുകയാണ് അയൽവാസികൾ.
നെടുങ്കണ്ടം ചാറൽമേട് സ്വദേശിയായ മനീഷിനെ(37) യാണ് വർഷങ്ങളായി അയൽവാസികൾ പരിചരിക്കുന്നത്.
എട്ട് വർഷം മുന്പാണ് മനീഷ് മാനസിക അസ്വസ്ഥതകൾ കാണിച്ചുതുടങ്ങിയത്. അതിനുമുന്പ് ജോലി ചെയ്ത് കുടുംബം പുലർത്തിയിരുന്നത് മനീഷായിരുന്നു.
മാനസിക അസ്വസ്ഥതകൾ കാണിച്ചുതുടങ്ങിയതോടെ ഉറ്റവർ ഒരോരുത്തരായി ഇയാളെ ഉപേക്ഷിച്ചു പോയി. മാതാപിതാക്കളും മരിച്ചു. ഇതോടെ ചെറിയ വീടിനുള്ളിൽ മനീഷ് ഒറ്റയ്ക്കായി.
മാനസിക അസ്വാസ്ഥ്യം ബാധിച്ചതോടെ ഓർമകൾ നഷ്ടപ്പെടുകയും സംസാരിക്കാൻ അറിയാത്ത അവസ്ഥയിലാകുകയും ചെയ്തു.
എന്തെങ്കിലും ചോദിച്ചാൽ പേര് മാത്രം പറയും. ഇതോടെയാണ് മനീഷിനെ പരിപാലിക്കാൻ പ്രദേശവാസികൾ മുൻകൈയെടുത്തത്.
ആർക്കും ഒരു ശല്യവും ചെയ്യാത്ത ആളാണ് മനീഷ്. എന്നാൽ കുറച്ചുനാളുകളായി അടുത്ത് ആരുമില്ലെങ്കിൽ മനീഷ് എങ്ങോട്ടെന്നില്ലാതെ തനിയെ ഇറങ്ങിപ്പോകും.
കഴിഞ്ഞദിവസം ഇയാൾ വീട്ടിൽനിന്ന് ഇറങ്ങിപ്പോയിരുന്നു. നാട്ടുകാർ രാത്രിയിൽ നടത്തിയ തെരച്ചിലിൽ തേർഡ്ക്യാംപിൽനിന്നാണ് ഇയാളെ കണ്ടെത്തിയത്.
മാനോദൗർബല്യമുള്ള ഇയാൾ ഓടിപ്പോകാതിരിക്കാൻ ഇപ്പോൾ വീടിനുള്ളിൽ പുറത്തുനിന്നും അടച്ചിടുകയാണ് ചെയ്യുന്നത്.
അകന്ന ബന്ധുവായ വിജയമ്മ, സുകുമാരൻ, അയൽക്കാരായ രാജേശ്വരി കുമാർ, വർക്കി തോമസ്, ജിൻസ്, അളകർസ്വാമി തുടങ്ങിയവരാണ് മനീഷിനെ വർഷങ്ങളായി സ്വന്തം വീട്ടിലെ അംഗത്തെപ്പോലെ പരിപാലിക്കുന്നത്.
ഭക്ഷണം നൽകുക മാത്രമല്ല പല്ല് തേപ്പിക്കാനും കുളിപ്പിക്കാനും വസ്ത്രം മാറാനും വീട് വൃത്തിയാക്കാനും വസ്ത്രം അലക്കാനുമെല്ലാം ഇവരാണ് എത്തുന്നത്.
ഇതിനെല്ലാം പുറമേ സമീപ വീടുകളിൽ എന്തുണ്ടാക്കിയാലും മനീഷിനും ഒരു പങ്ക് വീട്ടിൽ എത്തിച്ചുനൽകും.
മനീഷിനു വിശന്നാൽ ആരോടും ഭക്ഷണം ചോദിക്കാറില്ല. കൊടുക്കുന്ന ഭക്ഷണം കഴിക്കുക മാത്രമേയുള്ളൂ. അതിനാൽ എല്ലാ സമയത്തും മനീഷിന് ആഹാരം കിട്ടുന്നുണ്ടെന്ന് അയൽക്കാർ ഉറപ്പുവരുത്താറുണ്ട്.
സമീപത്തു താമസിക്കുന്നവർ കൂലിപ്പണിയും മറ്റും ചെയ്ത് കുടുംബം പുലർത്തുന്നവരാണ്. അതിനാൽത്തന്നെ എപ്പോഴും മനീഷിനെ ശ്രദ്ധിക്കാൻ ഇവർക്ക് കഴിയാറില്ല.
മനീഷിനെ ഏതെങ്കിലും സംഘടനകൾ ഏറ്റെടുക്കുകയും ചികിത്സ നൽകി തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരികയും ചെയ്യണമെന്നാണ് പ്രദേശവാസികളുടെ ആഗ്രഹം.