മലപ്പുറത്തുകാരി യുമ്‌നയ്ക്ക് മലയാളികളുടെ വോട്ടുണ്ടെങ്കിലേ ഹിന്ദിക്കാരെ തോല്‍പ്പിക്കാനാവൂ; കൊച്ചു ഗായികയ്ക്കു വേണ്ടി മലയാളികളോട് വോട്ട് അഭ്യര്‍ത്ഥിച്ച് നാദിര്‍ഷാ

yumna600മലയാളി ഗായകര്‍ പലപ്പോഴും അന്യഭാഷാ ചാനലുകളിലെ റിയാലിറ്റി ഷോകളില്‍ വെന്നിക്കൊടി പാറിച്ചിട്ടുണ്ട്. മേരി ആവാസ് സുനോയിലൂടെ പ്രദീപ് സോമസുന്ദരനാണ് അന്യഭാഷാ റിയാലിറ്റി ഷോയില്‍ ജേതാവായ ആദ്യ ഗായകന്‍. ഇപ്പോള്‍ യുമ്‌ന അജിന്‍ എന്ന മലപ്പുറംകാരിയും ഇതേ പാതയിലാണ്.സീ ടിവിയിലെ ‘സരിഗമപ ലിറ്റില്‍ ചാമ്പ്‌സ്, 2017ല്‍’ മത്സരാര്‍ഥിയായ മലയാളി പെണ്‍കുട്ടിയ്ക്കു ചാമ്പ്യനാകണമെങ്കില്‍ മലയാളികളുടെ പിന്തുണ വേണം. അതുല്യ സംഗീത സംവിധായകന്‍ എ.ആര്‍. റഹ്മാനെ പോലും അമ്പരപ്പിച്ച യുമ്‌ന അജിന്‍ എന്ന മലപ്പുറത്തുകാരി പെണ്‍കുട്ടിയാണ് ചാനിലന്റെ ജനപ്രിയ പരിപാടിയില്‍ ഡേഞ്ചര്‍ സോണില്‍ നില്‍ക്കുന്നത്. സംവിധായകന്‍ നാദിര്‍ഷായാണ് യുമ്‌നയ്ക്കു വേണ്ടി മലയാളികളുടെ വോട്ടു തേടി ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടിരിക്കുകയാണ്.

താന്‍ ടിവിയിലൂടെ മാത്രമേ യുമ്‌നയെ കണ്ടിട്ടുള്ളൂ എന്നും ഒരുപാട് കഴിവുള്ള ഈ ഗായിക ചാനലുകാരുടെ മാനദണ്ഡമായ എസ്എംഎസ് വോട്ടിങ്ങിലൂടെ പുറത്തു പോകരുതെന്ന് ആഗ്രഹം ഉള്ളതിനാലുമാണ് ഈ അഭ്യര്‍ഥന നടത്തുന്നതെന്നും അദ്ദേഹം പോസ്റ്റില്‍ പറയുന്നു. നമ്മള്‍ മലയാളികള്‍ ഒന്ന് ആഞ്ഞുപിടിച്ചാല്‍ തീരാവുന്ന പ്രശ്‌നമേയുള്ളൂ എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.എ.ആര്‍. റഹ്മാന്റെ സാന്നിധ്യത്തില്‍ അദ്ദേഹത്തിന്റെ ‘ജയ് ഹോ’ എന്ന ഗാനം ആലപിച്ചാണ് യുമ്‌ന സംഗീത പ്രമികളുടെ പ്രിയങ്കരിയായത്. 2015 ല്‍ ഇന്ത്യന്‍ ഐഡോള്‍ ജൂനിയറില്‍ പങ്കെടുത്തിരുന്നു. അന്നും മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും എസ്എംഎസ് വോട്ടിങ്ങില്‍ പിന്തള്ളപ്പെടുകയായിരുന്നു. സീ ടിവി മലയാളികള്‍ അധികം കാണാത്തതിനാല്‍ മലയാളികളുടെ വോട്ട് ലഭിക്കാത്തതാണ് അന്ന് യുമ്‌നയ്ക്കു വിനയായത്.
yumna1
മലപ്പുറം വേങ്ങര സ്വദേശിനിയായ ഈ പതിനൊന്നുകാരി തിരൂര്‍ ഇക്രു ഇംഗ്‌ളീഷ് മീഡിയം ഹൈസ്കൂളില്‍ ആറാം ക്‌ളാസ് വിദ്യാര്‍ഥിനിയാണ്. കഴിഞ്ഞ വര്‍ഷത്തെ ജില്ലാ സ്കൂള്‍ കലോത്സവത്തില്‍ യുപി വിഭാഗം ലളിതഗാനം, അറബിക് പദ്യംചൊല്ലല്‍, മാപ്പിളപ്പാട്ട് എന്നിവയില്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി. ഹിന്ദി മാതൃഭാഷയായവരെ പിന്നിലാക്കി യുമ്‌ന അജിന്റെ കുതിപ്പ്. ഗസല്‍, ഹിന്ദി ക്‌ളാസിക്കല്‍, പാശ്ചാത്യ സംഗീതം എന്നീ വിഭാഗങ്ങളിലാണ് മത്സരം. ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ മുംബൈയില്‍ നടത്തിയ ഓഡിഷനില്‍ ഒരു ലക്ഷം കുട്ടികളില്‍നിന്നാണ് യുമ്‌ന ഉള്‍പ്പെടെ 15 പേരെ തെരഞ്ഞെടുത്തത്. ഫെബ്രുവരി 26ന് സംപ്രേഷണം തുടങ്ങിയ പരിപാടി അഞ്ച് എപ്പിസോഡ് പിന്നിട്ടപ്പോള്‍ അഞ്ചുപേര്‍ പുറത്തായി. ഹിന്ദി ചാനലാണെങ്കിലും സംഗീതത്തെ സ്‌നേഹിക്കുന്ന മലയാളികളുള്‍പ്പെടെയുള്ളവര്‍ പിന്തുണക്കുമെന്ന വിശ്വാസത്തിലാണ് യുമ്‌നയുടെ ഉമ്മ ഫാസിനയും ഗുരു ഷാജി കുഞ്ഞനും സഹോദരങ്ങളായ റിത്യ അജിനും സെല്ല മെഹകും.

ഒരു പ്രമുഖ മലയാളം ചാനല്‍ കുട്ടികള്‍ക്കു വേണ്ടി നടത്തിയ മാപ്പിളഗാന റിയാലിറ്റി ഷോയുടെ ഫൈനലിലെത്തിയതോടെയാണ്  യുമ്‌ന ആദ്യമായി ശ്രദ്ധി്ക്കപ്പെട്ടത്. നാലു വര്‍ഷം മുമ്പായിരുന്നു ഇത്. ഇപ്പോള്‍ ‘സരിഗമപ’യില്‍ യുമ്‌ന പാടിയ പാട്ടുകള്‍ യു ട്യൂബിലും തരംഗമാവുകയാണ്. മയ മയ എന്ന് തുടങ്ങുന്ന ഗാനം ഇതിനോടകം ആറര ലക്ഷം പേര്‍  കണ്ടു. പരിപാടിയില്‍ പങ്കെടുക്കുന്നതിന്റെ ഭാഗമായി ഉപ്പ അജിന്‍ ബാബുവിനൊപ്പം മുംബൈയില്‍ താമസിക്കുന്ന യുമ്‌ന ഇതിനോടകം ബോളിവുഡ് നടന്മാരുള്‍പ്പെടെ അണിനിരന്ന സംഗീത പരിപാടികളിലും പങ്കാളിയായിട്ടുണ്ട്. സീ ടിവിയില്‍ റിയാലിറ്റി ഷോയില്‍ ഗസ്റ്റായി വന്ന ഏ.ആര്‍. റഹ്മാനെ അമ്പരിപ്പിക്കുന്ന ആലാപനമാണ് യുമ്‌ന നടത്തിയത്. പാട്ടിനു ശേഷം വിശേഷങ്ങള്‍ തിരക്കി റഹ്മാന്‍ മിടുക്കി ആയി വരട്ടെയെന്ന് അനുഗ്രഹിക്കുകയും ചെയ്തു. നാദിര്‍ഷയുടെ അഭ്യര്‍ത്ഥന മാനിച്ച് നിരവധി ആളുകളാണ് പോസ്റ്റ് ഷെയര്‍ ചെയ്യുന്നത്. ഓണ്‍ലൈനായും വോട്ടു ചെയ്യാനുള്ള സംവിധാനമുണ്ട്.

Related posts