താൻ എപ്പോഴും ആരുടെയോ നിരീക്ഷണത്തിൽ ആണെന്നു ഒരാൾ മനസിലാക്കിയാൽ? എത്രത്തോളം അസ്വസ്ഥതാ ജനകമായിരിക്കും അത്.
ഇംഗ്ലണ്ടിലെ ഒരു യുവതി ഇക്കാര്യം തിരിച്ചറിഞ്ഞു. തന്റെ ഒാരോ ചലനങ്ങളും ഒരാൾ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു. അതു തന്റെ മുൻ കാമുകനാണെന്നു കൂടി തിരിച്ചറിഞ്ഞതോടെ അവൾക്ക് ഉറക്കമില്ലാതായി.
അയാൾ തന്നെ നിരീക്ഷിക്കുന്നു എന്നു മാത്രമല്ല, പലേടത്തുനിന്നും താനറിയാതെ പകർത്തിയ ചിത്രങ്ങളും മറ്റും അയച്ചു തരാൻ തുടങ്ങിയതോടെ അവളുടെ നിയന്ത്രണം തെറ്റി.
വേണ്ടത്ര മനസിലാക്കാതെ ആരുടെയെങ്കിലും കൂടി ചങ്ങാത്തംകൂടുന്നവർക്കു മുന്നറിയിപ്പാണ് ഇവളുടെ ജീവിതം.
മുൻ കാമുകനെക്കൊണ്ടു പൊറുതിമുട്ടിയ കഥയാണ് 39കാരി ബെതാനി ഈഗിൾ പറയുന്നത്. തെക്ക്-പടിഞ്ഞാറ് ഇംഗ്ലണ്ടിൽ കോണ്‍വാളിലാണ് സംഭവം. ഡേവിഡ് മലോണ്‍ എന്നാണ് നിരീക്ഷകൻ കാമുകന്റെ പേര്.
പിന്നാലെയുണ്ട് !
ഇരുവരും ഏറെക്കാലം സ്നേഹത്തിലായിരുന്നു. വിവാഹം കഴിക്കാതെ തന്നെ ഇണകളെപ്പോലെ അവർ ജീവിച്ചു.
പെട്ടെന്നൊരു ദിവസം ഇരുവർക്കുമിടയിൽ പ്രശ്നം ഉണ്ടാവുകയും ഇവർ പിരിയാൻ തീരുമാനിക്കുകയും ചെയ്തു. പിരിഞ്ഞിട്ടും ബെതാനിയെ വെറുതെ വിടാൻ മലോണ്‍ തയാറായില്ല.
ബെതാനി എവിടെപ്പോയാലും മലോണ്‍ രഹസ്യമായി പിന്തുടരാൻ തുടങ്ങി. പാർക്കിൽ, റസ്റ്ററന്റിൽ എന്നുവേണ്ട എവിടെ ബെതാനി പോയാലും മലോണ്‍ അവിടെ എവിടെയെങ്കിലും ചുറ്റിപ്പറ്റി കറങ്ങി നടപ്പുണ്ടായിരിക്കും. പല സന്ദർഭങ്ങളിലും ബെതാനി മലോണിനെ കണ്ടിട്ടുമുണ്ട്.
മലോണിയുടെ ഈ നീക്കം ബെതാനിയെ വല്ലാതെ ഭയപ്പെടുത്തി. ഇയാളെന്തിനാ എന്റെ പിന്നാലെ ഇങ്ങനെ നടക്കുന്നത്. ബെതാനിക്ക് ഒരു എത്തും പിടിയും കിട്ടിയില്ല.
പല രാത്രികളിലും ബെതാനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. അവൾ ആകെ ഭയപ്പെട്ടു. എങ്ങനെയാണ് ഇയാൾ തന്റെ യാത്രകൾ കണ്ടെത്തുന്നത്?
കവർ എത്തി
അങ്ങനെയിരിക്കേ ഒരു ദിവസമാണ് ബെതാനിക്ക് ഒരു കവർ കിട്ടുന്നത്. അതു പൊട്ടിച്ചു നോക്കിയ ബെതാനി ഞെട്ടിപ്പോയി. അടുത്തിടെ ബെതാനിയൊരു വെള്ളച്ചാട്ടം കാണാൻ പോയിരുന്നു.
ഈ വെള്ളച്ചാട്ടത്തിനു സമീപമുള്ള ഉയർന്ന പാറയിൽ നിൽക്കുന്ന തന്റെ ചിത്രമാണ് ആ പായ്ക്കറ്റിൽ. ഈ കവറിൽ മലോണ്‍ ഇങ്ങനെ കുറിച്ചു. ഇതു നിനക്കുള്ളതാണ്…
വളരെ അകലെനിന്ന് ആധുനിക കാമറയിലാണ് ഈ ചിത്രം മലോണ്‍ പകർത്തിയത്. ഈ സംഭവത്തോടെ ബെതാനി ഒരു കാര്യം തീരുമാനിച്ചു. മലോണിയെ നിലയ്ക്കു നിർത്തിയില്ലെങ്കിൽ പ്രശ്നമാണ്.
അവൾ കോണ്‍വാൾ മജിസ്ട്രേറ്റ് കോടതിയിൽ കേസ് നൽകി. ബെതാനിയെ മലോണ്‍ ഒരു കാരണവും ഇല്ലാതെ ഭ്രാന്തമായി പിന്തുടരുന്നതു ശരിയല്ലെന്നു കോടതിക്കു ബോധ്യപ്പെട്ടു.
കോടതി മലോണിനെ ശിക്ഷിച്ചു. 1600 പൗണ്ട് ഫൈൻ മലോണിനു ചുമത്തി. കൂടാതെ കോടതിച്ചെലവിനായി 245 പൗണ്ട് ഫൈനും ചുമത്തി.
ഇതിനിടെ, മറ്റൊരു രഹസ്യവും അവൾ കണ്ടെത്തി. അവളുടെ നീക്കങ്ങൾ കണ്ടെത്താൻ അയാൾ അതീവ രഹസ്യമായി അവളുടെ കാറിൽ ഒരു ട്രാക്കർ സ്ഥാപിച്ചിരുന്നു.
മാത്രമല്ല കിടപ്പറയിൽനിന്നു രഹസ്യ കാമറ ഘടിപ്പിച്ച ഒരു ക്ലോക്കും അവൾ കണ്ടെത്തി. ഇയാൾ ഇനിയും ഇത്തരം ഉപകരണങ്ങൾ എവിടെങ്കിലും ഘടിപ്പിച്ചിട്ടുണ്ടാകുമെന്ന ഭീതിയിലാണവൾ ഇപ്പോഴും.