കറാച്ചി: പാക്കിസ്ഥാന്റെ മധ്യനിര താരം യൂനിസ് ഖാന് അന്താരാഷ്്ട്ര ക്രിക്കറ്റില്‍നിന്നു വിരമിക്കുന്നു. വെസ്റ്റ് ഇന്‍ഡീസിനെതിരേ നടക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കു ശേഷം താന്‍ ക്രിക്കറ്റിനോടു വിടപറയുമെന്ന് നാല്പതുകാരനായ യൂനിസ് ഖാന് പറഞ്ഞു. പാക് നായകന് മിസ്ബാ ഉള് ഹഖ് വിടപറയല്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് യൂനിസ് ഖാന്റെയും തീരുമാനം എന്നതു ശ്രദ്ധേയമാണ്.
എല്ലാ ക്രിക്കറ്റര്‍മാരും ഒരു ദിവസം വിരമിച്ചേ മതിയാകൂ. അതുപോലെ ഞാനും വിരമിക്കുന്നു. വിന്‍ഡീസ് പര്യടനം അവസാനത്തേതാണ്. എന്നിരുന്നാലും പാക്കിസ്ഥാന് ക്രിക്കറ്റിന് ഇനിയും എന്റെ സേവനം ലഭ്യമാകും. അത് കളിക്കാരനെന്ന നിലയിലായിരിക്കില്ലെന്നു മാത്രം. -യൂനിസ് ഖാന് പറഞ്ഞു.
1999ല്‍ പെഷവാര്‍ ടീമിനു വേണ്ടി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറിയ യൂനിസ് ഖാന് ആഭ്യന്തര ക്രിക്കറ്റില്‍ മിന്നും പ്രകടനം കാഴ്ചവച്ചു. ശ്രീലങ്കയ്ക്കെതിരേ 2000ലാണ് യൂനിസ് അരങ്ങേറിയത്. പാക്കിസ്ഥാന്റെ എക്കാലത്തെയും മികച്ച ബാറ്റ്സ്മാന്മാരില് ഒരാളായാണ് യൂനിസ് അറിയപ്പെടുന്നത്.
എന്നാല്‍, മികച്ച ഫോമില്‍ നില്‍ക്കുമ്പോഴും പലതവണ പാക് ടീമില്‍നിന്ന് യൂനിസിനെ ഒഴിവാക്കിയിട്ടുണ്ട്. 2002-03ലെ ദക്ഷിണാഫ്രിക്കന്‍, ബംഗ്ലാദേശ് പര്യടനങ്ങളില്‍നിന്ന് ഒഴിവാക്കപ്പെട്ടു. 2004ല്‍ ഉജ്വല തിരിച്ചുവരവു നടത്തിയ യൂനിസ് ഖാന് ശ്രീലങ്കയ്ക്കെതിരേയും ഇന്ത്യക്കെതിരേയും മിന്നും ഫോം പ്രകടിപ്പിച്ചു.
2005-06 പരമ്പരയില്‍ 110.6 ശരാശരിയിലാണ് യൂനിസ് റണ്‍സ് വാരിക്കൂട്ടിയത്. 2005 മുതല്‍ നായകനായും ദീര്‍ഘകാലം തിളങ്ങി. 2009ലെ ലങ്കന്‍ പര്യടനത്തില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ട്രിപ്പിള്‍ സെഞ്ചുറി നേടിയതോടെ ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ ഏഷ്യന്‍ രാജ്യങ്ങളില്‍നിന്നുള്ള താരമായി. 2009ലെ ട്വന്റി-20 ലോകകപ്പ് പാക്കിസ്ഥാന് നേടുമ്പോള്‍ നായകന് യൂനിസ് ഖാനായിരുന്നു.
2010ല്‍ പാക് ക്രിക്കറ്റ് ബോര്‍ഡ് യൂനിസ്ഖാന് വിലക്കേര്‍പ്പെടുത്തിയത് ഞെട്ടലുണ്ടാക്കി. 2011ലാണ് പിന്നീട് ടീമിലെത്തുന്നത്. തിരിച്ചുവരവിലും യൂനിസ് ഖാന് ഉജ്വലഫോമിലായിരുന്നു. ടെസ്റ്റില്‍ 9000 റണ്‍സ് പിന്നിടുന്ന ഏക പാക് ക്രിക്കറ്റര്‍ കൂടിയാണ് യൂനിസ്.
115 ടെസ്റ്റില്‍ 53.06 ശരാശരിയില്‍ 9977 റണ്‍സാണ് യൂനിസ് ഖാന്റെ ടെസ്റ്റിലെ സമ്പാദ്യം. 34 സെഞ്ചുറികളും 32 അര്‍ധസെഞ്ചുറികളും ആ കരിയറിനു തിളക്കം കൂട്ടി. 265 ഏകദിനങ്ങളില്‍നിന്ന് 7249 റണ്‍സും 25 ട്വന്റി-20 മത്സരങ്ങളില്‍നിന്ന് 442 റണ്‍സും യൂനിസ് ഖാന് നേടിയിട്ടുണ്ട്.