പെരുമ്പടവ്: തല ചായ്ക്കാൻ സ്വന്തമായൊരിടം ഏതൊരാളുടെയും സ്വപ്നമാണ്. വർഷങ്ങൾക്കു മുമ്പേ യുസുഫ് മൗലവിയും കുടുംബവും ആ സ്വപ്നം കണ്ടിരുന്നു. സാമ്പത്തിക പരാധീനതയും ജീവിത പ്രാരാബ് ധവും സ്വന്തമായി ഒരു തുണ്ടു ഭൂമി പോലും ഇല്ലാത്ത കുടുംബം ആ സ്വപ്നം മനസിൽ പൂട്ടിവച്ചിരിക്കുകയായിരുന്നു. എന്നാൽ ആലക്കാട് ശാഖ മുസ്ലിം യൂത്ത് ലീഗിന്റെ കൂട്ടായ്മ അലിവ് ചാരിറ്റബിൾ സൊസൈറ്റി ഇന്ന് ആ സ്വപ്നം യാഥാർഥ്യമാക്കി.
യുസുഫ് മൗലവിയും ഭാര്യയും മൂന്നുമക്കളും അടങ്ങുന്ന കുടുംബം വർഷങ്ങളായി വാടക വീട്ടിൽ കഴിയുന്നു. അസുഖം കാരണം ജോലി ചെയ്യാൻ കഴിയാത്തതു കൊണ്ടു മദ്രസാ അധ്യാപനത്തിൽ നിന്നും ലഭിക്കുന്ന തുഛമായ വരുമാനവും ഇല്ലാതായി.
ആലക്കാട്ടെ അലിവ് ചാരിറ്റബിൾ സൊസെറ്റി പ്രവർത്തകർ യുസുഫ് മൗലവിയുടെ ഈ സങ്കടമറിഞ്ഞപ്പോൾ ഉദാരമതികളുടെ സഹായത്താൽ വീടും സ്ഥലവും നൽകാൻ സന്നദ്ധത അറിയിക്കുകയായിരുന്നു. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ഓർമക്കായി മുസ്ലിം ലീഗ് നടപ്പാക്കുന്ന ആലക്കാട് ശാഖയിലെ രണ്ടാമത്തെ ബൈത്തുറഹ്മയാണ് ഇത്. ഒരുവർഷം മുന്നേ എട്ടു ലക്ഷം രൂപ ചെലവിൽ ആലി മുഹമ്മദിനും കുടുംബത്തിനും വിടും അഞ്ച് സെന്റ് സ്ഥലവും നൽകി.
ആലക്കാട് ഊരടിയിൽ കല്ലടത്ത് അബൂബക്കർ ഹാജി അലിവിനു സൗജന്യമായി നൽകിയ 35 സെന്റ് സ്ഥലത്താണ് ഒമ്പതു ലക്ഷം രൂപ ചെലവിൽ രണ്ടാം ബൈത്തുറഹ്മ നിർമിച്ചു യൂസുഫ് മൗലവിക്കും കുടുംബത്തിനും കൈമാറിയത്. പത്തു ലക്ഷത്തോളം രൂപ ചെലവിൽ ആലക്കാട്, ഏര്യം, ഏഴും വയൽ ഹരിജൻ കോളനി ഉൾപ്പെടെ കെഎംസിസിയുടെ സഹായത്തോടെ കുടിവെള്ള പദ്ധതി, മാസാന്ത ചികിത്സാ സഹായം, കക്കൂസ് നിർമാണം, വീട് റിപ്പയറിംഗ് ഉൾപ്പെടെ ഒട്ടേറെ കാരുണ്യ പ്രവർത്തനങ്ങളാണു കഴിഞ്ഞകാല അലിവിന്റെ പ്രവർത്തനങ്ങൾ.
ഇന്നു രാവിലെ നടന്ന രണ്ടാം ബൈത്തുറഹ്മ മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ സെക്രട്ടറി ഇബ്രാഹിം കുട്ടി തിരുവട്ടൂർ ഉൽഘാടനം ചെയ്തു. പി ബഷീർ അധ്യക്ഷത വഹിച്ചു. ആലക്കാട് ജുമാ മസ്ജിദ് ഖത്തീബ് അബൂബക്കർ ബാഖവി പ്രാർഥനയ്ക്കു നേതൃത്വം നൽകി.
കെ.കെ ആലിഹാജി, ശിഹാബ് ചെറുകുന്നോൻ, പി.വി അബ്ദുൾ ഖാദർ ഹാജി, യു.എൻ അബ്ദുറഹ്മാൻ, സി.ഉമ്മർ ഹാജി, ഒ.പി ഉമ്മർ കുട്ടി, കല്ലടത്ത് അബൂബക്കർ ഹാജി, ഒ.പി അബ്ദുല്ല ഫൈസി, ഒ.പി കുഞ്ഞഹമ്മദ് അസ്അദി, എം.പി മുബഷീർ, എം.കെ മമ്മു, എം.കെ ശഫീഖ് അസ്അദി, സൈഫുദ്ധീൻ കണ്ണങ്കെ, കെ.അനസ്, ഒ.പി അൻഷാദ്, പി.എ അനസ്, എം.പി മുർഷിദ്, പി.ഹസൻ, ടി.കെ അഷ്റഫ്, റിയാസ് കൊമ്മച്ചി, കെ.അബ്ദുൾ ജബ്ബാർ, ടി.കെ. അബ്ദുറഹ് മാൻ, അബ്ദുറഹ്മാൻ ഹാജി, അബ്ദുൽ റാസിഖ് എന്നിവർ പ്രസംഗിച്ചു. പഞ്ചായത്തംഗം ജംഷീർ ആലക്കാട് സ്വാഗതവും പി. അബ്ദു റഹ് മാൻ നന്ദിയും പറഞ്ഞു.