പീരുമേട്: കൈക്കൂലി വാങ്ങുന്നതിനിടെ തഹസിൽദാർ കുടുങ്ങി. പീരുമേട് എൽഎ തഹസിൽദാർ യൂസഫ് റാവുത്തറാണ് വിജിലൻസിന്റെ വലയിൽ കുടുങ്ങിയത്.
ഉപ്പുതറ കുവലേറ്റം സ്വദേശി വിധവയായ വീട്ടമ്മയിൽനിന്നും കൈക്കൂലി വാങ്ങുന്നതിനിടയിലാണ് ഇയാൾ പിടിയിലായത്.
വാഗമണ്‍ വില്ലേജിൽപ്പെട്ട കുവലേറ്റം കണിശേരിൽ രാധാമണി സോമനിൽനിന്നും പട്ടയം നൽകാൻ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് എൽ എ തഹസിൽദാർ പിടിയിലായത്.
രാധാമണി സോമന്റെ കൈവശമുള്ള 2.16 ഏക്കർ ഭൂമിയുടെ പട്ടയ നടപടികൾ 2015-ൽ പൂർത്തിയാക്കിയിരുന്നു. എന്നാൽ പട്ടയം നൽകാൻ ഉദ്യോഗസ്ഥർ തയാറായില്ല.
പട്ടയത്തിനായി നിരന്തരം താലൂക്കോഫീസ് കയറിയിറങ്ങിയ രാധാമണിയോട് അന്‍പതിനായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ടു.
തന്റെ നിവൃത്തികേട് അറിയിച്ചിട്ടിട്ടും ഉദ്യോഗസ്ഥർ വഴങ്ങിയില്ല. ഇതേതുടർന്ന് രാധാമണി വിജിലൻസിൽ പരാതി നൽകുകയായിരുന്നു.
വിജിലൻസിന്റെ നിർദേശമനുസരിച്ച് രാധാമണി ഇരുപതിനായിരം രൂപ തഹസിൽദാർക്കു നൽകി.
50000 രൂപ തികച്ചു വേണമെന്നാവശ്യപ്പെട്ട് ഈ പണം വാങ്ങാൻ ഇയാൾ ആദ്യം തയാറായില്ല. ഇത് ആദ്യ ഗഡുവാണെന്ന് പറഞ്ഞാണ് 20000 രൂപ കൊടുത്തത്.
ഇടുക്കി വിജിലൻസ് ഡിവൈഎസ്പി പി.കെ. രവീന്ദ്രന്റെ നേതൃത്വത്തിലാണ് എൽഎ തഹസിൽദാരെ അറസ്റ്റുചെയ്തത്. യൂസഫ് റാവുത്തറെ ഇന്ന് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കും.