കൽപ്പറ്റ: അപകടത്തിൽ നട്ടെല്ല് തകർന്നിട്ടും ജീവിതം തിരിച്ചുപിടിച്ച് സമൂഹത്തിനു മുന്നിൽ അധ്യാപകന്റെ വിജയസ്മിതം. അഞ്ചുകുന്ന് ഗാന്ധി മെമ്മോറിയൽ യുപി സ്കൂൾ അധ്യാപകൻ പി. യൂസഫാണ് തകർന്ന നട്ടെല്ലുമായി സമൂഹത്തിൽ തലയുയർത്തി നിൽക്കുന്നത്.
അരയ്ക്കുതാഴെ തളർന്ന് ശയ്യാവലംബികളായവർക്കു പ്രചോദനമാകാൻ സ്പൈനൽ കോഡ് എന്ന പേരിൽ വാട്സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയ യൂസഫ് ഇതേപേരിൽ പുസ്തകവും എഴുതി. അപകടത്തിൽപ്പെട്ടതുമുതൽ തിരികെ ജോലിയിൽ പ്രവേശിച്ചതുവരെയുള്ള സംഭവങ്ങളാണ് സ്പൈനൽ കോഡിലൂടെ യൂസഫ് വായനക്കാരിൽ എത്തിക്കുന്നത്.
വിദ്യാലയത്തിൽ മാർച്ച് രണ്ടിനു വാർഷികാഘോഷത്തിനിടെയാണ് പുസ്തക പ്രകാശനം. കൂളിവയൽ പതുക്കുടി ഇബ്രാഹിം-ഫാത്തിമ ദന്പതികളുടെ മകനാണ് മുപ്പത്തഞ്ചുകാരനായ യൂസഫ്. ഭാര്യ ഹഫ്സത്തും മൂന്നു മക്കളും അടങ്ങുന്നതാണ് കുടുംബം. 2015 ജനുവരി 31നാണ് യൂസഫിന്റെ നട്ടെട്ടു തകരാനിടയായ അപകടം. സമീപവാസിയുടെ നിർമാണത്തിലുള്ള വീട് സന്ദർശിക്കാൻ പോയതായിരുന്നു യൂസഫ്.
താത്കാലികമായി ഉറപ്പിച്ചുവെച്ച കൂറ്റൻ ഗെയ്റ്റ് വീണത് യൂസഫിന്റെ ദേഹത്ത്. നട്ടെല്ല് പൊട്ടി സുഷ്മന നാഡിക്ക് ക്ഷതമേറ്റ യൂസഫിന്റെ അരയ്ക്കുതാഴെ തളർന്നു. എന്നാൽ മനോബലത്തിന്റെ കരുത്തിൽ യൂസഫ് ജീവിതത്തിലേക്ക് തിരിച്ചുവന്നു. തോൽക്കാൻ മനസില്ലെന്നു സമൂഹത്തിനു കാണിച്ചുകൊടുത്തു.
വീട്ടുകാരുടെയും സഹപ്രവർത്തകരുടെയും പിന്തുണയും പ്രാർത്ഥനയുമാണ് രോഗാവസ്ഥയോടു പൊരുതാനും ജോലിയിൽ തിരികെയെത്താനും സഹായകമായതെന്ന് യൂസഫ് പറഞ്ഞു. വീൽചെയറിലാണ് വീട്ടിൽനിന്നു വിദ്യാലയത്തിലേക്കും തിരിച്ചും യൂസഫിന്റെ യാത്ര. യൂസഫിന്റെ സൗകര്യാർഥം ഉറുദു ക്ലാസുകളെല്ലാം സ്കൂൾ അധികൃതർ താഴെത്ത നിലയിലാക്കി. റാംപ് സൗകര്യവും ഏർപ്പെടുത്തി. ജോലിയിൽ തിരികെ പ്രവേശിച്ചതിനുശേഷമാണ് സ്പൈനൽകോഡിന്റെ രചന പൂർത്തിയാക്കിയത്.
മാനന്തവാടി നീർമാതളം ബുക്സാണ് പ്രസാധകർ. പുസ്തക വിൽപനയിലൂടെ ലഭിക്കുന്ന പണം ജീവകാരുണ്യ പ്രവർത്തനത്തിനു വിനിയോഗിക്കാനാണ് യൂസഫിന്റെ തീരുമാനം. അപകടത്തിൽപ്പെട്ടും രോഗംബാധിച്ചും അരയ്ക്കുതാഴെ തളർന്നവരാണ് വാട്സ്ആപ്പ് ഗ്രൂപ്പിലെ 200 ഓളം അംഗങ്ങൾ. ഇവർക്ക് ആത്മവീര്യം പകരുന്നതിനു യൂസഫ് ആയുധമാക്കിയരിക്കയാണ് ഈ സമൂഹിക മാധ്യമം.