റസാഖ് കേച്ചേരി
കേച്ചേരി: കവിതയുടേയും പാട്ടിന്റെയും പാലാഴി കടഞ്ഞ് സിനിമയുടെ വിസ്മയങ്ങളിൽ വേറിട്ട ചരിത്രം എഴുതിച്ചേർത്ത യൂസഫലി കേച്ചേരി ഓർമ്മയായിട്ട് രണ്ടുവർഷം പൂർത്തിയാവുന്നു. കവിയായിരിക്കേ തന്നെ, സാരഗംഭീരങ്ങളായ സിനിമാ ഗാനങ്ങളെഴുതുവാനും പതിവു രീതികളിൽനിന്നു മനഃപൂർവ്വം വ്യതിചലിച്ച് തിരക്കഥയെഴുതി സിനിമ നിർമിക്കുവാനും സംവിധാനം ചെയ്യുവാനും സമയം കണ്ടെത്തിയെന്നതാണ് യൂസഫലി കേച്ചേരിയുടെ പ്രത്യേകത.
നാടൻപാട്ടുകളുടെ നാട്ടുവെളിച്ചത്തിൽ മാപ്പിളപ്പാട്ടുകൾ ഇശലിട്ടുമൂളുന്ന തൃശൂർ ജില്ലയിൽ ചൂണ്ടൽ പഞ്ചായത്തിന്റെ ആസ്ഥാനമായ കേച്ചേരിയിൽ 1934 മെയ് 16-നാണ് യൂസഫലി കേച്ചേരിയുടെ ജനനം. പരന്പരാഗത മുസ്ലീം കുടുംബത്തിൽ ചീന്പയിൽ അഹമ്മദിന്റേയും നജ്മക്കുട്ടിയുടേയും രണ്ടാമത്തെ മകനായ യൂസഫലിയെ ചെറുപ്പം തൊട്ടേ സ്വാധീനിച്ചത് കവിതകളായിരുന്നു.ഇളംകുന്നുകളും കായലോരങ്ങളും അടക്കം പറയുന്ന കേച്ചേരിയുടെ നനുത്ത പ്രഭാതങ്ങളും മിനുത്ത സായന്തനങ്ങളും യൂസഫലിയിലെ കവിയെ തിരിച്ചറിഞ്ഞപ്പോൾ മലയാളത്തിനു മനസിലിട്ടോമനിക്കാൻ മികവാർന്ന കവിതകളും വിശ്വസുന്ദരങ്ങളായ സിനിമാ ഗാനങ്ങളുമുണ്ടായി.
1954-ൽ മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ബാലപംക്തിയിൽ ഞാൻ കൃതാർത്ഥൻ എന്ന കവിത എഴുക്കൊണ്ടായിരുന്നു തുടക്കം. തുടർന്ന് സ്ഥിരപരിശ്രമത്തിന്റെയും പ്രൗഢമായ സംസ്കൃത ഹിന്ദ – ആംഗല ഭാഷാ പരിജ്ഞാനത്തിന്റെയും പിൻബലത്തിൽ ’അഞ്ചു കന്യകകൾ, ആയിരം നാവുള്ള മൗനം, കേച്ചേരിപ്പുഴ, ഓർമ്മയ്ക്ക് – താലോലിക്കാൻ, ആലില, നാദബ്രഹ്്മം, മുഖപടമില്ലാതെ, അമൃത്’ തുടങ്ങി കാവ്യസമാഹാരഹങ്ങളും ’സൈനബ, രാഘവീയം’ എന്നീ നീണ്ടകവിതകളും ആയിരത്തിൽപ്പരം സിനിമാഗാനങ്ങളും സിന്ദൂരച്ചെപ്പ് എന്ന തിരക്കഥയും യൂസഫലിയിൽനിന്നും മലയാളത്തിനു ലഭിച്ചു. നിരന്തരമായ കാവ്യോപാസനയിൽ ഈ കേച്ചേരിക്കാരൻ കവിയെ തേടിയെത്തിയത് തിളക്കമാർന്ന ബഹുമതികൾ തന്നെയാണ്.
കേരള സാഹിത്യ അക്കാദമി അവാർഡ്, കവനകൗതുകം അവാർഡ്, ഓടക്കുഴൽ അവാർഡ്, ആശാൻ പ്രൈസ് ഫോർ പോയട്രി, നാലപ്പാടൻ അവാർഡ്, ഒളപ്പമണ്ണ അവാർഡ്, ഉള്ളൂർ അവാർഡ്, വള്ളത്തോൾ അവാർഡ് എന്നീ കവിതാ പുരസ്കാരങ്ങൾക്കൊപ്പം സിനിമാ ലോകവും യൂസഫലിയെ ആദരിക്കാനെത്തി. കേരള സ്റ്റേറ്റ് ഫിലിം അവാർഡ്, ലൂമിയർ അവാർഡ്, ഫിലിം ക്രിട്ടിക്സ് അവാർഡ്, കേരള സ്റ്റേറ്റ് ഫിലിം അവാർഡ്, അറേബ്യ ഫിലിം അവാർഡ്, സഹൃദയ തിലക അവാർഡ് എന്നിവയ്ക്കൊപ്പം 2000-ൽ കേന്ദ്ര സർക്കാരിന്റെ ദേശീയ പുരസ്കാരവും യൂസഫലി നേടിയെടുത്തു.
സിനിമയിൽ സംസ്കൃത ഗാനങ്ങളെഴുതി ലോക റിക്കാർഡ് സൃഷ്ടിച്ച യൂസഫലി കേച്ചേരി 1962-ൽ രാമു കാര്യാട്ട് സംവിധാനംചെയ്ത മൂടുപടം എന്ന ചിത്രത്തിൽ മയിലാഞ്ചി തോപ്പിൽ മയങ്ങിനിൽക്കുന്ന മൊഞ്ചത്തി എന്ന ഗാനമെഴുതിക്കൊണ്ടായിരുന്നു സിനിമാ രംഗത്തെത്തിയത്.
കലയ്ക്കുവേണ്ടി അഭിഭാഷകവൃത്തി വേണ്ടെന്നുവെച്ച യൂസഫലി, കേരള സംഗീത നാടക അക്കാദമി, കേരള സാഹിത്യ അക്കാദമി, ഓൾ ഇന്ത്യാ റേഡിയോ എന്നീ സാംസ്കാരിക – വാർത്താ കേന്ദ്രങ്ങളിലും സേവനമനുഷ്ഠിച്ചു. സിനിമാ ഗാനരചനയ്ക്കൊപ്പം സിന്ദൂരച്ചെപ്പ്, മരം, വനദേവത, നീലത്താമര എന്നീ ചിത്രങ്ങൾ നിർമിക്കുകയും സിന്ദൂരച്ചെപ്പൊഴിച്ച് മറ്റു മൂന്നു സിനിമകളും സംവിധാനം ചെയ്യുകയും ചെയ്ത യൂസഫലി കവിതയുടേയും സിനിമയൂടേയും തനതായ പ്രതീക്ഷകൾ മുഴുമിക്കാതെയാണ് യാത്രയായത്.