നെടുമ്പാശേരി: കാറിന് പിന്നിൽ നായയെ കെട്ടിയിട്ട് നടുറോഡിലൂടെ വലിച്ചെഴിച്ച് ക്രൂരമായി പീഡിപ്പിച്ച സംഭവത്തിൽ കുന്നുകര ചാലയ്ക്ക കൊന്നം വീട്ടിൽ യൂസഫി (62) നെ ചെങ്ങമനാട് പോലീസ് അറസ്റ്റ് ചെയ്തു.
ഇയാളുടെ പേരിൽ ഐ പി സി 428 മൃഗസംരക്ഷണ നിയമം, സെക്ഷൻ 11 – എ, ബി വകുപ്പുകൾ അനുസരിച്ചാണ് കേസെടുത്തിട്ടുള്ളതെന്ന് ചെങ്ങമനാട് പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ പി.എ. ജോസ് അറിയിച്ചു.
ഇയാളുടെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കുവാനുള്ള നടപടികൾ ട്രഫിക് ഡിപ്പാർട്ടുമെന്റ് ആരംഭിച്ചിട്ടുണ്ട്.
നായയെ ക്രൂരമായി മർദ്ദിച്ചതിന് പിടിയിലായ യൂസഫിനെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. കുന്നുകര-ചാലയ്ക്ക റോഡിലൂടെ കെ എൽ ജെ.6373-ാം നമ്പർ ടാക്സി കാറിന്റെ പിന്നിൽ കെട്ടിയിട്ടാണ് നായയെ കെട്ടിവലിച്ചത്.
ഇതുവഴി മോട്ടോർ ബൈക്കിൽ വന്ന അങ്കമാലി കരിമ്പാത്തൂർ അഖിൽ വീഡിയോയിൽ പകർത്തി സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പൊതു സമൂഹം ഏറ്റെടുത്തത്. മൂന്ന് കിലോമീറ്ററോളം നായയെ റോഡിലൂടെ കെട്ടിവലിച്ചു.
ഈ നായയെ പറവൂർ സർക്കാർ മൃഗാശുപത്രിയിൽ എത്തിച്ചു ഡോക്ടർ ചന്ദ്രകാന്തിന്റെ നേതൃത്വത്തിൽ ആവശ്യമായ ചികിത്സ നൽകി. കാലിനും മസിലുകൾക്കുമാണ് പരിക്കുള്ളത് നായയെ പീന്നീട് നായകളുടെ സംരക്ഷണ കേന്ദ്രമായ ദയ ഷെൽട്ടറിലേയ്ക്ക് മാറി.
യൂസഫ് പോലീസിന് നൽകിയ മൊഴിയിൽ പറയുന്നത് ഇപ്രകാരമാണ്- ഒരു വർഷം മുൻപ് തന്റെ വീട്ടിൽ എവിടെയോ നിന്ന് വന്ന് കൂടിയതാണ് നായ. കഴിഞ്ഞ ഒരു വർഷം താൻ ഇതിനെ കുളിപ്പിച്ചും ഭക്ഷണം കൊടുത്തും പരിചരിച്ച് വരികയായിരുന്നു.
ഇത് പെണ്ണായതു കൊണ്ട് കഴിഞ്ഞ ഏതാനും മാസങ്ങളായി സമീപത്തുള്ള ആൺപട്ടികൾ വീട്ടിൽ വന്ന് ശല്യം ചെയ്യുവാൻ തുടങ്ങി.
പട്ടികളുടെ വരവു കൂടിയതുമൂലം ഉണ്ടായ വിസർജന വസ്തുക്കളും മറ്റും നീക്കം ചെയ്യുന്നത് പ്രശ്നമായി. കഴിഞ്ഞ മൂന്ന് മാസത്തിനകം പല പ്രാവശ്യം നായയെ ദൂരസ്ഥലങ്ങളിൽ കൊണ്ടാക്കിയെങ്കിലും ഇത് വീണ്ടും തിരിച്ച് എത്തി.
ഈ സാഹചര്യത്തിലാണ് വാഹനത്തിന്റെ ഡിക്കിയിൽ കെട്ടി വണ്ടി പതുക്കെ ഓടിച്ച് കുറച്ച് അകലെയുള്ള ഏതെങ്കിലും സ്ഥലത്ത് കൊണ്ടാക്കുവാൻ തീരുമാനിച്ചത്.
വണ്ടി പതുക്കെയാണ് ഓടിച്ചിരുന്നതെങ്കിലും നായ പുറകോട്ട് വലിച്ചതുകൊണ്ടാണ് റോഡിലൂടെ വലിച്ചഴിച്ച സംഭവം ഉണ്ടായതെന്നാണ് ഇയാൾ പറയുന്നത്.