കൊച്ചി: മെഷീനില്‍ ഷാള്‍ കുടുങ്ങി രണ്ടായി മുറിഞ്ഞ യുവതിയുടെ ശ്വാസനാളം വിജയകരമായി തുന്നിച്ചേർത്തു ലൂര്‍ദ് ആശുപത്രി ഡോക്ടർമാർ.
ലക്ഷദ്വീപ് സ്വദേശിനി സജ്ന സബാഹിനെ (22) യാണ് അതിസങ്കീര്‍ണമായ ട്രോമാറ്റിക് ട്രക്കിയല്‍ ട്രാന്‍സെക്ഷന്‍ ശസ്ത്രക്രിയയിലൂടെ ജീവിതത്തിലേക്കു തിരികെ കൊണ്ടുവന്നത്.
ആലപ്പുഴയിലെ നാഷണല്‍ കയര്‍ ട്രെയിനിംഗ് ആന്‍ഡ് ഡിസൈന്‍ സെന്ററിലെ പരിശീലനത്തിനിടെയാണ് സജ്ന അപകടത്തിൽപ്പെട്ടത്. മെഷീനില്‍ കുടുങ്ങിയ ഷാള്‍ കഴുത്തില്‍ വരിഞ്ഞുമുറുകി ശ്വാസനാളി മുറിയുകയായിരുന്നു.
ശ്വാസനാളിയുടെ താഴെഭാഗത്തു താല്കാലികമായി ദ്വാരമുണ്ടാക്കി ശ്വാസോഛ്വാസം നിലനിര്‍ത്താനുള്ള അടിയന്തര ശസ്ത്രക്രിയ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ നടത്തി. തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി ലൂര്‍ദ് ആശുപത്രിയിലെത്തിച്ചു.
ശ്വാസനാളി രണ്ടായി വേര്പെട്ടതിനൊപ്പം ശ്വാസനാളിയുടെ മുകള്‍ ഭാഗത്തിനും ശ്വാസനാളദ്വാരത്തിന്റെ താഴ്ഭാഗത്തിനും കഴുത്തിലെ ഞരമ്പുകള്‍ക്കും സാരമായ ക്ഷതവും സംഭവിച്ചിരുന്നു.
ലൂര്‍ദ് ആശുപത്രി മെഡിക്കല്‍ സൂപ്രണ്ടും സര്‍ജറി വിഭാഗം മേധാവിയുമായ ഡോ. സന്തോഷ് ജോണ്‍ ഏബ്രഹാമിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. നാലാംനാള്‍ കൂട്ടിച്ചേര്‍ത്ത ശ്വാസനാളിയിലൂടെ സജ്ന ശ്വസിച്ചു തുടങ്ങി.
ഏഴു ദിവസത്തിനുശേഷം സജ്ന സംസാരശേഷി വീണ്ടെടുത്തു വായിലൂടെ ആഹാരം കഴിച്ചു. ഒന്നരമാസത്തിനുശേഷം ആശുപത്രി വിട്ടു.
കേരളത്തിലെ ആദ്യത്തേതും ഇന്ത്യയിലെ രണ്ടാമത്തേതുമാണ് ഈ ശസ്ത്രക്രിയ എന്ന് ആശുപത്രി ഡയറക്ടര്‍ ഫാ. ഷൈജു അഗസ്റ്റിന് തോപ്പില്‍ പറഞ്ഞു.