പ്രാഞ്ചി പ്രാഞ്ചിയെത്തിയ വൃദ്ധന്‍ ബാറ്റെടുത്തതോടെ അടിയോടടി, വണ്ടറടിച്ച് കുട്ടികളും, ഒടുവില്‍ അയാളുടെ യഥാര്‍ഥ രൂപംകണ്ട് ഏവരും ഞെട്ടി!

yusufദില്ലി പാലം ഗ്രൗണ്ടാണ് വേദി. ഒരു പ്രഭാതം. കുട്ടികള്‍ ക്രിക്കറ്റ് പരിശീലനത്തിലാണ്. അപ്പോഴാണ് താടിയും മുടിയും നീട്ടി വളര്‍ത്തി കമ്പിളിക്കുപ്പായവുമിട്ട് കൂനിക്കൂടി ഒരു വൃദ്ധന്‍ എത്തിയത്. ഗ്രൗണ്ടിലെത്തിയതും കുട്ടികള്‍ക്ക് നിര്‍ദേശം നല്‍കാന്‍ തുടങ്ങി. വൃദ്ധന്റെ കോച്ചിംഗ് കേട്ട് കുട്ടികള്‍ മടുത്തു. പലരും പിറുപിറുക്കുകയും ചെയ്തു. മറ്റു ചിലരാകട്ടെ കളിക്കിടെ രസംകൊല്ലിയായി എത്തിയ വൃദ്ധനെ പ്രാകാനും തുടങ്ങി.

തനിക്കൊന്നു ബാറ്റ് ചെയ്യാന്‍ അവസരം നല്കണമെന്ന് വൃദ്ധന്‍ അവരോട് അഭ്യര്‍ഥിച്ചു. ആദ്യം കുട്ടികള്‍ സമ്മതിച്ചില്ല. ഒടുവില്‍ ശല്യം തീര്‍ക്കാന്‍ മൂന്നു പന്ത് ബാറ്റ് ചെയ്യാന്‍ അവസരം നല്കി. ബാറ്റ് ചെയ്യാനായി ക്രീസിലെത്തിയ വൃദ്ധന്റെ കൈയില്‍ നിന്ന് ബാറ്റ് തെറിച്ചുപോവുന്ന കാഴ്ചകണ്ട് കുട്ടികളെല്ലാം പിറുപിറുക്കാന്‍ തുടങ്ങി. എന്നാല്‍ പിന്നീട് കഥമാറി. ആദ്യം ഇടം കൈ കൊണ്ടായിരുന്നു വൃദ്ധന്‍ ബാറ്റ് ചെയ്തത്. പിന്നീട് വലം കൈകൊണ്ടുള്ള ബാറ്റിംഗ് തുടങ്ങി. പന്ത് ഗ്രൗണ്ടിന്റെ നാലുപാടും പായുന്നതുകണ്ട് കുട്ടികള്‍ വാ പൊളിച്ചു.

സംഭവം ചില്ലറകക്ഷിയല്ലെന്ന് കുട്ടികള്‍ക്ക് ബോധ്യമായി. അവരെല്ലാവരും വൃദ്ധന്റെ ചുറ്റുംകൂടി. അയാള്‍ പതുക്കെ തലയിലെ വിഗ് അഴിച്ചു. താടിയും മീശയും മാറ്റി. അപ്പോഴാണ് തങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന വൃദ്ധന്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍താരം യൂസഫ് പത്താനാണെന്ന് മനസിലാകുന്നത്. നിസാന്‍ ഇന്ത്യയുടെ പ്രമോഷന്റെ ഭാഗമായി പുറത്തിറക്കിയതാണ് വീഡിയോ. കണ്ടുനോക്കൂ…

 

Related posts