കായംകുളം: കാഴ്ച നഷ്ടപ്പെട്ടു ജീവിതംതന്നെ ഇരുട്ടിലേക്കു നീങ്ങിയ ആലപ്പുഴ സ്വദേശി അനില്‍ കുമാറിനു മുന്നിൽ പ്രതീക്ഷയുടെ തിരിനാളമായി എം.എ. യൂസഫലിയും ലുലു ഗ്രൂപ്പും.
ഇന്തോനേഷ്യയിലുള്ള ലുലു മാളിലെ മലയാളി ജീവനക്കാരുടെ കുക്കായി ജോലിചെയ്തു വരുന്നതിനിടെയാണ് അനില്‍കുമാറിന് കാഴ്ച നഷ്ടപ്പെടുന്നത്.
കടുത്ത പ്രമേഹരോഗമായിരുന്നു വില്ലൻ. ഒരു ദിവസം ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്കെത്തി ഉറങ്ങി എഴുന്നേറ്റപ്പോഴാണ് കാഴ്ചശക്തി നഷ്ടമായതറിഞ്ഞത്.
ലുലു ഗ്രൂപ്പ് ജീവനക്കാര്‍ ചേര്‍ന്ന് ഇന്തോനേഷ്യയിലെ ഏറ്റവും നല്ല ആശുപത്രിയില്‍ അനില്‍ കുമാറിന് ചികിത്സയ്ക്കു സംവിധാനമൊരുക്കി. ഇന്‍ഷ്വറന്‍സിന് പുറമെ ചികിത്സയ്ക്കായി ചെലവായ രണ്ടു ലക്ഷം രൂപ ലുലു ഗ്രൂപ്പുതന്നെ കെട്ടിവച്ചു.
നാട്ടിലേക്കു പോകണമെന്ന് അനില്‍കുമാര്‍ ആവശ്യപ്പെട്ടതോടെ വിമാനടിക്കറ്റും സഹായത്തിനായി അഞ്ചരലക്ഷം രൂപയും ലുലു ഗ്രൂപ്പ് മാനേജ്മെന്റും ജീവനക്കാരും ചേര്‍ന്നു നല്കി. രണ്ടുമാസത്തെ അധികശമ്പളവും ഉറപ്പാക്കി.
ആകെ 12.5 ലക്ഷം രൂപയുടെ സഹായമാണ് ചികിത്സയ്ക്കുള്‍പ്പെടെ അന്നു കൈമാറിയിരുന്നത്. ചികിത്സയ്ക്കായി നാട്ടിലെത്തിയപ്പോള്‍ എം.എ. യൂസഫലി ഒരു ലക്ഷം രൂപകൂടി അനില്‍ കുമാറിനു നല്കി. മകളുടെ പഠനച്ചെലവിനായി അഞ്ചുലക്ഷം രൂപയും ലുലു ഗ്രൂപ്പ് നൽകിയിട്ടുണ്ട്.