തിരുവനന്തപുരം: യൂത്ത് കോണ്ഗ്രസ് തെരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയൽ കാർഡ് നിർമിച്ചെന്ന പരാതിയിൽ യൂത്ത് കോണ്ഗ്രസ് നേതാക്കൾക്ക് പോലീസ് നോട്ടീസ് നൽകി വിളിച്ച് വരുത്തി ചോദ്യം ചെയ്യും.
വോട്ടേഴ്സ് ഐഡി വ്യാജമായി നിർമിച്ചെന്ന് ആരോപിക്കുന്ന സോഫ്ട് വെയർ സെർവറിലെ വിവരങ്ങൾ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സോഫ്ട് വെയർ കന്പനിയിൽനിന്നു വിവരശേഖരണവും നടത്തും. ഇതിനായി അന്വേഷണ സംഘം രേഖാമൂലം ഇന്ന് കത്ത് നൽകും.
തെരഞ്ഞെടുപ്പിൽ ആൾമാറാട്ടം നടന്നെന്ന യൂത്ത് കോണ്ഗ്രസ് നേതാവ് ജുവൈസ് മുഹമ്മദിന്റെ പരാതിയിൽ മൂവാറ്റുപുഴ പോലീസ് കേസെടുത്തിരുന്നു. ഈ കേസിന്റെ അന്വേഷണവും തിരുവനന്തപുരത്തെ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും.
യൂത്ത് കോണ്ഗ്രസ് തെരഞ്ഞെടുപ്പിൽ താൻ വോട്ട് ചെയ്തിട്ടില്ലെന്നാണ് ജുവൈസ് പോലീസിന് മൊഴി നൽകിയത്. തന്റെ പേരിലുണ്ടാക്കിയ വ്യാജ ഐഡി കാർഡ് ഉപയോഗിച്ച് ആൾമാറാട്ടം നടത്തി വോട്ട് രേഖപ്പെടുത്തിയെന്നാണ് ജുവൈസ് മുഹമ്മദ് പോലീസിൽ നൽകിയ മൊഴി.
ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഏജൻസിയാണ് യൂത്ത് കോണ്ഗ്രസ് തെരഞ്ഞെടുപ്പിന്റെ നടപടിക്രമങ്ങൾ നടത്തിയത്. അന്തർ സംസ്ഥാന ബന്ധമുള്ളതിനാൽ കേരള പോലീസിന് അന്വേഷണത്തിന് ഏറെ കടന്പകൾ കടക്കേണ്ടതുണ്ട്.
അതിനാൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസന്വേഷണം സിബിഐക്ക് കൈമാറാനുള്ള സാധ്യതകളും ഏറിയിരിക്കുകയാണ്.
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും വിഷയത്തിൽ ഇടപെട്ടതിനാൽ പോലീസിന്റെ അന്വേഷണ റിപ്പോർട്ട് സംസ്ഥാന പോലീസ് മേധാവിക്കും തെരഞ്ഞെടുപ്പ് കമ്മീഷനും സമർപ്പിക്കും.
വ്യാജ ഐഡി കാർഡിലെ നന്പരുകളെല്ലാം ഒന്നാണെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. വിത്ത് ഐവൈസി എന്ന ആപ്ലിക്കേഷനാണ് യൂത്ത് കോണ്ഗ്രസ് തെരഞ്ഞെടുപ്പിന് ഉപയോഗിച്ചത്.
സൈബർ സെല്ലിലെ വിദഗ്ധർ ഉൾപ്പെട്ട ഉദ്യോഗസ്ഥരും അന്വേഷണ സംഘത്തിലുണ്ട്. യൂത്ത് കോണ്ഗ്രസിലെ ഗ്രൂപ്പ് തർക്കങ്ങളും അഭിപ്രായവ്യത്യാസങ്ങളുമാണ് യൂത്ത് കോണ്ഗ്രസ് തെരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചെന്ന വിവാദം കത്തിപ്പടരാൻ കാരണമായത്. വിവാദത്തെ തുടർന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മ്യൂസിയം പോലീസ് കേസെടുത്തത്.
ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും ഈ വിഷയത്തിൽ പരാതി നൽകിയിട്ടുണ്ട്. സുരേന്ദ്രന്റെ മൊഴി പ്രത്യേക അന്വേഷണ സംഘം ഇന്ന് രേഖപ്പെടുത്തും.
കേരളീയ വിവാദവും നവകേരള സദസ് വിവാദത്തിന്റെയും പേരിൽ സർക്കാരിനെയും സിപിഎമ്മിനെയും രൂക്ഷമായി വിമർശിച്ചിരുന്ന പ്രതിപക്ഷത്തിന് യൂത്ത് കോണ്ഗ്രസ് തെരഞ്ഞെടുപ്പ് അട്ടിമറി തിരിച്ചടിയായി മാറിയിരിക്കുകയാണ്. ഈ വിവാദം വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിന് സിപിഎമ്മും ബിജെപിയും പരമാവധി പ്രയോജനപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്.