തിരുവനന്തപുരം: നടുറോഡിൽ പരസ്യമായി അസഭ്യം പറഞ്ഞെന്ന പരാതിയിൽ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകനെതിരേ പോലീസ് കേസെടുത്തു. തിരുവനന്തപുരം യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി അജീഷ് നാഥിനെതിരേയാണ് കേസെടുത്തത്. യൂത്ത് കോണ്‍ഗ്രസ് ഔട്ട്റീച്ച് സെല്ലിന്റെ സംസ്ഥാന കോര്‍ഡിനേറ്റര്‍ കൂടിയാണ് അജീഷ് നാഥ്.
മല്ലമ്പ്രകോണത്ത് വച്ച് വാഹനത്തിന് സൈഡ് കൊടുക്കാത്തതിൽ ചോദ്യം ചെയ്ത യുവതിയോടും സൈനിക ഉദ്യോഗസ്ഥനായ സഹോദരനോടും അസഭ്യം പറയുകയും ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്തു എന്നാണ് കേസ്.
യുവതിയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വലിയമല പോലീസ് കേസെടുത്തു. വിതുര സ്വദേശിയും സൈനിക ഉദ്യോഗസ്ഥനുമായ യുവാവാണ് അജീഷ് നാഥിനെതിരെ പരാതി നല്‍കിയത്.
കേസെടുത്തതിന് പിന്നാലെ അജീഷ് നാഥ് ഒളിവില്‍ പോയിരിക്കുകയാണെന്നും ഇയാള്‍ക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമായി തുടരുകയാണെന്നും പോലീസ് അറിയിച്ചു.