ആലപ്പുഴ: കൊടുംചൂടിൽ വഴിയാത്രക്കാർക്ക് ആശ്വാസമാകാൻ സൗജന്യ കുടിവെള്ള വിതരണവുമായി യൂത്ത് കോൺഗ്രസ് തണ്ണീർപ്പന്തൽ ആരംഭിച്ചു. ശുദ്ധമായ കുടിവെള്ളം, തണ്ണിമത്തൻ ജ്യൂസ്, സംഭാരം തുടങ്ങിയവ സൗജന്യമായി വിതരണം ചെയ്യും. ജില്ലയിലെ നൂറിലേറെ കേന്ദ്രങ്ങളിൽ ആരംഭിക്കാൻ ഉദ്ദേശിക്കുന്ന പദ്ധതിയുടെ ആദ്യകേന്ദ്രവും ജില്ലാതല ഉദ്ഘാടനവും കൊമ്മാടി ബൈപാസ് ജംഗ്ഷനിൽ എഐസിസി സെക്രട്ടറി റോജി എം. ജോൺ എംഎൽഎ നിർവഹിച്ചു.
വിദ്യാർഥികളെയും യുവജനങ്ങളെയും ക്രിമിനലുകളാക്കി മാറ്റാൻ ചില വിദ്യാർഥി-യുവജന സംഘടനകൾ ശ്രമിക്കുന്ന കാലത്ത് നിസ്വാർഥ സേവനമാതൃകയായ ഇത്തരം പ്രവർത്തനങ്ങൾ യൂത്ത് കോൺഗ്രസ് ഏറ്റെടുത്തു നടപ്പാക്കുന്നത് അഭിനന്ദനർഹമാണെന്ന് റോജി പറഞ്ഞു.
ജില്ലയിൽ വിപുലമായി നടപ്പാക്കാൻ ലക്ഷ്യമിടുന്ന സേവനപ്രവർത്തനങ്ങളുടെ തുടക്കമാണ് ഇതെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം.പി. പ്രവീൺ പറഞ്ഞു.
സംസ്ഥാന വൈസ് പ്രസിഡന്റ് അനു താജ്, സെക്രട്ടറിമാരായ സരുൺ റോയ്, റഹിം വെറ്റക്കാരൻ, ഷമീം ചീരാമത്, വിശാഖ് പത്തിയൂർ, ജില്ലാ ഭാരവാഹികളായ ആസിഫ്, ശിവമോഹൻ, ഡിസിസി വൈസ് പ്രസിഡന്റ് തോമസ് ജോസഫ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സാബു, യൂത്ത് കോൺഗ്രസ് മുൻ ജില്ലാ ജനറൽ സെക്രട്ടറി ജയചന്ദ്രൻ, ആർ. അജിത് കുമാർ, സിറിയക് ജേക്കബ്, മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജിജി സന്തോഷ്, യൂത്ത് കോൺഗ്രസ് മണ്ഡലം ഭാരവാഹികളായ ശ്രീനാഥ്, അരുൺ സാബു, ബിനു, പോൾ , അഖിൽ , അഭിരാജ്, അനുരൂപ്, ശരത്ത്, ഷഫീഖ് , മനോജ് എന്നിവർ നേതൃത്വം നൽകി.