കോഴിക്കോട്: മെഡിക്കല് വിദ്യാഭ്യാസം നേടിയിട്ടില്ലാത്ത യുവാവ് യൂട്യൂബ് കണ്ടുപഠിച്ച് മറ്റാരുടെയും സഹായമില്ലാതെ വീട്ടില്വച്ച് ഭാര്യയുടെ കന്നിപ്രസവമെടുത്തു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. പക്ഷേ, പിന്നീട് ജനന സര്ട്ടിഫിക്കറ്റിനായി അധികൃതരെ സമീപിച്ചപ്പോൾ യുവാവ് വെട്ടിലായി. എവിടെ വച്ച്, എന്ന് പ്രസവം നടന്നുവെന്നു തെളിയിക്കാനുള്ള ആധികാരിക രേഖകള് ഇല്ലാത്തതിനാല് ആരോഗ്യ വകുപ്പ് ജനന സര്ട്ടിഫിക്കറ്റ് നിഷേധിച്ചു.
വീട്ടില് വച്ചുള്ള പ്രസവം അപകടകരവും അതിസങ്കീര്ണവുമാകാന് സാധ്യതയുള്ളതിനാല് ഇത്തരം വിഷയങ്ങളില് ജനന സര്ട്ടിഫിക്കറ്റ് നല്കുന്നത് തെറ്റായ പ്രവണതകള്ക്കു പ്രോത്സാഹനമാകുമെന്നാണ് ആരോഗ്യവകുപ്പിന്റെ നിലപാട്. ഒടുവില് മനുഷ്യാവകാശ കമ്മീഷനു പരാതി നല്കിയിരിക്കുകയാണ് യുവാവ്. വിഷയം സംബന്ധിച്ചു മെഡിക്കല് ഓഫീസര് ഉന്നത ഉദ്യോഗസ്ഥര്ക്കു റിപ്പോര്ട്ട് സമര്പ്പിച്ചിട്ടുണ്ട്.
കോഴിക്കോട് പറയഞ്ചേരി സ്വദേശിയായ യുവാവാണ് 20 വയസുള്ള ഭാര്യയുടെ ആദ്യപ്രസവമെടുത്തത്. 2024 നവംബര് രണ്ടിന് രാവിലെ 11ന് വീട്ടില് വച്ചായിരുന്നു പ്രസവമെന്നു യുവാവ് പറയുന്നു. പെണ്കുഞ്ഞിനാണു യുവതി ജന്മം നല്കിയത്. പ്രസവശേഷമാണ് വീട്ടിലുണ്ടായിരുന്ന മറ്റ് അംഗങ്ങള് വിവരം അറിഞ്ഞത്.
ബിരുദധാരിയായ യുവാവും ഭാര്യയും അക്യൂപംഗ്ചര് കോഴ്സ് പഠിച്ചിട്ടുണ്ട്. അക്യുപംഗ്ചര് കോഴ്സില് പ്രസവം കൈകാര്യം ചെയ്യുന്ന വിധം പഠിപ്പിക്കുന്നുണ്ടെന്നാണ് യുവാവിന്റെ വാദം. ആശുപത്രിയില്നിന്ന് സ്കാനിംഗും മറ്റു പരിശോധനകളും പൂര്ത്തിയാക്കിയ ശേഷമാണ് യുവാവ് ഭാര്യയുടെ പ്രസവം വീട്ടിലാക്കിയത്. വാക്സിനുകളെയും മരുന്നുകളെയും എതിര്ക്കുന്ന യുവാവ് കുട്ടിക്ക് ഇതുവരെ ആരോഗ്യവകുപ്പ് നിഷ്കര്ഷിക്കുന്ന വാക്സിനുകള് നല്കാന് തയാറായിട്ടില്ല.