ന്യൂഡൽഹി: ടിക് ടോക് ഉയർത്തിയ വെല്ലുവിളി മറികടക്കാൻ അവതരിപ്പിച്ച യൂട്യൂബ് ഷോട്സിന്റെ സമയദൈർഘ്യം കൂട്ടാൻ തീരുമാനം. ഒരു മിനിറ്റിൽനിന്നു മൂന്നു മിനിറ്റായാണു ദീർഘിപ്പിക്കുന്നത്. സമയപരിധിക്കെതിരേ ക്രിയേറ്റർമാർ രംഗത്തെത്തിയിരുന്നു.
കാര്യങ്ങൾ അവതരിപ്പിക്കാൻ ഒരു മിനിറ്റ് കുറവാണെന്നായിരുന്നു പരാതി. ഇതിനു പിന്നാലെയാണു ദൈർഘ്യം വർധിപ്പിക്കാൻ തീരുമാനിച്ചത്. ഈമാസം 15 മുതൽ പുതിയ സമയപരിധി നിലവിൽ വരും. പുതിയ മാറ്റം ക്രിയേറ്റർമാർക്കു സൗകര്യപ്രദമാകുമെന്നു യൂട്യൂബ് അധികൃതർ പറഞ്ഞു.
അതേസമയം, ദൈർഘ്യമേറിയ വീഡിയോകളോട് ഉപഭോക്താക്കൾക്കു താത്പര്യം നഷ്ടപ്പെടുമോയെന്ന സംശയം ഉയരുന്നുണ്ട്. ഇതിനു പരിഹാരമായി യൂസേഴ്സിന് അവരുടെ ഇഷ്ടാനുസരണം സമയം നിയന്ത്രിക്കാൻ കഴിയുന്ന ഫീച്ചർ ഷോട്സിൽ ലഭ്യമാക്കുമെന്ന് അറിയുന്നു.