മംഗളൂരു: യുവമോര്ച്ച നേതാവിന്റെ കൊലപാതകത്തിനു പിന്നാലെ മറ്റൊരു യുവാവ് കൂടി കൊലചെയ്യപ്പെട്ടതോടെ ഒരിടവേളയ്ക്കു ശേഷം മംഗളൂരു നഗരം വീണ്ടും സംഘര്ഷങ്ങളുടെ മുള്മുനയിലായി.
നഗരത്തിലെ നാല് പോലീസ് സ്റ്റേഷന് പരിധികളില് സെക്ഷന് 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചു. മംഗള്പേട്ട് സ്വദേശിയായ ഫാസില് (30) ആണ് ഇന്നലെ വൈകുന്നേരത്തോടെ സൂറത്കല്ലിലെ റെഡിമെയ്ഡ് ഷോപ്പിനു മുന്നില് വച്ച് അക്രമിസംഘത്തിന്റെ കുത്തേറ്റു മരിച്ചത്.
മാസ്ക് ധരിച്ചെത്തിയ മൂന്നംഗസംഘമാണ് ഫാസിലിനെ ആക്രമിച്ചത്. ഓടി രക്ഷപ്പെടാന് ശ്രമിച്ച യുവാവിനെ വളഞ്ഞിട്ട് കുത്തിവീഴ്ത്തുകയായിരുന്നു.
ഓണ്ലൈനില് ഓര്ഡര് ചെയ്യുന്ന ഭക്ഷണസാധനങ്ങള് എത്തിച്ചുകൊടുക്കുന്ന ജോലി ചെയ്തുവരികയായിരുന്നു ഫാസില്.
അക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങള് സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. ഇത് കൂടുതല് പ്രകോപനങ്ങള്ക്കും സംഘര്ഷങ്ങള്ക്കും ഇടയാക്കുമെന്ന ആശങ്കയും പരന്നിട്ടുണ്ട്.
നേരത്തേ യുവമോര്ച്ച നേതാവ് പ്രവീണ് നെട്ടാരുവിന്റെ മൃതദേഹത്തിന്റെ ദൃശ്യങ്ങളും ഇതുപോലെ പ്രചരിപ്പിച്ചിരുന്നു.
തുടര്ച്ചയായുണ്ടായ കൊലപാതകങ്ങളെ തുടര്ന്ന് ദക്ഷിണകന്നഡയിലും സമീപ ജില്ലകളിലും കടുത്ത സംഘര്ഷാവസ്ഥ നിലനില്ക്കുകയാണ്.
മുഖ്യമന്ത്രി ജില്ലയിലെത്തി
മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ഇന്നലെ ജില്ലയിലെത്തി സ്ഥിതിഗതികള് വിലയിരുത്തി. കൊല്ലപ്പെട്ട പ്രവീണിന്റെ വീട്ടിലെത്തിയ മുഖ്യമന്ത്രി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.
കുടുംബത്തിന് അനുവദിച്ച 25 ലക്ഷം രൂപയുടെ ധനസഹായം പ്രവീണിന്റെ ഭാര്യ നൂതനയ്ക്ക് കൈമാറി. ആവശ്യമെങ്കില് കേസന്വേഷണം എന്ഐഎയ്ക്ക് കൈമാറുമെന്നും കുടുംബത്തിന് ഉറപ്പു നല്കി.
പ്രവീണ് നെട്ടാരുവിന്റെ കൊലയ്ക്ക് പിന്നില് കേരള ബന്ധമുണ്ടെന്നു തന്നെയാണ് പ്രാഥമിക അന്വേഷണത്തില് തെളിയുന്നതെന്ന് നേരത്തേ മംഗളൂരു വിമാനത്താവളത്തില് മുഖ്യമന്ത്രി മാധ്യമപ്രവര്ത്തകരോട് പറഞ്ഞു.
കേസ് അന്വേഷിക്കുന്ന കര്ണാടക പോലീസിന്റെ പ്രത്യേക സംഘം കേരള പോലീസുമായി ചേര്ന്ന് പ്രവര്ത്തിക്കുന്നുണ്ടെന്നും ആക്രമണത്തില് നേരിട്ടു പങ്കെടുത്തവരെ ഉടന്തന്നെ പിടികൂടാനാകുമെന്നും അദ്ദേഹം പറഞ്ഞു.
ഏതു പാര്ട്ടിയില് പെട്ടവരായാലും സാധാരണക്കാരുടെ ജീവന് സംരക്ഷിക്കേണ്ടത് സര്ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും അതിനായി കടുത്ത നടപടികള് വേണ്ടിവന്നാല് അതും സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പ്രവീണ് നെട്ടാരുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്നലെ രണ്ടുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. സുള്ള്യ ബെല്ലാരെ സ്വദേശിയായ മുഹമ്മദ് ഷഫീഖ് (27), ഹാവേരി ജില്ലയിലെ സാവനൂര് സ്വദേശി സക്കീര് (29) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഇവര് കൊലപാതകത്തില് നേരിട്ട് പങ്കെടുത്തവരല്ലെന്നും ഗൂഢാലോചനയിലും പ്രതികള്ക്ക് പ്രാദേശികമായ സഹായങ്ങള് ചെയ്തുകൊടുത്തതിലും ഉള്പ്പെട്ടവരാണെന്നും പോലീസ് വ്യക്തമാക്കി.
ഇവര്ക്ക് പോപ്പുലര് ഫ്രണ്ടുമായി ബന്ധമുണ്ടോ എന്ന കാര്യം അന്വേഷിച്ചുവരികയാണെന്നും എഡിജിപി അലോക് കുമാര് അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് ഇതിനകം 21 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തില് ഇവരുടെ ബന്ധം വ്യക്തമായാല് മാത്രമേ അറസ്റ്റ് രേഖപ്പെടുത്തുകയുള്ളൂ.
കാസര്ഗോഡും സുരക്ഷ ശക്തമാക്കി
മംഗളൂരുവിലെ സംഘര്ഷാവസ്ഥയുടെ പശ്ചാത്തലത്തില് കാസര്ഗോഡും കനത്ത ജാഗ്രത. ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേന ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് സ്ഥിതിഗതികള് വിലയിരുത്തി.
പ്രവീണ് നെട്ടാരുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കര്ണാടക പോലീസിന്റെ പ്രത്യേക സംഘവും കാസര്ഗോട്ടെത്തി. ഇരു ഭാഗത്തുനിന്നും സാമൂഹികമാധ്യമങ്ങളിലൂടെയടക്കം ഉണ്ടാകുന്ന പ്രകോപനങ്ങളും പോലീസിന്റെ നിരീക്ഷണത്തിലാണ്.
കര്ണാടക പോലീസ് കണ്ണൂരിലും
സുള്ള്യയിലെ യുവമോര്ച്ച പ്രവര്ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സംഘര്ഷാവസ്ഥ കണക്കിലെടുത്ത് കണ്ണൂരിലും സുരക്ഷ ശക്തമാക്കി പോലീസ്.
ദേശീയപാതകളിലും മറ്റും കര്ശപരിശോധനയാണ് പോലീസ് നടത്തുന്നത്. സുരക്ഷയുടെ ഭാഗമായി കോഴിക്കോട്, തലശേരി തുടങ്ങിയ സ്ഥലങ്ങളില് നിന്നും പോലീസ് സന്നാഹം കണ്ണൂരില് തമ്പടിച്ചിട്ടുണ്ട്.
കൂടാതെ കര്ണാടക പോലീസിന്റെ ഒരു സംഘവും കണ്ണൂരില് എത്തിയിട്ടുണ്ട്. അന്വേഷണത്തില് ഐജി രാഹുല് എസ്. നായരോട് കര്ണാടക പോലീസ് സഹായം അഭ്യര്ഥിച്ചിട്ടുണ്ട്.
പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. കൊലപാതകത്തില് മലയാളികള്ക്കും പങ്കുണ്ടെന്ന പോലീസ് കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് കണ്ണൂരില് സുരക്ഷ വര്ധിപ്പിച്ചത്.