കൊച്ചി: സ്ത്രീകൾക്കെതിരായ അതിക്രമകേസുകളിലെ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് യുവമോർച്ച ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ ഐജി ഓഫീസ് മാർച്ച് നടത്തി. യുവമോർച്ച സംസ്ഥാന പ്രസിഡന്റ് കെ.പി. പ്രകാശ്ബാബു പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു. കേരളാ പോലീസിന്റെ കഴിവിൽ സംശയമില്ല. എന്നാൽ അവർ കടലാസ് പുലികളായി പ്രവർത്തിക്കരുത്. സർക്കാരിന്റെ ഗുണ്ടാലിസ്റ്റിൽ പി. ജയരാജനേയും സക്കീർ ഹുസൈനേയുമാണ് ആദ്യം ചേർക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
മേനക ജംഗ്ഷനിൽ നിന്നാരംഭിച്ച മാർച്ച് ഐജി ഓഫീസിന് സമീപം പോലീസ് തടഞ്ഞു. റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ച പ്രവർത്തകർക്കുനേരേ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.
ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടു. ബിജെപി ജില്ലാ ജനറൽ സെക്രട്ടറി കെ.എസ്. ഷൈജു, മണ്ഡലം പ്രസിഡന്റ് സി.ജി.രാജഗോപാൽ, യുവമോർച്ച ജില്ലാ പ്രസിഡന്റ് ദിനിൽ ദിനേശ് തുടങ്ങിയവർ പ്രതിഷേധ മാർച്ചിന് നേതൃത്വം നൽകി.