യുവാൻ ഇനിയൊരിക്കലും ഒരു പക്ഷെ ഈ പണിക്ക് നിൽക്കില്ല തീർച്ച. മയക്കുമരുന്നു കേസിൽ ജയിലിൽ കിടക്കുക മാത്രമല്ല, ചന്തി പൊട്ടുന്നപോലുള്ള നല്ല 24 അടിയും കൂടെയാണ് യുവാന് കിട്ടിയത്. ബ്രിട്ടീഷ് പൗരനാണ് 31കാരനായ യെ മിംഗ് യുവാൻ. ബ്രിട്ടീഷ് മുൻ പബ്ലിക് സ്കൂൾ വിദ്യാർഥി.
പഠനത്തിൽ മിടുക്കൻ. പഠനശേഷം ജോലിക്കായിട്ടാണ് യുവാൻ സിങ്കപ്പൂരിലെത്തുന്നത്. ഡിജെ ആയി ജോലി ചെയ്യുന്നതിനിടെയാണ് മയക്കുമരുന്ന് കേസിൽ 2016ൽ യുവാൻ അറസ്റ്റിലാകുന്നത്. 15 ഗ്രാം മയക്കുമരുന്ന് കടത്ത്, കൈവശം വയ്ക്കൽ, ഉപഭോഗം എന്നീ കുറ്റങ്ങൾക്ക് ഇയാൾ സമ്മതിച്ചു. വൈകാതെ ജാമ്യം അനുവദിച്ചു.
പക്ഷെ വീണ്ടും യുവാനെ അറസ്റ്റ് ചെയ്തു. കഞ്ചാവ് കടത്ത്, കൈവശം വയ്ക്കൽ എന്നീ കുറ്റങ്ങൾക്കാണ് ഇയാൾ വീണ്ടും അറസ്റ്റിലായത്.
2018 ജൂലൈ 18 ന് 12 കുറ്റങ്ങളിൽ നാലെണ്ണത്തിൽ യുവാൻ കുറ്റം സമ്മതിക്കുകയും മൊത്തം 20 വർഷം തടവിനും ശിക്ഷിച്ചു.
തന്റെ ആഢംബര ജീവിതത്തിന് ഇപ്പോഴത്തെ വരുമാനം പോരാത്തതിനാലാണ് മയക്കുമരുന്ന് വിൽപ്പന കൂടി യുവാൻ നടത്തിയത്. ചൂതാട്ട കേന്ദ്രങ്ങളിലെ നിത്യസന്ദർശകനായിരുന്നു ഇയാൾ. കളിച്ച് കാശ് പോയതോടെ കടം മേടിച്ചായി കളി.
ഇതു വീട്ടാനും പണം ആവശ്യമായിരുന്നു. അങ്ങലെയാണ് മയക്കുമരുന്ന് കച്ചവടത്തിലേക്ക് യുവാൻ തിരിയുന്നത്. സിങ്കപ്പുരിൽ മയക്കുമരുന്ന് കച്ചവടക്കാർക്ക് വലിയ ശിക്ഷയാണ് ലഭിക്കുക. 30 ഗ്രാമിൽ കൂടുതൽ കൊക്കെയ്ൻ, 200 ഗ്രാം ഹാഷിഷ് അല്ലെങ്കിൽ 500 ഗ്രാം കഞ്ചാവ് പിടിക്കപ്പെട്ടവർക്ക് ‘നിർബന്ധിത വധശിക്ഷ’ ബാധകമാണ്. കാനിംഗ് എന്നാണ് ഇത് അറിയപ്പെടുന്നത്.
അടിവന്ന വഴി
യുവാൻ സിംഗപ്പൂർ കോടതിയിൽ സമർപ്പിച്ച അപ്പിൽ കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഇതോടെ യുവാനെ കാനിംഗ് റൂമിലേക്ക് കൊണ്ടുപോയി നഗ്നനാക്കി, കെട്ടിയിട്ട് അടിക്കുകയായിരുന്നു. ബ്രിട്ടിഷ് പൗരനെ മർദിച്ചത് ഇപ്പോൾ ഏറെ വിവാദമായിരിക്കുകയാണ്.
ഗോവണിയുടെ ആകൃതിയിൽ തയാറാക്കിയ മേശയിൽ കിടത്തിയാണ് മർദിക്കുക. സംഭവത്തിൽ ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ റിപ്പോർട്ട് തേടിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. 20 വർഷം തടവ് ശിക്ഷ വിധിച്ച ശേഷം അടികൂടി നൽകുന്നതിലുള്ള വിയോജിപ്പ് ബ്രിട്ടീഷ് ഹൈക്കമ്മീഷണർ സിങ്കപ്പുർ സർക്കാരിനെ അറിയിച്ചിട്ടുണ്ട്.
സിംഗപ്പൂരിൽ കാൻ ചെയ്യുന്നത് അന്താരാഷ്ട്ര നിയമത്തിന്റെ ലംഘനമാണെന്നും പീഡനത്തിനെതിരായ ഐക്യരാഷ്ട്ര ഉടമ്പടി ലംഘിക്കുന്നതാണെന്നും മനുഷ്യാവകാശ സംഘടനകൾ പറയുന്നു. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും മയക്കുമരുന്ന് കേസിൽ പിടിയിലായാൽ ചന്തിപൊട്ടുന്ന അടി തുടരാനാണ് സിങ്കപ്പൂരിന്റെ തീരുമാനം. അടികൊള്ളു ന്പോൾ അവർ നന്നാവുമെന്നാണ് സിങ്കപ്പൂരിന്റെ വാദം!