ടൂറിന്: ഇറ്റലിയില്‍ പോരാട്ടം അവസാനത്തോടടുത്തപ്പോള്‍ കിരീടപോരാട്ടം മുറുകി. സീരി എയില്‍ നിലവിലെ ചാമ്പ്യന്മാരായ യുവന്റസിനെ നാപ്പോളി ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കി. ഇതോടെ ഒന്നാം സ്ഥാനത്തുള്ള യുവന്റസുമായി നാപ്പോളി പോയിന്റ് വ്യത്യാസം ഒന്നായി കുറച്ചു.
യുവന്റസിന് 85 ഉം നാപ്പോളിക്ക് 84 ഉം പോയിന്റുണ്ട്. നാലു മത്സരങ്ങളാണ് ഇനി ഇരു ടീമിനുമുള്ളത്. യുവന്റസിന് അടുത്ത മത്സരങ്ങളില്‍ കരുത്തരായ ഇന്റര്‍ മിലാന്, റോമ ടീമുകളെയാണ് നേരിടേണ്ടത്. നാപ്പോളിക്കു മുന്നില്‍ വലിയ എതിരാളികളില്ലതാനും. അടുത്ത മത്സരങ്ങളില്‍ നാപ്പോളി ടോറിനോ, സാംപഡോറിയ, ക്രോട്ടണ്‍ എന്നിവര്‍ക്കെതിരേ ഇറങ്ങുമ്പോള്‍ പിഴവുകള്‍ ഒന്നും വരുത്താതിരിക്കാനാകും ശ്രമിക്കുക.
അവസാന മിനിറ്റില്‍ കാലിഡു കോലിബാലിയുടെ ഹെഡറാണ് യുവന്റസിനെ തകര്‍ത്തത്. 89-ാം മിനിറ്റില്‍ അപ്രതീക്ഷിതമായത് സംഭവിച്ചു. യുവന്റസ് കോര്ണര്വഴങ്ങി. ജോസ് കല്ലേഗന് നീട്ടിക്കൊടുത്ത പന്തില്‍ തലവച്ച് കോലിബാലി യുവന്റസിന്റെ ഗ്രൗണ്ടില്‍ നാപ്പോളിക്ക് ജയം നല്കി. മറ്റൊരു മത്സരത്തിൽ ഇന്റര്മിലാന് 2-1ന് ചിവോ വെറോണയെയപരാജപ്പെടുത്തി.