മൊഹാലി: ഇന്ത്യൻ ക്രിക്കറ്റര്‍ യുവരാജ് സിംഗ് ഒടുവില്‍ വിരമിക്കുന്നു. 2019ലെ സീസണിനു ശേഷം വിരമിക്കലിനെക്കുറിച്ചു ഔദ്യോഗികരമായി പ്രഖ്യാപിക്കുമെന്നു 2011 ലോകകപ്പ് കിരീടവിജയത്തില്‍ നിർണായക പങ്കുവഹിച്ച യുവരാജ് പറഞ്ഞു. ലോകകപ്പ് ജയത്തിനു പിന്നാലെ കാൻസർ ബാധിച്ച് കളത്തിനു പുറത്തായ താരം രോഗത്തെ കീഴടക്കി വീണ്ടും കളത്തിലേക്ക് മടങ്ങിയെത്തി.
രണ്ടാം വരവിലും ദേശീയ ടീമില്‍ ഇടം ലഭിച്ചെങ്കിലും പഴയതുപോലെ സ്ഥിര സാന്നിധ്യമാകാന്‍ സാധിക്കാതെ പോയി. ഐപിഎലില്‍ ഇപ്പോള്‍ കിംഗ്സ് ഇലവന് പഞ്ചാബിന്റെ താരമായ യുവി 2017നു ശേഷം ഇന്ത്യന്‍ ജഴ്സിയില്‍ കളിച്ചിട്ടില്ല. ഐപിഎലില്‍ മികച്ച പ്രകടനത്തിലൂടെ ഇന്ത്യന്‍ ടീമിലേക്കു തിരിച്ചെത്താമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം. പക്ഷേ ഇതുവരെയുള്ള മല്‍സരങ്ങളിലൊന്നും പഴയ യുവിയെ കാണാനായിട്ടില്ല.
ദേശീയ ടീമിലേക്കു മടങ്ങിയെത്താനുള്ള സാധ്യതകള്‍ ഏറെക്കുറെ അവസാനിച്ചിരിക്കെയാണ് 36 കാരന് വിരമിക്കലിനെക്കുറിച്ചു ആലോചിച്ചു തുടങ്ങിയത്. ഫിറ്റ്നസില്ലായ്മയും മോശം ഫോമുമെല്ലാം യുവിയെ വലയ്ക്കുന്നുണ്ട്. “2019 വരെയുള്ള മത്സരങ്ങളാണ് ഇപ്പോൾ മനസിലുള്ളത്. അവയിലാണ് ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. അതും എനിക്ക് കളിക്കാന്‍ കഴിയുന്നത് വരെ. ആ വര്‍ഷം അവസാനത്തോടെ ഞാന്‍ ഒരു പ്രഖ്യാപനം നടത്തും’’. യുവരാജ് പറഞ്ഞു.
“2000 മുതല്‍ ഞാൻ അന്താരാഷ്ട്ര ക്രിക്കറ്റിലുണ്ട്. 17-18 വര്‍ഷമായി ക്രിക്കറ്റ് കളിക്കാൻ തുടങ്ങിയിട്ട്. സീസണില്‍ സെമിഫൈനലല് എത്തുക എന്ന ലക്ഷ്യമാത്രമാണ് പഞ്ചാബ് ടീമിനുള്ളത്’’. യുവരാജ് പറഞ്ഞു. യുവിക്ക് ഈ സീസണിലെ ഐപിഎലില്‍ ഇതുവരെ ഫോമിലേക്കുയരാന്‍ കഴിഞ്ഞിട്ടില്ല.
കളിച്ച അഞ്ചു മല്‍സരങ്ങളില്‍ നിന്നും 36 റണ്‍സ് മാത്രമാണ് യുവരാജ് നേടിയത്. ഗെയ്ലിന്റെ പ്രകടനം താന്‍ ഏറെ ആസ്വദിക്കുന്നതായി യുവരാജ് പറഞ്ഞു. കളിക്കളത്തിനു പുറത്ത് തന്റെ ഏറ്റവുമടുത്ത സുഹൃത്ത് കൂടിയാണ് ക്രിസ്. കളിക്കളത്തില്‍ ബോസിനെപ്പോലെ കളിക്കുന്ന അദ്ദേഹം ലോകത്തിലെ ഏറ്റവും അപകടകാരിയായ താരമാണ്.
പഞ്ചാബിനു വേണ്ടി ഇതുവരെയുള്ള ഗെയ്ലിന്റെ പ്രകടനത്തില്‍ അതിയായ സന്തോഷമുണ്ടെന്നും യുവരാജ് കൂട്ടിച്ചേര്‍ത്തു. കിംഗ്സ് ഇലവന് പഞ്ചാബിന്റെ ലക്ഷ്യങ്ങളെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കവേയാണ് 2019 ൽ ക്രിക്കറ്റില്‍നിന്നു വിരമിക്കുകയാണെന്ന സൂചന യുവരാജ് നൽകിയത്.
ഇന്ത്യക്കു വേണ്ടി 40 ടെസ്റ്റുകളിലും 304 ഏകദിനങ്ങളിലും 58 ട്വന്റി20 മല്‍സരങ്ങളിലും യുവരാജ് മൈതാനത്തിറങ്ങിയിട്ടുണ്ട്. കാൻസറിനെ കീഴടക്കി ഇന്ത്യൻ ടീമിലേക്കു മടങ്ങിയെത്തിയെങ്കിലും സ്ഥിരതയാർന്ന പ്രകടനം പുറത്തെടുക്കാൻ അദ്ദേഹത്തിനു സാധിക്കാതെ പോയത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. 2017 ഡിസംബറില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേയാണ് യുവി അവസാനമായി ഇന്ത്യൻ ജഴ്സി അണിഞ്ഞത്.