ഭദ്രൻ എന്ന സംവിധായകനെ ഓർത്തിരിക്കാൻ നിരവധി നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങൾ ഉണ്ടെങ്കിലും സ്ഫടികം എന്ന സിനിമ എടുത്തു പറയേണ്ടതു തന്നെയാണ്.
മനസിൽ ഉദ്ദേശിക്കുന്ന ഷോട്ട് എന്ത് വില കൊടുത്തും ഫലിപ്പിച്ചെടുക്കുന്ന സംവിധായകന്മാരിൽ ഒരാളു കൂടിയാണ് അദ്ദേഹം. സിനിമകളുടെ പിന്നാന്പുറ കാഴ്ചകളെല്ലാം തന്നെ അറിയാൻ ഇഷ്ടപ്പെടുന്ന
പ്രേക്ഷകർക്ക് മുന്പിൽ സുരേഷ് ഗോപിയെ കൊണ്ട് പച്ച എലിയെ കടിപ്പിച്ച സംഭവത്തക്കുറിച്ച് പ്രൊഡക്ഷൻ കണ്ട്രോളർ സേതു അടൂർ പറഞ്ഞത് വലിയ വാർത്തയായിരുന്നു.
ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലൂടെയാണ് യുവതുർക്കി എന്ന സിനിമയുടെ പിന്നാന്പുറ വിശേഷങ്ങൾ സേതു പങ്കുവെച്ചത്.
ഒരു വർഷത്തോളം ഷൂട്ടിംഗ് നീണ്ട ചിത്രമായിരുന്നു യുവതുർക്കി. ചെന്നൈയിലായിരുന്നു ഷൂട്ടിംഗ്. ആർട്ട് ഡയറക്ടറായ മുത്തുരാജായിരുന്നു ഈ ചിത്രത്തിന്റെയും ആർട്ട് ഡയറക്ടർ.
ഒരു രംഗത്തിൽ ജയിലിൽ കിടക്കുന്ന സുരേഷ് ഗോപിക്ക് കഞ്ഞി കൊടുക്കും. കീരിക്കാടൻ ജോസിന്റെ കഥാപാത്രം ചിക്കനൊക്കെയാണ് കഴിക്കുന്നത്.
അങ്ങനെ കീരിക്കാടൻ ജോസ് സുരേഷ് ഗോപിക്ക് പച്ച എലിയെ തിന്നാൻ കൊടുക്കുന്ന രംഗമുണ്ട്. മുത്തുരാജ് ഒരു കേക്ക് എടുത്ത് എലിയുടെ ആകൃതിയിലാക്കി കൊണ്ട് വന്ന് കൊടുത്തു. പക്ഷേ ഭദ്രൻ സാർ അത് വാങ്ങി ഒറ്റ ഏറ് കൊടുത്തു.
പച്ച എലിയെ തിന്നാൽ മതി. അത് കൊണ്ടുവരാൻ പറഞ്ഞു. അങ്ങനെ സുരേഷ് ഗോപിയെ കൊണ്ടു ശരിക്കുമുള്ള എലിയെ കടിച്ചു പറിപ്പിച്ചു. ശേഷം ഡെറ്റോളൊക്കെ ഒഴിച്ച് വായ കഴുകിപ്പിച്ചു.
മറ്റൊരു സീനിൽ സുരേഷ് ഗോപി ജയിലിൽ കിടക്കുന്പോൾ അമ്മയായി അഭിനയിച്ച സുകുമാരിച്ചേച്ചി മരിക്കും. അവരെ ഒരു വീൽചെയറിൽ ഇരുത്തി അവിടെ കൊണ്ടുവന്ന് കാണിക്കും.
വായിലൂടെ ഈറ്റുവാ ഒഴുകിയിട്ടുണ്ടാവും. ഷോട്ട് എടുക്കാൻ വേണ്ടി എല്ലാം തയാറായി ഇരിക്കുന്പോഴാണ് സംവിധായകൻ കട്ട് വിളിക്കുന്നത്.
സുകുമാരിച്ചേച്ചിയുടെ വായയുടെ സൈഡിലൂടെ ഈച്ച ഇഴയണമെന്ന് പറഞ്ഞു. ഈ ലൈറ്റ് മുഴുവൻ കത്തിച്ച് വെച്ച് നിൽക്കുന്പോൾ ഈച്ച വരുമോ.
അവസാനം ഈച്ച വന്നിട്ട് തന്നെ ഷോട്ട് എടുത്തു. കുറേ പഞ്ചസാര ലായിനി ഒക്കെ കൊണ്ട് വന്ന് ഒഴിച്ചപ്പോൾ ഈച്ച വന്നു. അതിന് വേണ്ടി പ്രത്യേകം ഒരു കാമറ സെറ്റ് ചെയ്തിരുന്നു.
അതുവരെ സുകുമാരി ച്ചേച്ചി അനങ്ങാതെ അവിടെ ഇരുന്നു. അങ്ങനെത്തെ ഒരു ഡയറക്ടറാണ് ഭദ്രൻ എന്നും സേതു പറയുന്നു.
-പിജി