ഉമ്മൽഖുവൈൻ: തീപിടിത്തത്തിൽനിന്നു ഭാര്യയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റ മലയാളി യുവാവ് അബുദാബിയിൽ മരിച്ചു. ചെങ്ങന്നൂർ പുത്തൻകാവ് ഐരക്കുഴിയിൽ അനിൽ നൈനാനാണു ഞായറാഴ്ച രാത്രിയോടെ മരിച്ചത്.
കഴിഞ്ഞ ആഴ്ചയാണ് ഉമ്മുൽഖുവൈനിൽ ഇവർ താമസിച്ചിരുന്ന അപ്പാർട്ട്മെന്റിൽ ഇലക്ട്രോണിക് ഉപകരണത്തിൽനിന്നു തീപിടിത്തമുണ്ടായത്. ഭാര്യ നീനുവിനു പൊള്ളലേൽക്കുന്നതു കണ്ട് രക്ഷപ്പെടുത്താൻ ശ്രമിക്കുന്പോഴാണ് അനിലിന്റെ വസ്ത്രത്തിലേക്കും തീപടർന്നത്.
90 ശതമാനത്തിലധികം പൊള്ളലേറ്റ അനിൽ അബുദാബി മഫ്റഖ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 10 ശതമാനം പൊള്ളലേറ്റിരുന്ന ഭാര്യ നീനുവും മകനും അപകടനില തരണം ചെയ്തു.