മാഡ്രിഡ്/ലണ്ടൻ/മിലാൻ: യുവേഫ ചാന്പ്യൻസ് ലീഗ് ഫുട്ബോളിന്റെ അഞ്ചാം റൗണ്ട് പോരാട്ടങ്ങൾക്കായി ഇന്ന് വന്പന്മാർ കളത്തിൽ. നോക്കൗട്ട് സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞ പിഎസ്ജി, ബയേണ്‍ മ്യൂണിക്ക്, യുവന്റസ് എന്നിവയും നോക്കൗട്ടിനായി റയൽ മാഡ്രിഡ്, ടോട്ടനം, മാഞ്ചസ്റ്റർ സിറ്റി, അത്ലറ്റിക്കോ മാഡ്രിഡ് തുടങ്ങിയവയും ഇന്നു കളത്തിലുണ്ട്.
റയൽ x പിഎസ്ജി
ഗ്രൂപ്പ് എയിൽ പോയിന്റ് നിലയിൽ ഒന്നാമതുള്ള പിഎസ്ജിയും രണ്ടാമതുള്ള റയൽ മാഡ്രിഡും തമ്മിലുള്ള മത്സരമാണ് ഇന്നത്തെ സൂപ്പർ പോരാട്ടം. ഏഴ് പോയിന്റുള്ള റയൽ മാഡ്രിഡ് നോക്കൗട്ട് സ്ഥാനം ഇതുവരെ ഉറപ്പിച്ചിട്ടില്ല. ക്ലബ് ബ്രൂഗി രണ്ട് പോയിന്റുമായി ഗ്രൂപ്പിൽ മൂന്നാമതുണ്ട്. പിഎസ്ജി കളിച്ച നാലിലും ജയിച്ച് 12 പോയിന്റുമായാണ് മാഡ്രിഡിൽ ഇന്ന് ഇറങ്ങുന്നത്. സ്വന്തം തട്ടകമായ സാന്റിയാഗോ ബെർണബ്യുവിലാണ് മത്സരമെന്നതാണ് റയലിന്റെ ആശ്വാസം.
ഗ്രൂപ്പ് ബിയിൽ ബയേണ്‍, റെഡ് സ്റ്റാറിനെ നേരിടുന്പോൾ ടോട്ടനം ഒളിന്പ്യാക്കസിനെതിരേ സ്വന്തം തട്ടകത്തിൽ ഇറങ്ങും. പരിശീലകനായി കഴിഞ്ഞ ആഴ്ച ചുമതലയേറ്റ ഹൊസെ മൗറീഞ്ഞോയുടെ കീഴിലാണ് ടോട്ടനം ഇറങ്ങുന്നതെന്നതാണ് പ്രത്യേകത. ബയേണ്‍ ഗ്രൂപ്പിൽ ഇതുവരെ തോൽവി അറിയാതെ 12 പോയിന്റുമായി ഒന്നാമതാണ്. രണ്ടാമതുള്ള ടോട്ടനത്തിന് ഏഴ് പോയിന്റുണ്ട്.
യുവെ x അത്ലറ്റിക്കോ
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ യുവന്റസ് സ്വന്തം കാണികൾക്ക് മുന്നിൽ അത്ലറ്റിക്കോ മാഡ്രിഡിനെ നേരിടുന്നതാണ് ഇന്നത്തെ മറ്റൊരു സൂപ്പർ പോരാട്ടം. ഗ്രൂപ്പിൽ 10 പോയിന്റുമായി യുവന്റസ് നോക്കൗട്ട് ഉറപ്പിച്ചതാണ്. ഏഴ് പോയിന്റുള്ള അത്ലറ്റിക്കോ രണ്ടാമതുണ്ട്.
ഗ്രൂപ്പ് സിയിൽ ഒന്നാതുള്ള മാഞ്ചസ്റ്റർ സിറ്റി സ്വന്തം തട്ടകത്തിൽവച്ച് ഷാക്തറിനെ നേരിടും. നോക്കൗട്ട് ഉറപ്പിക്കുകയാണ് പെപ് ഗ്വാർഡിയോളയുടെ കുട്ടികളുടെ ലക്ഷ്യം.
ബാഴ്സലോണ, ഇന്റർമിലാൻ, നിലവിലെ ജേതാക്കളായ ലിവർപൂൾ, ചെൽസി തുടങ്ങിയവ നാളെ ഇറങ്ങും.