സൂറിച്ച്/ബ്രസൽസ്: കൊറോണ വൈറസ് ഭീഷണിയിൽ ലോക രാജ്യങ്ങൾ നട്ടംതിരിയുന്പോൾ അംഗരാജ്യങ്ങൾക്കെതിരേ ഭീഷണിയുമായി യുവേഫ. ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളും ലോക്ക് ഡൗണ് ആയതിനിടെ കായിക ലോകത്തെ മത്സരങ്ങളും സ്തംഭിച്ചിരിക്കുന്നതിനിടെയാണ് യുവേഫ അംഗരാജ്യങ്ങളെ ഭീഷണിപ്പെടുത്തിയിരിക്കുന്നത്.
തങ്ങളുടെ അനുമതിയില്ലാതെ ദേശീയ ഫുട്ബോൾ ലീഗ് സീസണുകൾ നിർത്തിയാൽ അടുത്ത സീസണിലെ യൂറോപ്യൻ ടൂർണമെന്റുകളിൽ പങ്കെടുപ്പിക്കില്ലെന്നാണ് ഭീഷണി.
കൊറോണ വൈറസിനെത്തുടർന്ന് ഈ സീസണിലെ ലീഗ് ഫുട്ബോൾ മത്സരങ്ങൾ ബെൽജിയം അവസാനിപ്പിച്ചതാണ് യുവേഫയെ ചൊടിപ്പിച്ചത്. ബെൽജിയം ഈ സീസണ് അവസാനിപ്പിക്കുകയും ലീഗിൽ ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്ന ക്ലബ് ബ്രൂഗിയെ ചാന്പ്യന്മാരായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
ബെൽജിയത്തിന്റെ തീരുമാനം ഉചിതമായില്ലെന്നും രാജ്യത്തെ ടീമുകൾക്ക് ചാന്പ്യൻസ് ലീഗ്, യൂറോപ്പാ ലീഗ് മത്സരങ്ങളിൽ പങ്കെടുക്കാൻ കഴിയില്ലെന്നും യുവേഫ പ്രസിഡന്റ് അലക്സാണ്ടർ സെഫെറിൻ വ്യക്തമാക്കി.
യൂറോപ്പിൽ ക്ലബ് സീസണ് അവസാനിപ്പിച്ച ആദ്യ രാജ്യമാണ് ബെൽജിയം. അടുത്ത സീസണിൽ ബെൽജിയത്തിനെ യൂറോപ്യൻ മത്സരങ്ങളിൽനിന്ന് വിലക്ക് ഏർപ്പെടുത്തുമെന്നും സെഫെറിൻ സൂചിപ്പിച്ചു.
അതേസമയം, ചാന്പ്യൻസ് ലീഗ് 2019-2020 സീസണ് ഓഗസ്റ്റ് മൂന്നിനുള്ളിൽ അവസാനിപ്പിക്കണമെന്ന വാർത്ത അടിസ്ഥാന രഹിതമാണെന്നും യുവേഫ വ്യക്തമാക്കി. ഈ സീസണിലെ പ്രീക്വാർട്ടർ മത്സരങ്ങൾപോലും കഴിയുന്നതിനു മുന്പാണ് കൊറോണ വ്യാപനം ഉണ്ടായത്.
ബെൽജിയം ഇങ്ങനാണ് ഭായ്
ബെൽജിയം ഒന്നാം ഡിവിഷൻ ലീഗ് ഫുട്ബോളിൽ 30 മത്സരങ്ങളാണ് ഒരു ടീമിനുള്ളത്. 16 ടീമുകളാണ് ലീഗ് റൗണ്ടിൽ മത്സരിക്കുക. ലീഗ് റൗണ്ടിൽ ആദ്യ ആറ് സ്ഥാനങ്ങളിലെത്തുന്ന ടീമുകൾ ചാന്പ്യൻസ് ലീഗ്, യൂറോപ്പ ലീഗ് മത്സരങ്ങൾക്കായുള്ള പ്ലേ ഓഫ് കളിക്കും.
പ്ലേ ഓഫ് ടേബിളിൽ ഒന്നാം സ്ഥാനത്ത് എത്തുന്ന ടീമാണ് ചാന്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിനു യോഗ്യത നേടുക. രണ്ടാം സ്ഥാനക്കാർ ചാന്പ്യൻസ് ലീഗ് യോഗ്യതാ റൗണ്ടിനും മൂന്നാം സ്ഥാനക്കാർ യൂറോപ്പ ലീഗ് ഗ്രൂപ്പ് ഘട്ടത്തിനും യോഗ്യത നേടും.
ഈ സീസണ് ലീഗ് റൗണ്ടിൽ ഒരു മത്സരംമാത്രം ശേഷിക്കേയാണ് ബെൽജിയം സീസണ് അവസാനിപ്പിച്ച് ക്ലബ് ബ്രൂഗിയെ ചാന്പ്യന്മാരായി പ്രഖ്യാപിച്ചത്. രണ്ടാം സ്ഥാനത്തുള്ള ജെന്റിന് 55 പോയിന്റ് മാത്രമാണുള്ളത്.