കട്ടക്ക്: ഇന്ത്യ കിരീടം ചൂടിയ 2011 ലോകകപ്പിലെ ഗ്രൂപ്പ് മത്സരം കഴിഞ്ഞിട്ട് അഞ്ചു വര്‍ഷവും 10 മാസവും കഴിഞ്ഞു. ആ ദിവസമായിരുന്നു ഇന്ത്യയുടെ യുവരാജാവ് രാജ്യാന്തര ക്രിക്കറ്റില്‍ അവസാനമായി ഒരു സെഞ്ചുറി കുറിക്കുന്നത്. പിന്നീട് യുവ്രാജ് നേരിട്ടതു വേദനയുടെ നാളുകള്‍. ആരെയും ഭയപ്പെടുത്തുന്ന കാൻസർ രോഗത്തിൽനിന്നും മുക്തനായി തളരാത്ത പോരാട്ടവീര്യവുമായി കളിക്കളത്തില്‍ തിരിച്ചുവന്നെങ്കിലും ക്രീസിനെ അടക്കി ഭരിച്ചിരുന്ന ആ പഴയ യുവി മാജിക് അപ്രത്യക്ഷമായിരുന്നു. രഞ്ജി ട്രോഫിയിലെ മികച്ച പ്രകടനവുമായി ഇംഗ്ലണ്ടിനെതിരേയുള്ള ഏകദിന പരമ്പരയിലേക്ക് തിരിച്ചു വരുമ്പോള്‍ കടുത്ത യുവ്രാജ് ആരാധകര്‍ പോലും ഇത്തരമൊരു പ്രകടനം പ്രതീക്ഷിച്ചിരുന്നില്ല. വിരമിക്കാന്‍ സെലക്ടര്‍മാര്‍ അവസരം ഉണ്ടാക്കിക്കൊടുത്തു എന്ന വിശകലനത്തിന് യുവി രണ്ടാം ഏകദിനത്തിൽ ബാറ്റ് കൊണ്ട് മറുപടി പറഞ്ഞു.
ആറു വര്‍ഷങ്ങള്‍ക്കു ശേഷമൊരു രാജ്യാന്തര സെഞ്ചുറി. ഒരു ശതകം എന്നതിലുപരി മുന്നിന് 25 എന്ന നിലയില്‍ തകര്‍ച്ചയിലേക്കു കുപ്പുകുത്തുകയായിരുന്ന ഇന്ത്യയെ കളിയിലേക്കു മടക്കി കൊണ്ടു വരാന്‍ സാധിച്ചു എന്നതാണ് യുവിയുടെ കട്ടക്ക് ഇന്നിംഗ്സിന്റെ മഹത്വം. ഏകദിനത്തില്‍ 3000 റണ്‍സിലധികം കൂട്ടുകെട്ടുണ്ടാക്കിയ യുവ്രാജ് – ധോണി സഖ്യം 256 റണ്‍സിന്റെ കൂട്ടുകെട്ടു പടുത്തുയര്‍ത്തിയപ്പോള്‍ ഒരു സാധാരണ ക്രിക്കറ്റ് പ്രേമിക്കു ഗൃഹാതുര സ്മരണകളുണ്ടാവുക സ്വാഭാവികം.
ആ ബാറ്റില്‍നിന്ന് ഇനിയും പ്രതീക്ഷിക്കാം
കേവലം ഒരു സെഞ്ചുറിക്കപ്പുറം യുവിയുടെ ഇന്നിംഗ്സ് ഏറെ കാര്യങ്ങള്‍ ചിന്തിപ്പിക്കുന്നുണ്ട്. 127 പന്തുകള്‍ നീണ്ട മനോഹരമായ ആ ബാറ്റിംഗ് വിരുന്ന് യുവിയില്‍ നിന്ന് ഇന്ത്യന്‍ ക്രിക്കറ്റിന് ഇനിയും പ്രതീക്ഷിക്കാമെന്നുള്ള സൂചനയാണ്. 2004ല്‍ ഓസ്ട്രേലിയയ്ക്കെതിരേ നേടിയ 139 റണ്‍സ് എന്ന സ്വന്തം വ്യക്തിഗത ടോപ് സ്കോര്‍ 150 ആക്കി മാറ്റാനും യുവിക്കു സാധിച്ചു. 2011ലെ ലോകകപ്പിനും കട്ടക്കിലെ മത്സരത്തിനുമിടയില്‍ ഇന്ത്യന്‍ ജഴ്സിയില്‍ യുവിയുടെ സമ്പാദ്യം 20 ഇന്നിംഗ്സുകളില്‍ 21.82 ശരാശരിയില്‍ 371 റണ്‍സായിരുന്നു.
മൂന്ന് അര്‍ധസെഞ്ചുറികള്‍ മാത്രം പിറന്നപ്പോള്‍ ഇംഗ്ലണ്ടിനെതിരേ 2013 ജനുവരിയില്‍ നേടിയ 61 റണ്‍സായിരുന്നു മികച്ച സ്കോര്‍. മോശം ഫോമിനെത്തുടര്‍ന്ന് 2014ലെ ന്യൂസിലന്‍ഡ് പരമ്പരയ്ക്കുള്ള ടീമില്‍നിന്ന് യുവി പുറത്താക്കപ്പെട്ടു. പേസ് ബൗളിംഗിനെയും ബൗണ്‍സറുകളെയും നേരിടാനുള്ള യുവിയുടെ ബലഹീനത വീണ്ടും ചര്‍ച്ചകളായി. രണ്ടു വട്ടം ഇന്ത്യയുടെ ട്വന്റി- 20 ടീമിലേക്കു തിരിച്ചുവന്നെങ്കിലും അതും അവസാനിച്ചത് ദയനീയ പ്രകടനത്തിലാണ്. അതില്‍ ഏറ്റവും വിമര്‍ശിക്കപ്പെട്ടത് 2014 ട്വന്റി- 20 ലോകകപ്പിലെ ഇഴഞ്ഞു നീങ്ങിയ ഇന്നിംഗ്സായിരുന്നു. 2016 ട്വന്റി- 20 ലോകകപ്പിലും ടീമില്‍ ഇടം നേടിയെങ്കിലും കണങ്കാലിനേറ്റ പരിക്ക് യുവിക്കു തിരിച്ചടിയായി.
കട്ടക്കില്‍ നിറഞ്ഞാടിയത് പഴയ യുവി
മടങ്ങിവരവിലെ ഇംഗ്ലണ്ടിനെതിരേയുള്ള ആദ്യമത്സരത്തില്‍ 12 പന്തില്‍ 15 റണ്‍സായിരുന്നു യുവിയുടെ സമ്പാദ്യം. എങ്കിലും ആ ബാറ്റില്‍നിന്ന് പിറന്ന ബൗണ്ടറികള്‍ തന്റെ പ്രതിഭയ്ക്കു കോട്ടം തട്ടിയിട്ടില്ലെന്നു തെളിയിക്കുന്നതായിരുന്നു. രണ്ടാം മത്സരത്തില്‍ യുവി ക്രീസിലെത്തുന്നത് അഞ്ചാം ഓവറിലാണ്. നേരിട്ട ഒമ്പതാം പന്ത് സ്ക്വയര്‍ ലെഗിലൂടെയുള്ള സുന്ദരമായ ബൗണ്ടറി.
മൂന്നു പന്തുകള്‍ക്കു ശേഷം യുവിയുടെ പ്രതാപകാലത്തെ അനുസ്മരിപ്പിച്ചു പുള്‍ ചെയ്ത് സ്വതസിദ്ധമായ ശൈലിയില്‍ മറ്റൊരു ഫോര്‍. ആ നിമിഷം പഴയ യുവി ക്രീസില്‍ പുനര്‍ജനിക്കുകയായിരുന്നു. ആദ്യത്തെ 27 റണ്‍സില്‍ 24 ഉം യുവി നേടിയത് ബൗണ്ടറികളിലൂടെയായിരുന്നു. അര്‍ധശതകം പൂര്‍ത്തിയാക്കിയ ശേഷം ബെന്‍ സ്റ്റോക്സിനെ ലോംഗ് ഓഫിലൂടെ അതിര്‍ത്തി കടത്തി ആദ്യ സിക്സും യുവി നേടി. 98-ാം പന്തില്‍ യുവി തന്റെ കരിയറിലെ 14-ാം അര്‍ധ സെഞ്ചുറി സ്വന്തമാക്കി. 2013 ഡിസംബറില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരേ അവസാന ഏകദിന പരമ്പര കളിച്ച യുവി പുറത്താകുമ്പോള്‍ പേരില്‍ 150 റണ്‍സ് കുറിച്ചിരുന്നു.
യുവിയെ ഓര്‍ക്കുമ്പോള്‍ എന്തായിരിക്കും ഒരു ക്രിക്കറ്റ് ആരാധകന്റെ മനസില്‍ ആദ്യം ഓടിയെത്തുക? സ്റ്റുവര്‍ട്ട് ബ്രോഡിനെ ഓവറിലെ ആറു പന്തും അതിര്‍ത്തി കടത്തിയത്, നയ്റോബിയില്‍ ഗ്ലെന്‍ മക്ഗ്രാത്തിനെയും ബ്രെറ്റ് ലീയെയും ജേസണ്‍ ഗില്ലസ്പിയെയും തലങ്ങും വിലങ്ങും പായിച്ചത്, പോയിന്റിലെയും ഗള്ളിയിലെയും അത്ഭുത ക്യാച്ചുകള്‍, 2011 ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ വിജയ റണ്‍ കുറിച്ചത്… ഇങ്ങനെ പലതുമാകാം. എങ്കില്‍ ആ ചിത്രങ്ങളോട് ഒപ്പം ചേര്‍ത്തു വയ്ക്കാം കട്ടക്ക് ബാരാബതി സ്റ്റേഡിയത്തിലെ യുവി മാജിക്. അതെ, തിരിച്ചു വന്നിരിക്കുന്നു, ഇന്ത്യയുടെ യുവമഹാരാജ്.