മലയാള സിനിമയിലെ താരസംഘടനയായ അമ്മയില്‍ നിരവധി പ്രശ്നങ്ങള്‍ പുകയുന്നുണ്ടെന്ന് ആദ്യമായി പുറം ലോകത്തോട് വിളിച്ചു പറഞ്ഞ വ്യക്തിയാണ് സംവിധായകന് വിനയന്. എന്നാല്‍ സംഘടനയെ അപമാനിക്കാന്‍ ശ്രമിച്ചു എന്നതിന്റെ പേരില്‍ വിനയന് നിരവധി വിലക്കുകളും നേരിടേണ്ടി വന്നു.
എന്നാലിപ്പോഴിതാ വിനയന് പറഞ്ഞ പല കാര്യങ്ങളും സത്യമായിരുന്നു എന്നതിന് തെളിവാകുന്ന രീതിയിലുള്ള വാര്‍ത്തകള്‍ അമ്മയില്‍ നിന്നുതന്നെ പുറത്തു വന്നുകൊണ്ടിരിക്കുന്നു. ഡബ്ലുസിസിയിലൂടെയും സിദ്ദിഖിലൂടെയും ജഗദീഷിലൂടെയുമെല്ലാമാണത്. ഈ സാഹചര്യത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് വിനയന് വീണ്ടും.
വിനയന്റെ വാക്കുകളിങ്ങനെ…’വിതച്ചതേ കൊയ്യൂ എന്നതിന്റെ തെളിവാണ് ഇന്ന് താരസംഘടനക്കുള്ളില്‍ നടക്കുന്നത്.
എന്നെയും തിലകന് ചേട്ടനേയുമൊക്കെ ഒരുപാട് ദ്രോഹിച്ചിട്ടുണ്ട് ഈ സംഘടനയും സൂപ്പര്‍ താരങ്ങളും. അന്ന് ഞാന്‍ സംഘടനയിലെ പ്രശ്നങ്ങള്‍ പറഞ്ഞപ്പോള്‍ എന്നെ എല്ലാവരും ഒറ്റപ്പെടുത്തി. എനിക്ക് എന്തോ കുഴപ്പമുണ്ടെന്ന് പറഞ്ഞുപരത്തി. എന്റെ തൊഴില്‍ ചെയ്യാനുള്ള അവകാശം വരെ എടുത്തുമാറ്റി. എല്ലാവരേയും എന്നില്‍ നിന്നകറ്റി.- വിനയന് പറഞ്ഞു.
ഇപ്പോള്‍ അവര്‍ പറയുന്നു, ദിലീപിന് ജോലിചെയ്യാനുള്ള അവകാശമുണ്ടെന്ന്. അയാള്‍ സിനിമയില്‍ അഭിനയിക്കട്ടേ എന്ന്. അപ്പോള്‍ എനിക്കും തിലകന് ചേട്ടനുമൊന്നും തൊഴില്‍ ചെയ്യാന്‍ അവകാശമുണ്ടായിരുന്നില്ലേ? എത്രപേരെ അവര്‍ പ്രത്യക്ഷമായും പരോക്ഷമായും സിനിമയില്‍ നിന്ന് വിലക്കി. എത്രപേരെ ഇവര്‍ സിനിമയില്‍ നിന്നകറ്റി നിര്‍ത്തി. ഇല്ലായ്മ ചെയ്തു.
ഇപ്പോഴത്തെ സംഭവവികാസങ്ങളൊക്കെ കണ്ട് ഞാന്‍ സ്വയം ആനന്ദിക്കുകയാണ് വിനയന് പറഞ്ഞു. യാദവവംശത്തിലെ ശാപം പോലെ ഇവര്‍ പരസ്പരം തമ്മിത്തല്ലി നശിക്കുകയാണ്. ഇന്നലത്തെ സിദ്ദിഖിന്റെ വാര്‍ത്ത സമ്മേളനവും ഇന്ന് സിദ്ദിഖിനെ തള്ളിപ്പറഞ്ഞുകൊണ്ടുള്ള പ്രസ്താവനയുമെല്ലാം ശരിക്കും നാടകം കളിയല്ലേ? ജനങ്ങള്‍ക്ക് ഇതൊന്നും മനസിലാകില്ലെന്നാണോ ഇവരുടെ വിചാരം.
മോഹന്‍ലാല്‍ പ്രാപ്തിയുള്ള ആളാണ്. അയാള്‍ക്ക് ആരുടേയും മുഖം നോക്കേണ്ട കാര്യമില്ല, പ്രീതിപ്പെടുത്തുകയും വേണ്ട. അതുകൊണ്ട്തന്നെ മോഹന്‍ലാല്‍ വിചാരിച്ചാല്‍ പ്രശന്ങ്ങള്‍ പരിഹിക്കാനാകും. പക്ഷെ, അദ്ദേഹം അത് ചെയ്യുമോ എന്നാണ് ഇനി നോക്കിക്കാണേണ്ടത് വിനയന് പറഞ്ഞു. ഒരു ഓണ്‍ലൈന്‍ മാധ്യമത്തോടായിരുന്നു ആദ്ദേഹത്തിന്റെ പ്രതികരണം.